MV Desk
ഇറച്ചിക്കറിയുടെ രുചി കൂട്ടുന്നതിൽ പ്രധാന ഘടകം അതിലെ മസാലയാണ്. നന്നായി മാരിനേറ്റ് ചെയ്ത ഇറച്ചി കൊണ്ട് നല്ല രുചിയുള്ള വിഭവങ്ങൾ ഉണ്ടാക്കാം.
മാരിനേറ്റ് ചെയ്യുമ്പോൾ സാധാരണയായി കാണുന്ന ചില തെറ്റുകൾ ഉണ്ട്. അതു കൂടി ഒഴിവാക്കിയാൽ ഇറച്ചിക്കറിയുടെ രുചി ഇരട്ടിയാക്കും.
ഉപ്പ്
തുടക്കത്തിലേ ധാരാളം ഉപ്പ് ചേർക്കാതിരിക്കുക.നേരത്തേ നല്ല രീതിയിൽ ഉപ്പ് ചേർത്താൽ ഇറച്ചിയിലെ ജലാംശം നഷ്ടപ്പെട്ട് വരണ്ട അവസ്ഥയിലാകും. അതു കൊണ്ട് മിതമായ രീതിയിൽ ഉപ്പ് ചേർക്കുക. അതും പാചകം ചെയ്യാൻ തുടങ്ങുന്നതിനു അൽപം മുൻപ് മാത്രം ചേർത്താൽ അത്രയും നല്ലത്.
സമയം
ഇറച്ചിയിൽ മസാല പുരട്ടിയാൽ അതു നന്നായി പിടിക്കുന്നതിനായി അൽപം സമയം വേണം. മസാല പുരട്ടി ഉടൻ പാചകം ചെയ്താൽ രുചി കിട്ടില്ല. അതു കൊണ്ട് മാരിനേറ്റ് ചെയ്യാൻ ദീർഘമായ സമയം തന്നെ എടുക്കുക. അര മണിക്കൂർ മുതൽ 24 മണിക്കൂർ വരെ മാരിനേറ്റ് ചെയ്യുന്നതിനായി എടുക്കാം.
നന്നായി പുരട്ടുക
ഇറച്ചിയുടെ എല്ലാ ഭാഗത്തും മസാല എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ ഇറച്ചിയുടെ ചില ഭാഗത്തിന് രുചി കുറവായി തോന്നും. ഇറച്ചി വേവുന്നതിനും ബുദ്ധിമുട്ടുണ്ടാകും.
താപനില
മാരിനേറ്റ് ചെയ്ത ഇറച്ചി എപ്പോഴും റെഫ്രിജറേറ്ററിൽ സൂക്ഷിക്കുക. സാധാരണ താപനിലയിൽ സൂക്ഷിച്ചാൽ ബാക്റ്റീരിയ വ്യാപിക്കാൻ ഇടയുണ്ട്.