പ്രമേഹത്തെ അവഗണിച്ചാൽ കാഴ്ച നശിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

MV Desk

ഡയബറ്റിസ് ടൈപ്പ് 2 മൂലം കാഴ്ച നശിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി ഡോക്റ്റർമാർ പറയുന്നു. 1990 മുതലുള്ള കണക്കെടുത്താൽ ഡയബറ്റിസ് കാഴ്ചയെ ബാധിച്ചവരുടെ എണ്ണത്തിൽ 64 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.

ശരിയായ സമയത്ത് ചികിത്സ ലഭിക്കാത്തതാണ് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നത്. കൃത്യമായ ഇടവേളകളിൽ കണ്ണ് പരിശോധന നടത്തുക എന്നതാണ പ്രശ്ന പരിഹാരത്തിന് ഏറ്റവും ഉത്തമം.

പ്രമേഹം കണ്ണിനെ ബാധിക്കുന്നത് വളരെ നിശബ്ദമായായിരിക്കും. തുടക്കത്തിൽ തിരിച്ചറിയുന്ന വിധത്തിലുള്ള ലക്ഷണങ്ങൾ ഒന്നും ഉണ്ടായെന്നു വരില്ല. കാഴ്ചയെ കാര്യമായി ബാധിച്ചു കഴിയുമ്പോഴാണ് രോഗിക്ക് ഇക്കാര്യം തിരിച്ചറിയാൻ ആകുക.

രക്തത്തിൽ ഉയർന്ന തോതിലുള്ള പഞ്ചസാര കണ്ണിലെ നേർത്ത രക്തക്കുഴലുകളെ സമ്മർദത്തിലാക്കും. ഇതു ദീർഘകാലം തുടർന്നാൽ രക്തക്കുഴലുകൾ നീരു വന്ന് വീർക്കാനും പൊട്ടാനും ഇടയുണ്ട്.

ദീർഘകാലമായി പ്രമേഹം ഉള്ളവരുടെ കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്.

കാഴ്ചയിൽ ചെറിയ മങ്ങൽ, ഫ്ലോട്ടിങ്, രാത്രിയിൽ കാഴ്ച ശക്തി കുറയുന്നത് എന്നിവയെല്ലാം സാധാരണയായി കൂടുതൽ പേരും അവഗണിക്കുകയാണ് പതിവ്. ഇത്തരം സാഹചര്യങ്ങൾ ഗൗരവത്തിലെടുത്ത് ചികിത്സ തേടുക.

റെറ്റിനൽ ഡിറ്റാച്മെന്‍റ്, വിട്രിയസ് ഹെമറേജ്, ഗ്ലൂക്കോമ, റെറ്റിനയിലേക്കുള്ള രക്തമൊഴുക്ക് കുറയുന്നതു മൂലം കാഴ്ച മങ്ങുന്ന മസ്കുലാർ ഇസ്കെമിയ എന്നിവയെല്ലാം പ്രമേഹത്തിന്‍റെ ബാക്കിപത്രങ്ങളാണ്. പലപ്പോഴും പൂർണമായ അന്ധത വരെ പ്രമേഹം മൂലമുണ്ടാകാം.