അതുല്യയെ ഉപദ്രവിച്ചിട്ടുണ്ടെങ്കിലും മരണത്തിൽ പങ്കില്ലെന്ന് ഭർത്താവ് സതീഷ്
ഷാർജ: റോളയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന് ഭർത്താവ് സതീഷ്. ഭാര്യയുടെ മരണത്തിന് ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തണമെന്നും സതീഷ് ആവശ്യപ്പെട്ടു. അതുല്യ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവും സതീഷ് ഉന്നയിച്ചു. ഞായറാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് സതീഷ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മുറിയിലേക്ക് വരുമ്പോൾ അതുല്യ ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ അതേ ഫാനിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും അതുല്യയുടെ മരണകാരണം കണ്ടെത്തുന്നത് വരെ ജീവനൊടുക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് സതീഷിന്‍റെ ഭാഷ്യം. അതുല്യയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സതീഷിന്‍റെ കുറ്റസമ്മതം അതുല്യയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സതീഷ് സമ്മതിച്ചു. എന്നാൽ അത് കാരണം ഭാര്യ ജീവനൊടുക്കുമെന്ന് കരുതുന്നില്ല. എല്ലാ കുടുംബങ്ങളിലും ഉള്ള പ്രശ്നങ്ങൾ മാത്രമേ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു. എല്ലാ ദിവസവും മദ്യപിച്ച് ദേഹോപദ്രവം ഏൽപ്പിക്കാറില്ല.
അതുല്യ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രണ്ടാമതും ഗർഭിണിയായെങ്കിലും തന്‍റെ അനുവാദമില്ലാതെ നാട്ടിൽ പോയി ഗർഭഛിദ്രം നടത്തിയെന്ന അതി ഗുരുതരമായ ആരോപണവും സതീഷ് ഉന്നയിക്കുന്നു. അമ്മയുടെ ഒത്താശയോടെയാണ് ഭാര്യ ഇക്കാര്യം ചെയ്തതെന്നും ഇയാൾ കുറ്റപ്പെടുത്തി.കാരണം ചോദിച്ചപ്പോൾ രണ്ടാമത്തെ കുട്ടിയും പെണ്ണായാൽ തന്‍റെ ജീവിതം നശിച്ചുപോകുമെന്നും താൻ ഇപ്പോൾ തന്നെ പ്രമേഹ രോഗിയാണെന്നും അവൾ പറഞ്ഞു. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ അതുല്യ സമ്മതിച്ചിരുന്നില്ലെന്നും സതീഷ് ആരോപിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി എന്‍റെ അമ്മയെ ഫോണിൽ വിളിക്കാൻ പോലും അനുവദിച്ചിരുന്നില്ല. ശനിയാഴ്ച അതുല്യ ഷാർജ സഫാരി മാളിലെ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം അവിടെ ഞങ്ങളൊരുമിച്ചാണ് ഇന്‍റർവ്യൂവിന് പോയത് എന്നും ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചിരുന്നുവെന്നും സതീഷ് പറയുന്നു. എന്നാൽ അടുത്തിടെയായി മാറി താമസിക്കണമെന്ന ആഗ്രഹം അതുല്യ പറഞ്ഞിരുന്നതായി ഭർത്താവ് വെളിപ്പെടുത്തി.
സംഭവ ദിവസം അതുല്യയുടെ ജന്മദിനമായിരുന്നു. ആഘോഷം വേണ്ടെന്ന് വിലക്കി. രാത്രി ചെറുതായി മദ്യപിച്ച് ഭക്ഷണം കഴിച്ച് അജ്മാനിലെ സുഹൃത്തുക്കൾ പാർട്ടിക്ക് വിളിച്ചപ്പോൾ പോയതാണ്. ഇതിന് ശേഷം തന്നെ വിളിച്ചെങ്കിലും പുറത്ത് പോകുമ്പോൾ തുടർച്ചയായി വിളിക്കുന്ന ശീലമുള്ളതിനാൽ ഗൗനിച്ചില്ല. പിന്നീട് ബോട്ടിമിൽ വീഡിയോ കോൾ ചെയ്ത് ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കഴുത്തിൽ കുരുക്കിട്ട് തൂങ്ങിമരിക്കുന്നതുപോലെ കാണിച്ചു.
ഉടൻ തിരിച്ചെത്തിയപ്പോൾ ഫ്ലാറ്റിന്‍റെ വാതിൽ തുറന്നുകിടന്നിരുന്നു. ഫാനിൽ കുരുക്കിട്ട്, കാലുകൾ രണ്ടും തറയിൽ തൊടുന്ന രീതിയിലാണ് അതുല്യയെ കണ്ടത്. ഈ സാഹചര്യത്തിലാണ് മരണത്തിൽ ദുരൂഹത ഉന്നയിക്കുന്നതെന്നും സതീഷ് പറയുന്നു. ജുമൈറയിലെ കെട്ടിട നിർമാണ കമ്പനിയിൽ എൻജിനീയറാണ് സതീഷ്. ഇവരുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവർക്കൊപ്പം നാട്ടിലാണ് താമസിക്കുന്നത്.