Entertainment Desk
രണ്ടുപതിപ്പുകളിലായി പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ് ആട് എന്ന സിനിമയിലെ കഥാപാത്രങ്ങൾ. ഷാജി പാപ്പനും ഡ്യൂഡും അറക്കൽ അബുവും സാത്താൻ സേവ്യറും സർബത്ത് ഷബീറും ക്യാപ്റ്റൻ ക്ലീറ്റസും പി.പി. ശശിയുമൊക്കെ വീണ്ടുമെത്തുകയാണ്, ആട് 3യിലൂടെ.
ഈ ഏഴു കഥപാത്രങ്ങളെ പ്രേക്ഷകർ മുമ്പ് കണ്ട അതേ രൂപത്തിലും വേഷവിധാനത്തിലും തന്നെയാണ് മൂന്നാം ഭാഗത്തിലും എത്തിക്കുന്നത്.
ഇവരുടെ വ്യത്യസ്ത രൂപഭാവങ്ങളിലുള്ള പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവന്നത് ഏറെ കൗതുകവും ആകാംക്ഷയും ഉണർത്തിയിരുന്നു. ഇതിനിടെയാണ് ഒറിജിനൽ ലുക്കിൽ പുതിയ പോസ്റ്റർ.
ജയസൂര്യ (ഷാജി പാപ്പൻ), വിനായകൻ (ഡ്യൂഡ്), സണ്ണി വെയ്ൻ (മ്പാത്താൻ സേവ്യർ) സൈജു കുറുപ്പ് (അറക്കൽ അബു), ഇന്ദ്രൻസ് (പി.പി. ശശി), ധർമജൻ ബോൾഗാട്ടി (ക്യാപ്റ്റൻ ക്ലീറ്റസ്), വിജയ് ബാബു (സർബത്ത് ഷബീർ) എന്നിവരാണ് പുതിയ പോസ്റ്ററിൽ.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ നിർമിക്കുന്ന ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ആട് 3 വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെ നൂറ്റിമുപ്പതോളം ദിവസം നീണ്ട ചിത്രീകരണത്തോടെയാണ് പൂർത്തിയായിരിക്കുന്നത്.
അജു വർഗീസ്, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധി കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണി രാജൻ പി. ദേവ്, സ്രിന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കേറ്റ് ലാറ എന്ന കഥാപാത്രമായി ഹോളിവുഡ് നടി അലിയ ബോൺ എത്തുന്നു.