UAE Correspondent
റോയ് റാഫേൽ
യുഎഇയിൽ വേനൽക്കാലം എത്തുന്ന സാഹചര്യത്തിൽ ദുബായിലെ അഞ്ച് ജനപ്രിയ വിനോദ കേന്ദ്രങ്ങൾ താത്കാലികമായി അടച്ചിടുന്നു. അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും വേണ്ടിയാണ് ഇവയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കുന്നത്.
ദുബായ് സന്ദർശിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ദുബായ് ഫൗണ്ടൻ ഏപ്രിൽ 19ന് പ്രവർത്തനം അവസാനിപ്പിച്ചു. വിപുലമായ നവീകരണത്തിനു വേണ്ടിയാണ് ഫൗണ്ടൻ അടച്ചുപൂട്ടിയത്. നൃത്തസംവിധാനം, ലൈറ്റിങ്, ശബ്ദം എന്നിവ മെച്ചപ്പെടുത്തി ഒക്റ്റോബറോടെ ജലധാര പൂർണമായും പ്രവർത്തനക്ഷമമാക്കാനാണ് ദുബായ് മാൾ മാനേജ്‌മെന്‍റ് ലക്ഷ്യമിടുന്നത്.
പുതിയ ഉത്പന്നങ്ങൾ, പ്രാദേശിക ഫാഷൻ, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് പേരുകേട്ട പ്രിയപ്പെട്ട മാർക്കറ്റിന്‍റെ പ്രവർത്തനം മേയ് 11ന് താത്കാലികമായി അവസാനിക്കും. കൂടുതൽ പുതുമകളോടെ അടുത്ത സീസണിൽ മാർക്കറ്റ് വീണ്ടും തുറക്കും.
ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്‍റെ സീസൺ മേയ് 11ന് അവസാനിക്കും. വേനൽക്കാലം വിടപറഞ്ഞ ശേഷം മാത്രമേ ഇനി ആഗോള ഗ്രാമത്തിന്‍റെ കവാടങ്ങൾ തുറക്കൂ. ഏറ്റവും കൂടുതൽ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടക്കുന്ന വിനോദ കേന്ദ്രമാണിത്.
മിറക്കിൾ ഗാർഡനിലെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടി ബാക്കിയുണ്ട്. ജൂൺ 15ന് മിറക്കിൾ ഗാർഡൻ അടക്കും. അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങളാണ് ഈ ഇടവേളയിൽ നടത്തുന്നത്.
കുടുംബങ്ങളുടെയും കുട്ടികളുടെയും പ്രിയപ്പെട്ട വന്യജീവി കേന്ദ്രമായ ദുബായ് സഫാരി പാർക്ക് ജൂൺ 1 മുതൽ അടച്ചിടും. കടുത്ത വേനൽക്കാലത്ത് വിവിധ പ്രമേയങ്ങളിലുള്ള വന്യജീവി കേന്ദ്രങ്ങളിലെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ദുബായ് സഫാരി പാർക്ക് താത്കാലികമായി അടച്ചിടുന്നത്.