ഒരു ചായ കുടിച്ചാലോ; പേരു കേട്ട ഇന്ത്യൻ ചായകൾ

MV Desk

പിങ്ക് ടീ (നൂൺ ചായ്)

കശ്മീരിന്‍റെ സ്വന്തം ചായ. ഗ്രീൻ ടീയിൽ അൽപ്പം ബേക്കിങ് സോഡയും പാലും ഇത്തിരി ഉപ്പും ചേർത്താണ് നൂൺ ചായയുണ്ടാക്കുന്നത്. നേർത്ത പിങ്ക് നിറവും ക്രീമിയുമായ ചായ പ്രദേശവാസികളുടെ പ്രിയപ്പെട്ട പാനീയമാണ്.

സുലൈമാനി

കട്ടൻചായയിൽ ഏലയ്ക്കയും ഗ്രാമ്പൂവും അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങളും അൽപ്പം നാരങ്ങാ നീരും ചേർത്തുണ്ടാക്കുന്ന സുലൈമാനി കേരളത്തിൽ, പ്രത്യേകിച്ച് മലബാർ മേഖലയിൽ ഫെയ്മസാണ്. ഭക്ഷണത്തിനു ശേഷം ദഹനത്തിനു വേണ്ടി സുലൈമാനി കുടിക്കുന്നത് ഒരു ശീലമാക്കി മാറ്റിയവരാണ് വടക്കൻ കേരളത്തിലുള്ളവർ.

ലാൽ ചായ് (രൊങ്ക് സാഹ്)

അസമിന്‍റെ സവിശേഷതയാണ് സ്ട്രോങ് ലാൽ ചായ്. സാധാരണായായി പാലില്ലാതെ കടുപ്പം കൂട്ടിയാണ് ലാൽ ചായ് ഉണ്ടാക്കുക. ഉന്മേഷത്തിന് അത്യുത്തമമാണ് ലാൽ ചായ്.

ലേബു ചായ്

കട്ടൻചായയിൽ നാരങ്ങാ നീരും ബ്ലാക്ക് സോൾട്ടും ചെറിയ അളവിൽ സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ലേബു ചായുണ്ടാക്കുന്നത്.

ഇറാനി ചായ

പേർഷ്യയിൽ നിന്നെത്തിയവരാണ് ഹൈദരാബാദിൽ ഇറാനി ചായ അവതരിപ്പിച്ചത്. കൊഴുപ്പുള്ള പാൽ ചേർത്ത് ക്രീമി ആയുണ്ടാക്കുന്ന ചായ ഒസ്മാനിയ ബിസ്കറ്റിനൊപ്പം മികച്ച കോമ്പിനേഷനാണ്.

ഡാർജീലിങ് ചായ

ചായകളിലെ ഷാംപെയ്ൻ എന്നാണ് ഡാർജീലിങ് ചായ അറിയപ്പെടുന്നത്. ഹിമാലയൻ താഴ്‌വരകളുടെ പ്രിയപ്പെട്ട ചായ.

നീൽഗിരി ചായ

തമിഴ്നാട് നീൽഗിരി മലനിരകളുടെ സ്പെഷ്യൽ ചായ. അധികം കടുപ്പമില്ലാതെ ചെറിയ ഫ്രൂട്ട് ഫ്ലേവറോടു കൂടിയ നേർത്ത സുഗന്ധമുള്ള ചായ ഒരിക്കലെങ്കിലും രുചിക്കേണ്ടതാണ്.

ബട്ടർ ചായ്

യാക് ബട്ടറും അൽപ്പം ഉപ്പും തേയിലയും ചേർത്തുണ്ടാക്കുന്ന ബട്ടർ ചായ് ഹിമാലയൻ മേഖലകളുടെ പ്രിയപ്പെട്ട ചായയാണ്. തണുത്ത അന്തരീക്ഷത്തിൽ ശരീരത്തിൽ ചൂട് നില നിൽത്താൻ കൊഴുപ്പോടു കൂടിയ ചായ സഹായിക്കും.

അഡ്രാക് ചായ

പാൽ ചേർത്ത ചായയിൽ അൽപ്പം ഇഞ്ചി നീര് കൂടി ചേർത്താണ് അഡ്രാക് ചായ ഉണ്ടാക്കുന്നത്.