2025 അത്ര പോരാ...! ശത കോടീശ്വരന്മാര്‍ക്ക് പറയാൻ നഷ്ടക്കണക്ക് മാത്രം

MV Desk

പുതുവര്‍ഷം പിറന്നിട്ട് രണ്ട് മാസം പിന്നിട്ടതേയുള്ളൂ. പക്ഷേ, ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ക്ക് ഈ രണ്ട് മാസത്തിനിടെ നഷ്ടം കോടികളാണ്. ഓഹരി വിപണി അസ്ഥിരമായതിനെത്തുടര്‍ന്ന് 2025ല്‍ മാത്രം മുകേഷ് അംബാനി, ഗൗതം അദാനി, ശിവ് നാടാര്‍, അസിം പ്രേംജി, ഷപൂര്‍ മിസ്ത്രി തുടങ്ങിയ ഇന്ത്യയിലെ ധനികരായ ഏഴ് പേര്‍ക്ക് സംഭവിച്ച നഷ്ടം 34 ബില്യണ്‍ ഡോളര്‍.

ഗൗതം അദാനി

ഇന്ത്യയിലെ അതിസമ്പന്നരിൽ, ഏറ്റവുമധികം നഷ്ടം നേരിട്ടത് ഗൗതം അദാനിക്കാണ്- ഈ വര്‍ഷം ഇതുവരെ 10.1 ബില്യണ്‍ ഡോളർ! അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരി വില 2025ല്‍ മാത്രം 12 ശതമാനമാണ് ഇടിഞ്ഞത്. അദാനി ഗ്രൂപ്പിന്‍റെ അദാനി ഗ്രീന്‍ എനര്‍ജി ഓഹരിമൂല്യം 22 ശതമാനവും ഇടിഞ്ഞു. അദാനി ടോട്ടല്‍ ഗ്യാസ് 21.26 ശതമാനവും ഇടിഞ്ഞു.

മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിക്ക് ഈ വര്‍ഷം 3.13 ബില്യണ്‍ ഡോളറാണു നഷ്ടമായത്. എന്നിരുന്നാലും 87.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുന്നു. റിലയന്‍സ് ഗ്രൂപ്പിന്‍റെ ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം ഇതുവരെയായി 2.54 ശതമാനം മുന്നേറി. എന്നാല്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് 28.7 ശതമാനം ഇടിഞ്ഞു.

ശിവ് നാടാര്‍

എച്ച്സിഎല്‍ ടെക്നോളജീസിന്‍റെ ചെയര്‍മാനായ ശിവ് നാടാരുടെ ആസ്തിയില്‍ 7.13 ബില്യണ്‍ ഡോളറിന്‍റെ ഇടിവ് രേഖപ്പെടുത്തി. നിലവില്‍ അദ്ദേഹത്തിന്‍റെ ആസ്തി 36 ബില്യണ്‍ ഡോളറാണ്.

അസിം പ്രേംജി

വിപ്രോയുടെ അസിം പ്രേംജിയുടെ ആസ്തി മൂല്യത്തില്‍ ഈ വര്‍ഷം 2.70 ബില്യണ്‍ ഡോളറിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവില്‍ അദ്ദേഹത്തിന്‍റെ ആസ്തി 28.2 ബില്യണ്‍ ഡോളറാണ്.

ഷപൂര്‍ മിസ്ത്രി

എൻജിനീയറിങ്, നിര്‍മാണ രംഗത്തെ ഭീമനായ ഷപൂര്‍ജി പല്ലോൻജി ഗ്രൂപ്പിന്‍റെ നായകനായ ഷപൂര്‍ മിസ്ത്രിക്ക് 4.52 ബില്യണ്‍ ഡോളറിന്‍റെ ഇടിവാണ് സംഭവിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആസ്തി 34.1 ബില്യണ്‍ ഡോളറാണ്.

സാവിത്രി ജിന്‍ഡാല്‍

ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്‍റെ എമെറിറ്റസ് ചെയര്‍പേഴ്സണ്‍ സാവിത്രി ജിന്‍ഡാലിന് 2.22 ബില്യണ്‍ ഡോളര്‍ നഷ്ടമായി. ഇതോടെ അവരുടെ ആസ്തി 30.1 ബില്യണ്‍ ഡോളറായി ചുരുങ്ങി.

ദിലീപ് ഷാങ്‌വി

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിലെ ദിലീപ് ഷാങ്വിയുടെ ആസ്തി 4.21 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 25.3 ബില്യണ്‍ ഡോളറിലെത്തി.

മൂക്ക് കുത്തിയവരില്‍ ടെസ്‌ലയും ആമസോണും

ഓഹരിവിപണിയിലെ മാന്ദ്യത്തിന്‍റെ ആഘാതം ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും പ്രതിഫലിച്ചു. ഈ വര്‍ഷം ടെസ്ലയുടെ ഓഹരികളില്‍ 39% ഇടിവുണ്ടായതിനെ തുര്‍ന്നു ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ ഇലോണ്‍ മസ്‌കിന് 126 ബില്യണ്‍ ഡോളറിന്‍റെ നഷ്ടം സംഭവിച്ചു. ആമസോണിന്‍റെ ജെഫ് ബെസോസിന് 21.2 ബില്യണ്‍ ഡോളറും മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 6.61 ബില്യണ്‍ ഡോളറും 2025ല്‍ ഇതുവരെ നഷ്ടമായി.