കറിയിൽ ഉപ്പു കൂടിയോ? കുറയ്ക്കാൻ വഴികളുണ്ട്

MV Desk

ഏറെ നേരമെടുത്ത് ഉണ്ടാക്കുന്ന കറിയിൽ ഉപ്പു കൂടിയാലോ? ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ കറിയിൽ അധികം ചേർത്ത ഉപ്പ് ഇല്ലാതാക്കാം.

ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച് കറിയിൽ ചേർത്താൽ ഉപ്പ് വലിച്ചെടുത്ത് കറി രുചികരമാക്കും.. ഉരുളക്കിഴങ്ങ് നുറുക്കി കറിയിലേക്കിട്ട് വേവിച്ചാലും അധികമുള്ള ഉപ്പ് നീക്കം ചെയ്യാം.

തൈരു ചേർത്തുള്ള കറികളിലാണ് ഉപ്പു കൂടിയതെങ്കിൽ അൽപ്പം അധികം തൈരു കൂടി ചേർത്താൽ ഉപ്പ് അധികമായത് അറിയില്ല.

കുതിർത്ത കശുവണ്ടിപ്പരിപ്പ് ഒരു സ്പൂൺ തൈരും ചേർത്ത് അരച്ചെടുത്ത ശേഷം കറിയിൽ ചേർക്കുന്നതും ഉപ്പിന്‍റെ അളവ് കുറയ്ക്കും.

നാളികേരപ്പാൽ ആവശ്യാനുസരണം ചേർത്തു കൊടുത്താലും കറിയിലെ ഉപ്പിന്‍റെ അളവ് നിയന്ത്രിക്കാം.

ചില കറികളിൽ പഞ്ചസാര ചേർക്കുന്നതും ഉപ്പു കുറയ്ക്കാൻ സഹായിക്കും. എന്നാൽ എല്ലാ കറികളിലും ഈ മാർഗം ഗുണപ്രദമാകില്ല.

ഗോതമ്പു മാവ് കുഴച്ച് ചെറിയ ഉരുളകളാക്കി കറിയിലേക്ക് ഇടാം. കറി വേവുന്നതിനൊപ്പം ഉപ്പ് ഗോതമ്പ് മാവ് വലിച്ചെടുക്കും. കറി പാകമായ ശേഷം ഈ ഉരുളകൾ എടുത്തു മാറ്റാനും സാധിക്കും.

കഴുകി വൃത്തിയാക്കിയ ചിരട്ട , കറിയിൽ ഇട്ട് തിളപ്പിക്കുക. കറി പാകമാകുന്നതോടെ അധികം വന്ന ഉപ്പെല്ലാം ചിരട്ട വലിച്ചെടുത്തിരിക്കും. കറിക്ക് രുചിവ്യത്യാസവും ഉണ്ടാകില്ല.