Published:12 August 2018
കൊച്ചി: സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാന്‍ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പൂർണപിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനം മികച്ച സാഹചര്യത്തെ നേരിടുന്നതെന്നും കേന്ദ്രത്തിന്റെ എല്ലാ വിധി പിന്തുണയും ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹം ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് എന്നിവരും രാജ്നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു.
കാലവര്‍ഷക്കെടുതി അതീവ ഗുരുതരമായതിനാല്‍ മാനദണ്ഡം നോക്കാതെ കേന്ദ്രസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രസംഘം എത്തിയപ്പോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് കണക്കാക്കിയ 822 കോടി രൂപയുടെ നഷ്ടം സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.
സന്ദര്‍ശനത്തിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോള്‍ഫ് ഹൗസില്‍ രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ജി. സുധാകരന്, വി.എസ്. സുനില്‍കുമാര്‍, എം.എം. മണി, മാത്യു ടി. തോമസ് എന്നിവര്‍ പങ്കെടുത്തു.
അതേസമയം, പ്രളയദുരന്തം നേരിടുന്ന കേരളത്തിന് എന്ത് സഹായം നല്‍കുന്നതിനും കേന്ദ്രം സന്നദ്ധമാണെന്നാണ് രാജ്നാഥ് സിംഗ് അറിയിച്ചത്. സംസ്ഥാനത്തെ സാഹചര്യം സൂക്ഷ്മമമായി നിരീക്ഷിക്കുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.