MV Desk
ആഘോഷങ്ങളിലും സങ്കടങ്ങളിലും സംഘർഷങ്ങളിലുമെല്ലാം മദ്യത്തെ കൂട്ടു പിടിക്കുന്നവർ ധാരാളമുണ്ട്. മദ്യം ആരോഗ്യത്തിന് ഹാനികരമാണ്. മദ്യപിച്ച ശേഷം ചില വിഭവങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ കുറച്ചു കൂടി മോശമാക്കും.
സ്നാക്സ്
മദ്യത്തിനൊപ്പം ടച്ചിങ്ങ്സ് എന്ന പേരിൽ വറുത്തതോ പൊരിച്ചതോ ആയ സ്നാക്സ് ഉപയോഗിക്കുന്നവർ ഏറെയാണ്. എന്നാൽ ഇത് ശരീരത്തിന് വലിയ ദോഷം ചെയ്യും. ദഹനപ്രക്രിയ സാവധാനത്തിലാകും. ഒരേ സമയം കൊഴുപ്പിനെയും മദ്യത്തെയും ഡിടോക്സിഫൈ ചെയ്യുന്നതിനായി കരളിന് കൂടുതൽ സമയം പ്രവർത്തിക്കേണ്ടതായി വരും.അസിഡിറ്റിയും നെഞ്ചെരിച്ചിലും സ്ട്രെസും കൂടും.
ചോക്കളേറ്റ്
മദ്യത്തിന്‍റെ സുഖകരമല്ലാത്ത രുചി ഇല്ലാതാക്കുന്നതിനായി ചോക്കളേറ്റ്, പേസ്ട്രീ, ഡെസേർട്സ് എന്നിവ കഴിക്കുന്നവരുണ്ട്. ഇതും ദോഷം ചെയ്യും. മദ്യത്തിൽ വലിയ തോതിൽ ഷുഗർ ഉണ്ട്. അതിനൊപ്പം മധുരപലഹാരങ്ങൾ കൂടിയാകുന്നതോടെ ഷുഗർ ലെവൽ പെട്ടെന്ന് വർധിക്കും. തളർച്ച, ക്ഷീണം, നിർജലീകരണം, ഛർദി എന്നിവയെല്ലാം ഉണ്ടാകാം.
ചായ, കാപ്പി
മദ്യപിച്ച ശേഷമുണ്ടാകുന്ന ക്ഷീണത്തിൽ നിന്ന് രക്ഷപ്പെടാനായി മദ്യത്തിനു പുറകേ ചായ, കാപ്പി എന്നിവ കുടിക്കുന്നവരും ഉണ്ട്. ഇത് നിർജലീകരണത്തെ ഇരട്ടിയാക്കും. ഉണർവുള്ളതായി തോന്നുന്നതിനാൽ കൂടുതൽ മദ്യപിക്കാനുള്ള സാധ്യതയുമുണ്ട്. ഇതു മൂലം ഉറക്കക്കുറവ് സാധാരണയായി മാറും.
അതേ സമയം മദ്യപിച്ചതിനു ശേഷം പച്ചവെള്ളമോ കരിക്കിൻ വെള്ളമോ കുടിക്കുന്നത് നിർജലീകരണത്തെ തടയും. ആപ്പിൾ, മുന്തിരി, വാഴപ്പഴം എന്നിവ കഴിക്കുന്നതും ഊർജം പ്രദാനം ചെയ്യും. ചെറു ചൂടുള്ള സൂപ്പ്, ചെറുതായി വേവിച്ചെടുത്ത പച്ചക്കറികൾ എന്നിവയും ആരോഗ്യത്തെ സംരക്ഷിക്കും.