ചൂടുകാലമാണ്, തോന്നും പോലെ വെള്ളം കുടിക്കരുത്; തെറ്റിദ്ധാരണകൾ അകറ്റാം

MV Desk

വേനൽക്കാലം കടുത്തു കൊണ്ടിരിക്കുകയാണ്. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടെന്നവ് ഉറപ്പാക്കണം. പക്ഷേ അതിനു വേണ്ടി തെറ്റായ ശീലകൾ പിന്തുടരരുത്.

ഒറ്റയടിക്ക് ധാരാളം വെള്ളം വേണ്ട

ഏതെങ്കിലും ഒരു സമയത്ത് വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യില്ല. ഓരോ മണിക്കൂർ ഇട വിട്ടും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എങ്കിൽ മാത്രമേ ശരീരത്തിന് ആവശ്യമായ ജലം വലിച്ചെടുക്കാൻ സാധിക്കൂ. അല്ലാത്ത പക്ഷം അപ്പാടെ മൂത്രമായോ വിയർപ്പായോ പുറത്തേക്കു പോകും.

പഴങ്ങൾ കഴിക്കുക

വെള്ളം കുടിക്കുന്നതിനൊപ്പം തന്നെ ധാരാളം ജലാംശമുള്ള പഴങ്ങളും കഴിക്കുക. തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് എന്നിവ കഴിക്കാം. അതു വഴി ശരീരത്തിനാവശ്യമായ പോഷകങ്ങളും ലഭിക്കും.

മദ്യം, ചായ, കാപ്പി ഒഴിവാക്കുക

ചൂടു കുറയ്ക്കാനെന്ന മട്ടിൽ ഒരിക്കലും ബിയർ ഉൾപ്പെടെയുള്ളവ കുടിക്കാതിരിക്കുക. ശരീരത്തിലെ ജലാംശം നഷ്ടമാകാൻ മദ്യപാനം കാരണാകും. ചായ, കാപ്പി എന്നിവയും ജലാംശം നഷ്ടപ്പെടുത്തും.

എസി യിലാണെങ്കിലും ജലാംശം നഷ്ടപ്പെടും

എയർകണ്ടീഷൻഡ് മുറിക്കുള്ളിൽ ശാരീരികാ‌ധ്വാനമില്ലാതെ ജോലി ചെയ്യുകയാണെങ്കിലും ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. അതു കൊണ്ട് സമയാസമയം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

സമയക്രമം പാലിക്കുക

വെള്ളം കുടിക്കുന്ന സമയവും പ്രധാനമാണ്. അതിരാവിലെ മുതൽ വെള്ളം കുടിക്കുന്നതാണ് ഉത്തമം. ചൂട് കൂടിയ ശേഷം മാത്രം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ല.

ആഹാരത്തിൽ ശ്രദ്ധിക്കുക

കൊഴുപ്പു കൂടിയതും വറുത്തതും പൊരിച്ചതുമായ മസാലകൾ ചേർന്ന ഹെവി ഭക്ഷണം കഴിച്ചാൽ ആന്തരികാവയങ്ങൾ ചൂടു പിടിക്കുകയും ജലാംശം നഷ്ടപ്പെട്ടു പോകുകയും ചെയ്യും. പകരം ലൈറ്റ് ആയുള്ള ഭക്ഷണം കഴിച്ചാൽ നിർജലീകരണം ഒഴിവാക്കാം.

തണുത്ത വെള്ളം കുടിക്കാതിരിക്കുക

കടുത്ത ചൂടിൽ നിന്ന് കയറി വന്ന ഉടൻ തണുപ്പിച്ച വെള്ളം കുടിക്കാതിരിക്കുക. അത് ദഹനത്തെ ഉൾപ്പെടെ ബാധിക്കും. നിങ്ങളുടെ ശരീരം പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടതിനു ശേഷം മാത്രം വെള്ളം കുടിക്കുക.

ഫാസ്റ്റിങ് വേണ്ട

ചൂടുകാലത്ത് ഭക്ഷണെ ഒഴിവാക്കുന്നതും ദീർഘസമയം ഭക്ഷണം കഴിക്കാതിരിക്കുന്നതും നേരം തെറ്റി ഭക്ഷണം കഴിക്കുന്നതും നിർജലീകരണം ഉണ്ടാക്കും.