പുടിന്‍റെ പ്രത്യേക ദൂതൻ കിരിൽ ദിമിത്രിയേവ്
getty images
മോസ്കോ: രണ്ടു റഷ്യൻ എണ്ണക്കമ്പനികൾക്ക് അമെരിക്ക ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിൽ നിലപാട് മയപ്പെടുത്തി റഷ്യ. യുഎസിന്‍റെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളുമായുള്ള സംഘർഷം പരിഹരിക്കുന്നതിനായുള്ള അന്തിമഘട്ട ചർച്ചകൾ നടക്കുകയാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ പ്രത്യേക ദൂതൻ കിരിൽ ദിമിത്രിയേവ് സിഎൻ എന്നിനു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.യുഎസ്-റഷ്യ ചർച്ചകൾ തുടരുകയാണെന്നും ചർച്ചകൾ ഉപേക്ഷിച്ചിട്ടില്ലെന്നും ദിമിത്രിയേവ് വ്യക്തമാക്കി.
സംഘർഷ പരിഹാരത്തിനായി റഷ്യയും അമെരിക്കയും യുക്രെയ്നും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ സജീവമാണ്. സംഘർഷം അവസാനിപ്പിക്കാനുള്ള നടപടികൾ യാഥാർഥ്യത്തിലേയ്ക്ക് അടുക്കുന്നു. യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയുടെ അതിർത്തി രേഖകളെ അടിസ്ഥാനമാക്കിയുള്ള സമവായം ചർച്ചയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്നതായും ദിമിത്രിയേവ് ചൂണ്ടിക്കാട്ടി. ട്രംപ്-പുടിൻ കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്നും അത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വച്ചതാണെന്നും ദിമിത്രിയേവ് വ്യക്തമാക്കി.