MV Desk
ടെൻഷൻ വരുമ്പോഴും ചുമ്മാ ഇരിക്കുമ്പോഴുമെല്ലാം ഞൊട്ട പൊട്ടിക്കുന്നത് നമ്മളിൽ പലരുടെയും ശീലമാണ്. പക്ഷേ ഞൊട്ട പൊട്ടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാരണങ്ങൾ പരിശോധിക്കാം.
വിരലുകളിലെ അസ്ഥികളെയാണ് ഞൊട്ട പൊട്ടിക്കൽ ബാധിക്കുന്നതെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. യഥാർഥത്തിൽ സന്ധികളിലുള്ള ഫ്ലൂയിഡിലെ വാതകക്കുമിളകൾ മർദവ്യത്യാസം മൂലം പൊട്ടുമ്പോഴാണ് ശബ്ദമുണ്ടാകുന്നത്.
സന്ധികളിലുള്ള സിനോവിയൽ ഫ്ലൂയിഡിൽ ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് എന്നീ വാതകങ്ങളുമുണ്ട്. നിങ്ങൾ സന്ധികളെ വലിക്കുമ്പോഴോ അതിലേക്ക് മർദം കൊടുക്കുമ്പോഴോ വാതകക്കുമിളകൾ രൂപപ്പെടുകയും അവ പൊട്ടുകയും ചെയ്യുന്നു. അതാണ് ഞൊട്ട പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം.
ഒരു തവണ ഞൊട്ട പൊട്ടിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ അതേ സന്ധിയിൽ തന്നെ ഞൊട്ട പൊട്ടിക്കാൻ സാധിക്കാറില്ല. കാരണം ഫ്ലൂയിഡിലേക്ക് വാതകങ്ങൾ വീണ്ടും കൂടിച്ചേരാനായി ഏതാണ്ട് 20 മിനിറ്റ് വരെ എടുക്കും.
ചില തരത്തിലുള്ള മർദങ്ങൾ സന്ധിക്ക് ചുറ്റുമുള്ള ലിഗമെന്‍റുകളുടെ മുറുക്കം കൂട്ടും. അതു മൂലവും ശബ്ദമുണ്ടാകും. കണങ്കാലിലും മറ്റും ഇതാണ് സംഭവിക്കാറുള്ളത്.
നിരന്തരമായി ഞൊട്ട പൊട്ടിക്കുന്നതു കൊണ്ട് വേദനയൊന്നും ഉണ്ടാകില്ല. പക്ഷേ അത് സന്ധികളിലെ മൃദുവായ കലകളെ നശിപ്പിക്കും. അവയുടെ ഗ്രിപ്പും ശക്തിയും നശിക്കുന്നതിലൂടെ കാലക്രമേണ വിരലിൽ നീർവീക്കം ഉണ്ടാകുമെന്നും ഡോക്റ്റർമാർ പറയുന്നു.
ഞൊട്ട പൊട്ടിക്കുമ്പോൾ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻതന്നെ ചികിത്സ തേടണം. സന്ധിയിലെ മൃദു കലകളുടെ സ്വാഭാവിക ചലനം ഇല്ലാതാകുന്നതിന്‍റെ തുടക്കമായിരിക്കാം അത്.