MV Desk
മത്സര പരീക്ഷകളുടെയും പൊതു പരീക്ഷകളുടെയും കാലമാണല്ലോ.. പരീക്ഷയ്ക്കു മുൻപേ വിചാരിച്ചത്രയും പഠിച്ചു തീരില്ലെന്ന് ഭയം തോന്നുന്നുണ്ടെങ്കിൽ ഈ മാർഗങ്ങൾ പരീക്ഷിക്കാം.
പ്ലാനിങ്
പഠനം ആരംഭിക്കുന്നതിനു മുൻപു തന്നെ എന്താണ് പഠിക്കേണ്ടതെന്ന് മുൻകൂട്ടി തീരുമാനിച്ചിരിക്കണം. ആദ്യമേ 5 മിനിറ്റ് എടുത്ത് എന്താണ് പഠിക്കേണ്ടതെന്ന് ധാരണയുണ്ടാക്കി എഴുതി വയ്ക്കുക. ഒരിക്കലും വെറുതേ വായിക്കാനായി സമയം കളയാതിരിക്കുക.
25 മിനിറ്റ് ഫോക്കസ് റൂൾ
25 മിനിറ്റ് പഠിച്ചതിനു ശേഷം നിർബന്ധമായും അഞ്ച് മിനിറ്റ് ഇടവേളയെടുക്കുക. അതു നിങ്ങളുടെ തലച്ചോറിനെയും മനസിനെയും കൂടുതൽ ഊർജസ്വലമാക്കും.
വെറുതേ വായിക്കരുത്
റിവിഷൻ വളരെ പ്രാധാന്യമേറിയ പ്രക്രിയയാണ്. കഴിഞ്ഞ പാഠഭാഗങ്ങൾ റിവിഷനെന്ന പേരിൽ വെറുതേ വായിക്കുന്നത് ഗുണം ചെയ്യില്ല. പകരം പുസ്തകത്തിൽ നോക്കാതെ തന്നെ പഠിച്ചതെല്ലാം ഓർമിച്ചെടുക്കാൻ ശ്രമിക്കുക. പുസ്തകം അടച്ചു വച്ച ശേഷം മുൻപു പഠിച്ചത് മനപ്പാഠമായി എഴുതിയോ പറഞ്ഞോ ഉറപ്പിക്കാം.
7 ദിവസത്തിനകം റിവിഷൻ
ഒരു അധ്യായം അല്ലെങ്കിൽ പഠനഭാഗം പഠിച്ച് പൂർത്തിയാക്കിയാൽ ഒരു ദിവസത്തിനു ശേഷവും മൂന്നു ദിവസത്തിനു ശേഷവും റിവിഷൻ നടത്താവുന്നതാണ്. 7 ദിവസത്തിൽ കൂടുതൽ റിവിഷനു വേണ്ടി കാത്തിരിക്കാതിരിക്കുക. സമയം പോകും തോറും പഠനഭാഗം മറന്നു പോകാൻ ഇടയുണ്ട്.
ശ്രദ്ധ കളയുന്നതെന്തെന്ന് കണ്ടെത്തുക
പഠനത്തിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നവ എന്താണെന്ന് സ്വയം തിരിച്ചറിയുക. ഫോണുകൾ അകറ്റി വയ്ക്കുക, നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്യുക. ഫോക്കസ് ചെയ്ത് വെറും ഒരു മണിക്കൂർ കൊണ്ട് നിങ്ങൾക്ക് പൂർത്തിയാക്കാവുന്ന പഠനം ശ്രദ്ധ നഷ്ടപ്പെടുന്നതിലൂടെ മൂന്നു മണിക്കൂർ വരെ നീണ്ടു പോയേക്കാം.