തിരുവനന്തപുരം: ഓരോ കുഞ്ഞുങ്ങളും വ്യത്യസ്തരാണെന്നും അവരുടെ കഴിവുകള്‍ തിരിച്ചറിയണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഉജ്വല ബാല്യം പുരസ്‌കാര വിതരണം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടികൾ വ്യത്യസ്തരാണ്. ഓരോരുത്തരുടെ ഉള്ളിലും പല കഴിവുകളുണ്ട്. അവ നമ്മൾ തിരിച്ചറിയണം. ബാല ഭിക്ഷാടനവും ബാലവേലയും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നിരവധി പരിപാടികള്‍ നടത്തിവരുന്നു.
രണ്ടും പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തില്‍ നിര്‍ത്താനാണ് സർക്കാർ പരിശ്രമിക്കുന്നത്. ബാലസൗഹൃദ കേരളമാണ് ലക്ഷ്യമിടുന്നത്. വീട്ടിലും യാത്രാവേളയിലും പൊതുയിടങ്ങളിലും കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കണം. കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വളര്‍ച്ചയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വനിത ശിശു വികസന വകുപ്പ് ഡയറക്റ്റർ ഹരിത വി. കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, ജോ. ഡയറക്റ്റര്‍ ശിവന്യ, എസ്‌സിപിഎസ് പ്രോഗ്രാം മാനെജര്‍ സോഫി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.