Ramayana month special
വനത്തിലേക്കു യാത്രയാരംഭിച്ച തേരിനെ പൗരജനങ്ങൾ പിന്തുടർന്നുകൊ ണ്ടിരുന്നു. തമസാ തീരത്ത് ആ സംഘമെത്തിയപ്പോൾ ഇരുൾ വീണിരുന്നു. അന്നവിടെത്തങ്ങി ഉദയച്ഛവി മെല്ലെ പരക്കവേ, അകമ്പടി ജനത്തെ ഒഴിവാക്കാൻ രാമാജ്ഞയാൽ സാരഥിയായ സുമന്ത്രർ തേര് വഴിതിരിച്ച് വടക്കുദിക്കിലേക്ക് ഓടിച്ചശേഷം തിരികെ വന്ന് ലക്ഷ്യത്തിലേക്ക് പ്രയാണം തുടർന്നു. തേരു കാണാൻ കഴിയാതെ ജനസഞ്ചയം അലമുറയിട്ടു കൊണ്ട് തിരികെ അയോധ്യയിലേക്കു മടങ്ങിപ്പോയി. കോസല അതിർത്തിയിലെത്തിയപ്പോൾ രാമൻ അയോധ്യാഭിമുഖമായി നിന്ന് തൊഴുകൈയ്യോടെ പ്രാർഥിച്ചു:
"കാകുൽസ്ഥന്മാരാൽ സംരംക്ഷിക്കപ്പെട്ടുപോരുന്ന അയോധ്യാ നഗരമേ, നമസ്ക്കാരം. അയോധ്യയെ പാലിക്കുന്ന ദേവതകളേ നമസ്ക്കാരം. പിതാവിന്റെ കടം വീട്ടി, ഞാൻ ഭവതിയെ വീണ്ടും വന്നുകാണാം'.
രാമലക്ഷ്മണന്മാരും സീതയും കോസലരാജ്യം പിന്നിട്ട് അഗസ്ത്യ മഹർഷിയുടെ ആശ്രമപ്രദേശമായ തെക്കൻദിക്കു നോക്കി സഞ്ചരിച്ച് വേദസ്തുതി, ഗോമതി എന്നീ നദീതീരത്തു കൂടി ത്രിപഥഗ എന്ന പേരുവഹിക്കുന്ന ഗംഗാതീരത്തെത്തി. ത്രിലോകങ്ങളെയും പാപമുക്തയാക്കിയ ഗംഗയുടെ തീരങ്ങളിലൊന്നാണ് ഈ സ്ഥലം. തുടർന്ന്, വേടരാജാവായ ഗുഹന്റെ അധീനതയിലുള്ള ശൃംഗരിവേരപുരത്തിലേക്ക് ആ സംഘമെത്തി. ശ്രീരാമന്റെ പരമഭക്തനാണ് ഈ നൈഷാദ രാജാവ്. സീതാലക്ഷ്മണ സമേതം രാമൻ വരുന്നു വിവരം അനുചരന്മാരിൽ നിന്നും അറിഞ്ഞ ഗുഹൻ അത്യന്തം സന്തോഷത്തോടെ അവരെ സ്വീകരിക്കാനെത്തി.
"പെട്ടെന്നെടുത്തെന്നെഴുന്നെൽപ്പിച്ചു വക്ഷസി
തുഷ്ട്യാ ദൃഢമണച്ചാശ്ലേഷവും ചെയ്തു'.
ആനന്ദപാരവശ്യത്തോടെ തന്റെ കാൽക്കൽ നമസ്കരിച്ച ഭക്തനെ രാമൻ മാറോടുചേർത്താശ്ലേഷിച്ചു, കടൽ ഒരു നദിയെ സ്വീകരിക്കുന്നതു പോലെ..!
"മന്ദഹാസം പൂണ്ടു മാധുര്യപൂർവകം
മന്ദേതരം കുശലപ്രശ്നവും ചെയ്തു'.
രാമന്റെ കാരുണ്യമോലുന്ന കടാക്ഷവും മധുരമായ ഭാഷണവും ഗുഹന്റെ അത്ഭുതാദരത്തോടെയുള്ള പെരുമാറ്റവും ഈ സമാഗമവേളയെ തേജോമയമാക്കുന്നു. കവി ഇവിടെ ശ്രദ്ധാപൂർവം വാക്കുകൾ പ്രയോഗിച്ച് അനുവാചകരിൽ ദൃശ്യപരത സമ്മാനിക്കുന്നു. ഗുഹനെ സംബന്ധിച്ച് ജീവിതത്തിൽ വേറെ എന്താണിനി വേണ്ടത്! ഇത് തന്റെ ഭാഗ്യമാണെന്ന് ഗുഹൻ തിരിച്ചറിയുന്നു. ഭക്തരെ സംബന്ധിച്ച് ഈ ഭാവം മനസിലായെങ്കിൽ അവരും തൃപ്തരാവും. ഈ വരികൾ ആത്മാർഥമായി മനനം ചെയ്യുന്ന ഭക്തന് ഉൾപ്പുളകം അനുഭവപ്പെടാതിരിക്കില്ല. ഭക്തരെ ഈ തലത്തിലേയ്ക്ക് ഉയർത്തുക എന്നതാണ് എഴുത്തച്ഛന്റെയും ഉദ്ദേശ്യമെന്നു വ്യക്തം.
"ധന്യനായേനടിയനിന്നുകേവലം
നിർണയം
നൈഷാദജന്മവും പാവനം'.
കുശലപ്രശ്നത്തിനു ശേഷം രാമനോട് ഗുഹൻ പറയുകയുകയാണ്:
"പ്രഭോ, ഇന്നാണ് എന്റെ ജന്മം സഫലമായത്. നിഷാദനായി ജനിച്ച എനിക്ക് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചല്ലോ'.
ഇവിടെ ശ്രദ്ധിക്കേണ്ടത് ഭക്തിക്കു മുന്നിൽ യാതൊരുവിധ വേർതിരിവുകളുമില്ല എന്നതാണ്. ജന്മം, കുലം, വേഷം ഒന്നും ഭക്തിപ്രഹർഷത്തിന് ബാധകമല്ല എന്നതിന്റെ പ്രകടിത രൂപമാണ് രാമഗുഹ സമാമഗം.
"എന്റെ അധീനതയിലുള്ള ഈ രാജ്യം അങ്ങയുടേതാണ്. ഒരു ഭക്തന്റെ അപേക്ഷയെക്കരുതി അങ്ങ് ഇത് സദയം സ്വീകരിക്കണം. നാഥനായ എന്നെയും രാജ്യവും അങ്ങയാൽ പരിപാലിക്കപ്പെടണം. എന്റെ എല്ലാം അടിയൻ ഭഗവാന് സമർപ്പിക്കുന്നു'.
ഇത്തരത്തിലുളള ഗുഹന്റെ അപേക്ഷ സ്നേഹപൂർവം ഭഗവാൻ നിരസിക്കുന്നു. തുടർന്ന് ഗുഹനോട് വടക്ഷീരവും ഭസ്മവും കൊണ്ടുവരാൻ ആവശ്യപ്പെടുകയും ഗുഹനത് നിവർത്തിക്കുകയും ചെയ്തു. രാമൻ അതുപയോഗിച്ച് ജടാമകുടമെല്ലാം ധരിച്ച് താപസവേഷം കൈക്കൊണ്ടു. ദർഭ, ഇല എന്നിവ കൊണ്ടുണ്ടാക്കിയ മെത്തയിൽ ഉപവാസനിഷ്ഠയോടെ സീതാസമേതം വിശ്രമിച്ചു. സീതാരാമന്മാർക്ക് കാവലായി ദു:ഖിതനായി നിന്ന ലക്ഷ്മണനോട് ഗുഹൻ പറയുകയാണ്:
"രാജകീയ തല്പത്തിലുറങ്ങേണ്ട രാജകുമാരനും പത്നിയും ഈ വൃക്ഷച്ചുവട്ടിൽ ശയിക്കുന്നതിന് കാരണം മന്ഥരയും കൈകേയിയുമാണ്. ഇതിനിടയാക്കിയ രണ്ടുപേരും ചെയ്തത് മഹാപാതകമാണ്'.
ഇതുകേട്ട് ലക്ഷ്മണൻ മറുപടി പറയുന്നു.
രാമാഭിഷേക വിഘ്നത്തിനു ശേഷം ക്ഷോഭിതനായ ലക്ഷ്മണനെയല്ല നമ്മളിവിടെ കാണുന്നത്. വിവേകിയായ ഒരു തത്വജ്ഞാനിയുടെ രൂപത്തിലാണ്. "ദുഃഖവും വിഷാദവുമെല്ലാം വെറുതെയാണ്. നമ്മുടെ ഈ ദേഹം പുണ്യപാപത്താൽ കൈവന്നതാണ്. അതു കഴിയുമ്പോൾ ശരീരം ജഡമാകുമെന്ന അറിവോടെ എല്ലാം അനുഭവിക്കുക. ഇരുളും വെളിച്ചവും മാറി മാറി വരുന്നതുപോലെ ദുഃഖാനന്തരം സുഖം, സുഖാനന്തരം ദുഃഖം എന്നിങ്ങനെയാണ് അതിന്റെ ഗതി. ദേവാസുരന്മാർക്കു പോലും തോൽവിയും ജയവും ഉണ്ടാകുന്നു'- ഇങ്ങനെയാണ് ലക്ഷ്മണൻ ഗുഹനെ സാന്ത്വനിപ്പിക്കുന്നത്.
ഇങ്ങനെയൊക്കെ സംസാരിച്ചുകൊണ്ടിരിക്കെ ഉദയമായി. നിത്യകർമാനുഷ്ഠാനങ്ങൾക്കു ശേഷം ഗംഗാനദി കടന്ന് അക്കരെ പോകുന്നതിന് തോണിയൊരുക്കണമെന്ന ശ്രീരാമാനുജ്ഞയാൽ ഗുഹൻ കൊണ്ടുവന്ന തോണിയിൽ രാമൻ സീതാദേവിയോടൊപ്പം കയറി. ഗുഹന്റെ ആഗ്രഹപ്രകാരം തോണി തുഴയാൻ അനുവാദവും നൽകി. ആയുധങ്ങളെല്ലാമെടുത്ത് ലക്ഷ്മണനും തോണിയിൽ കയറി.
ഇവിടെ രാമൻ സീതയെ ആദ്യം തോണിയിൽ കയറ്റി. അതിനുശേഷം ഗുഹന്റെ കൈപിടിച്ച് രാമനും കയറുന്നു. പിന്നീടാണ് ലക്ഷ്മണൻ കയറുന്നത്. വനവാസ കാലത്ത് സീതയ്ക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകത ലക്ഷ്മണന് തിരിച്ചറിയാനെന്ന പോലെ. ഗുഹൻ നദിയിലൂടെ തോണി മുന്നോട്ടു നയിച്ചു. സീത ഗംഗാദേവിയെ വണങ്ങി പ്രാർഥിച്ചു.
തോണി അക്കരെയെത്തി മൂന്നുപേരും ഇറങ്ങിയപ്പോൾ ഗുഹനും അവരോടൊപ്പം വരണമെന്ന് വാശി പിടിച്ചുവെങ്കിലും സത്യവിരോധം ചെയ്യാനാവില്ല എന്നു പറഞ്ഞ് അനുനയിപ്പിച്ച് അദ്ദേഹത്തെ തിരിച്ചയച്ചു. ഇവിടെയും നമ്മൾ കാണുന്നത് വേർപാടാണ്. എത്ര ദൃഢമായ ബന്ധമാണെങ്കിലും വേർപാടുകൾ അവശ്യമായി വരുമെന്ന തിരിച്ചറിവിലേക്കാണ് ഗുഹവൃത്താന്തത്തിലൂടെ യാത്ര ചെയ്യുമ്പോൾ നമ്മൾ തിരിച്ചറിയേണ്ടത്.
( തുടരും )