അച്ചാറും പിക്കിളും രണ്ടാണോ? പ്രധാന വ്യത്യാസങ്ങളറിയാം

MV Desk

അച്ചാറിന്‍റെ ഇംഗ്ലീഷ് പേരാണ് പിക്കിൾ എന്നാണോ കരുതിയിരിക്കുന്നത്. എങ്കിൽ അതിൽ ചില മാറ്റങ്ങളുണ്ട്.

ഭക്ഷണ വിഭവങ്ങൾ കുറേ കാലത്തേക്ക് സൂക്ഷിച്ചു വയ്ക്കുക എന്നതു തന്നെയാണ് അച്ചാറിന്‍റെയും പിക്കിളിന്‍റെയും ഉദ്ദേശം. പക്ഷേ രണ്ടും ഉണ്ടാക്കുന്നത് രണ്ടു വിധത്തിലാണെന്ന് മാത്രം. എല്ലാ അച്ചാറുകളും പിക്കിൾ ആണ്. പക്ഷേ എല്ലാ പിക്കിളും അച്ചാറല്ല എന്നു വേണമെങ്കിൽ പറയാം.

വെള്ളരിക്ക, സവാള എന്നിവയെല്ലാം കുറച്ച് ഉപ്പും മധുരവും ചെറിയ അളവിൽ സുഗന്ധദ്രവ്യങ്ങളും വിനാഗിരിയും ചേർത്ത് പാകപ്പെടുത്തുന്നവയാണ് പിക്കിളുകൾ. പെട്ടെന്ന് ശുദ്ധമായ വിനാഗിരി ഉപയോഗിച്ച് പ്രിസർവ് ചെയ്യുന്നുവെന്നതാണ് പ്രധാനം.

അച്ചാർ വിഭിന്നമാണ്. ഉലുവ, ജീരകം, മഞ്ഞൾപ്പൊടി, മുളകുപൊടി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ നിറയെ ഉപയോഗിച്ചാണ് അച്ചാർ ഉണ്ടാക്കുന്നത്. പ്രിസർവ് ചെയ്യുന്നതിനു വേണ്ടി പ്രധാനമായും ചേർക്കുന്നത് എണ്ണയാണ്.

പിക്കിളുകൾക്ക് പുളിപ്പോ മധുരമോ ആയിരിക്കും. സാൻഡ്‌വിച്ചുകൾ, ബർഗറുകൾ, ഫ്രൈ ചെയ്ത വിഭവങ്ങൾ എന്നിവയെ റിച്ച് ആക്കാൻ പിക്കിൾ ഉപയോഗിക്കാം.

എന്നാൽ അച്ചാറിൽ മസാലകളും എണ്ണകളും ചേർക്കുന്നതിനാൽ പൂർണമായും മറ്റൊരു രുചിയായിരിക്കും. ചിലപ്പോൾ കൈപ്പോ ചിലപ്പോൾ എരിവോ ആയിരിക്കാം രുചി. ഭക്ഷണമേശയിൽ അച്ചാർ ഉണ്ടെങ്കിൽ മറ്റെല്ലാ വിഭവങ്ങളും ചിലപ്പോൾ അപ്രസക്തമായിപ്പോകും.

പ്രധാന വ്യത്യാസമെന്തെന്നാൽ പിക്കിളിൽ കലോറി കുറവായിരിക്കും. അതു കൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണമാണ്. അതേ സമയം അച്ചാറിൽ കലോറി കൂടുതലാണ്. അതു കൊണ്ടു തന്നെ അത്ര ആരോഗ്യകരമല്ല.