വില 10,000 മുതൽ 40 ലക്ഷം വരെ; ലോകപ്രശസ്തമായ പട്ടുസാരികൾ

MV Desk

മുഗൾ സിൽക്ക് സാരി

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ സാരികളിൽ ഒന്നാണ് മുഗൾ സിൽക്ക് സാരി. അസമിൽ മാത്രം കണ്ടു വരുന്ന പട്ടുനൂൽ പുഴുക്കളാണ് ഈ നൂൽ നൽകുന്നത്. ഈ പുഴുക്കൾക്ക് പ്രത്യേക തരം ഇല മാത്രമാണ് ഭക്ഷണമായി നൽകുക. അസമിന്‍റെ മാത്രം പ്രത്യേകതയാണ് സ്വർണ നൂലിഴകൾ കൊണ്ടുള്ള മുഗൾ സാരീ.

സംബൽപുരി സാരി

പരമ്പരാഗതമായ രീതിയിൽ കൈകൾ കൊണ്ട് നെയ്തെടുക്കുന്ന പട്ടു സാരിയാണ് സംബൽപുരി സാരി. ഒഡീശയിൽ നിന്നുള്ള നെയ്ത്തുകാർ അതീവ ലോലമായ പട്ടിനൂലിഴകൾക്ക് നിറം നൽകി പ്രത്യേക രീതിയിലാണ് ഇവ നെയ്തെടുക്കുന്നത്. ഒരിക്കലും മങ്ങാത്ത നിറമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. അതു കൊണ്ടു തന്നെ ലക്ഷങ്ങൾ വില വരും ഈ സാരിക്ക്. ദിവസങ്ങളോളം എടുക്കും ഒരു സാരി പൂർത്തിയാക്കാൻ

പൈത്താനി സാരീ

പട്ടും ലോഹവും കൊണ്ടു നിർമിക്കുന്ന സാരിയാണ് മഹാരാഷ്ട്രയുടെ സ്വന്തം പൈതാനി സാരീ. പൂക്കൾ, ഇലകൾ, മണ്ണ് തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കളിൽ നിന്നുണ്ടാക്കുന്ന നിറമാണ് ഈ സാരികൾക്ക് നിറം നൽകാനായി ഉപയോഗിക്കുന്നത്. കൈകൾ കൊണ്ട് നെയ്തെടുക്കുന്ന സാരിയുടെ പല്ലുവിൽ നേർത്ത ഡിസൈനുകളും അതിനോടു ചേർന്നുള്ള മയിലിന്‍റെ ഡിസൈനും സാരിയുടെ പ്രൗഢി വർധിപ്പിക്കുന്നു. 5 ലക്ഷം വരെയാണ് ഇതിന്‍റെ വില.

കാഞ്ചീവരം സാരീ

സാരികളിലെ റാണിയാണ് കാഞ്ചീവരം സാരി. തമിഴ്നാട്ടിലെ കാഞ്ചീവരം മേഖലയിൽ പരമ്പരാഗത രീതിയിൽ നെയ്തെടുക്കുന്നവയാണ് ഈ സാരി. നെടുകെയും കുറുകെയുമുള്ള വരകൾ, ക്ഷേത്രങ്ങൾ, പൂക്കൾ എന്നിവയെല്ലാം സാരിയിൽ ഡിസൈനായി വരാറുണ്ട്. 10 ലക്ഷം വരെ വിലയുള്ള കാഞ്ചീവരം സാരികളുണ്ട്.

വിവാഹ് പട്ടുസാരി

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ സാരിയാണ് വിവാഹ് പട്ടുസാരി. 40 ലക്ഷം രൂപയാണ് വിവാഹ് പട്ടുസാരിയുടെ വില. ഏറ്റവും മികച്ച പട്ടുനൂൽ കൊണ്ടാണ് ഈ സാരി നെയ്യുന്നത്. സ്വർണ, വെള്ളി നിറങ്ങളിലുള്ല കസവാണ് നെയ്യാൻ ഉപയോഗിക്കുന്നത്. നവരത്നങ്ങൾ പതിച്ചിട്ടുമുണ്ട്.

ബനാറസ് സാരി

പ്രശസ്തി കൊണ്ടും ഭംഗി കൊണ്ടും ഏറെ മുന്നിലാണ് ഉത്തർപ്രദേശിൽ നിന്നുള്ള ബനാറസ് സാരി.വിലയേറിയ സ്വർണ നൂലുകൾ കൊണ്ടു നെയ്യുന്നതിനാൽ വൻ വിലയാണ് ബനാറസി സാരിക്ക്. കോറ, കടാരി, സാത്തിർ, ജോർജറ്റ് എന്നിങ്ങനെ മൂന്നു വെറൈറ്റികളാണ് ഉള്ളത്. ഒരു മാസമെടുത്താണ് നെയ്ത്തുകാർ ഒരു ബനാറസി സാരി നെയ്യുന്നത്.

പട്ടോല സിൽക്ക്

ഗുജറാത്തിൽ നിന്നുള്ള പട്ടോല സിൽക്കിന്‍റെ പ്രത്യേകത അതിന്‍റെ ജ്യാമിതീയമായ ഡിസൈനുകളാണ്. യഥാർഥ പട്ടു കൊണ്ട് ഉദിച്ച നിറങ്ങളിൽ തീർക്കുന്ന സാരി ഇന്ത്യൻ മണവാട്ടികളുടെ ഫേവറിറ്റ് ലിസ്റ്റിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്.

ബാലുചാരി സിൽക്ക്

പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ നിർമിക്കുന്ന ബാലുചാരി സാരികളും ഏറെ പ്രശസ്തമാണ്. പ്രത്യേക തരം പട്ടാണ് ഈ സാരിയിലെ കസവിനായി ഉപയോഗിക്കുന്നത്.