ശൈത്യകാലം ഇങ്ങെത്തിയില്ലേ... ആരോഗ്യകരമായ ഭക്ഷണങ്ങളായാലോ?

MV Desk

ശൈത്യകാലം ഇങ്ങെത്തിക്കഴിഞ്ഞു. ചൂടുള്ളതും ആശ്വാസകരവുമായ ഭക്ഷണങ്ങളോടുള്ള അഭിരുചി കൂടും. തണുത്ത കാലാവസ്ഥയിൽ അത്താഴത്തിനായി ശരിയായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ആരോഗ്യകരമായ അത്താഴ തെരഞ്ഞെടുപ്പുകൾ ശരീരഭാരം നിലനിർത്താനും മന്ദത ഒഴിവാക്കാനും മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും. ശൈത്യകാല ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

പയർ വർഗങ്ങൾ...

പരിപ്പ്, കടല തുടങ്ങിയ പയർവർഗങ്ങളിൽ സസ്യ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വയറു നിറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും കുടലിന്‍റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. മത്രമല്ല റാഗി പോലുള്ള ചെറു ധാന്യങ്ങൾ അത്താഴത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

പച്ചക്കറികൾ

പച്ചക്കറികൾ വിറ്റാമിൻ സി, അയൺ എന്നിവ ധാരളം അടങ്ങിയതാണ്. ശൈത്യകാലത്ത് ലഭ്യമായ സീസണൽ പച്ചകറികൾ പോഷക ഗുണങ്ങളേറെയുള്ളതാണ്. കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

റൂട്ട് പച്ചക്കറികൾ

മണ്ണിനടിയിൽ നിന്ന് ലഭിക്കുന്ന ക്യാരറ്റ്, ബീറ്റ് റൂട്ട്, ഉരളക്കിഴങ്ങ്, മധുരക്കിഴങ്ങ് പോലുള്ളവ കാർബോഹൈഡ്രേറ്റുകളും സൂക്ഷ്മ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത് ഇവ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

നെയ്യ്

നെയ്യ്ക്ക് ശരീരത്തിലെ ചൂട് വർധിപ്പിക്കാൻ കഴിയും.സാന്ദ്രീകൃത കലോറി അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളെ ആഗീരണം ചെയ്യുകയും ദഹന പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു.

ചൂടുള്ള സൂപ്പ്/രസം

അത്താഴത്തിൽ സൂപ്പ്, രസം എന്നിവ ഉൾപ്പെടുത്തുന്നത് വളരെ മികച്ചതാണ്. ദഹന പ്രക്രിയയ്ക്കും ജലാംശം വർധിപ്പിക്കാനും സഹായിക്കുന്നു. ശരീരത്തെ ചൂടാക്കി നിലനിർത്താനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു.‌