മാരിയോ എന്ന സുലൈമാൻ, ഭാര്യ ജിജി
file photo
ചാലക്കുടി: മാതൃകാ കുടുംബമായി സ്വയം അവരോധിക്കുകയും ദാമ്പത്യ സ്നേഹത്തെയും ഐക്യത്തെയും കുറിച്ച് മോട്ടിവേഷണൽ ക്ലാസുകളെടുത്തും ഫിലോകാലിയ എന്ന എന്ന ധ്യാന കൂട്ടായ്മ നടത്തിയും കേരളത്തിൽ പ്രശസ്തരായ ദമ്പതികൾ തമ്മിലടിച്ചു. ചാലക്കുടിയിലെ ഇവരുടെ വീട്ടിൽ വച്ചാണ് മാരിയോ എന്ന സുലൈമാൻ ഭാര്യ ജിജിയുടെ തലയ്ക്ക് ടി.വി സെറ്റ്-ടോപ്പ് ബോക്സ് എടുത്ത് അടിക്കുകയും കൈകൾ കടിച്ചു പറിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തത്. ഇതേത്തുടർന്നാണ് ജിജി ചാലക്കുടി പൊലീസിൽ മാരിയോയ്ക്കെതിരെ പരാതി നൽകിയത്.
മികച്ച ദാമ്പത്യ ജീവിതത്തിനായുള്ള ധ്യാനങ്ങളും കൗൺസിലിങ്ങുകളുമാണ് ജിജിയും മാരിയോയും നടത്തി വന്നിരുന്നത്. ഇങ്ങനെയാണ് ഇവർ പ്രശസ്തി നേടിയത്. ആക്രമണത്തിൽ ജിജി മാരിയോയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിനു മുമ്പേ ഭാര്യയുടെ 70,000 രൂപ വില വരുന്ന മൊബൈൽ ഫോണും ഇയാൾ തകർത്തു.
ബിഎൻഎസ്126(2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു മാസം തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകി. പരാതികൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. തൊഴിൽ തർക്കത്തെ തുടർന്ന് 9 മാസമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇരുവരും. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി മാരിയോ എന്ന സുലൈമാൻ കഴിഞ്ഞ 25 ന് ജിജിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അക്രമാസക്തനായതും ക്രൂരമായി ജിജിയെ മർദ്ദിച്ചവശയാക്കിയതും.
സംഭവ സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദൈവത്തോടു പ്രണയവും മനുഷ്യനോട് കരുണയും എന്ന മുദ്രാവാക്യവുമായാണ് ഇവർ കൗൺസിലിങ്ങും ധ്യാനവും നടത്തിയിരുന്നത്.ചെറുപ്പക്കാർക്കും ദമ്പതിമാർക്കുമിടയിലെ വിഷയങ്ങൾ പരിഹരിക്കുന്ന മികച്ച കൗൺസിലർമാർ എന്ന നിലയിൽ ക്രിസ്ത്യൻ ഗ്രൂപ്പുകളിലും ഇരുവരും സജീവമായിരുന്നു. മാരിയോ എന്ന സുലൈമാനെ കത്തോലിക്കാ സഭയിൽ കടന്നു കൂടിയ ട്രോജൻ കുതിര എന്നാണ് വിമർശകർ വിളിക്കുന്നത്.