നീതു ചന്ദ്രൻ
കൊളസ്ട്രോൾ കൂടുന്നത് പലപ്പോഴും ഹൃദയാഘാതത്തിന് വരെ കാരണമാകാറുണ്ട്. അതു കൊണ്ടു തന്നെ ചികിത്സ അത്യാവശ്യമാണ്. കൊളസ്ട്രോൾ അധികമായാൽ ശരീരം തന്നെ ചില ലക്ഷണങ്ങൾ കാണിക്കും.. അവയെക്കുറിച്ച് അറിയാം.
നെഞ്ച് വേദന
എൽഡിഎൽ കൊളസ്ട്രോൾ ഉയരുകയാണെങ്കിൽ നെഞ്ചു വേദന അനുഭവപ്പെടും. ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ തടസം നേരിടുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്.
നെഞ്ചെരിച്ചിൽ
വെറുതേ ഇരിക്കുമ്പോൾ അസാധാരണമാം വിധം പ്രഷർ അനുഭവപ്പെടുകയോ കടുത്ത നെഞ്ചെരിച്ചിൽ ഉണ്ടാവുകയോ ചെയ്യും. ഇതു പിന്നീട് കഴുത്ത്, കൈകൾ, പുറം, താടി എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതായും തോന്നും.
തൊലിയിൽ മഞ്ഞപ്പാടുകൾ
മഞ്ഞ നിറമുള്ള പാടുകൾ തൊലിയിൽ പ്രത്യക്ഷപ്പെടും. ത്വക്കിലെ കലകൾക്കിടയിൽ എൽഡിഎൽ കൊളസ്ട്രോൾ നിക്ഷേപിക്കപ്പെടുന്നതാണ് കാരണം. കണ്ണിന്‍റെ പോളകളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.
ശ്വാസതടസം
കൊളസ്ട്രോൾ വർധിക്കുന്നതോടെ ഹൃദയം രക്തം പമ്പ് ചെയ്യുന്നതിനായി കഠിനപ്രയത്നം ചെയ്യേണ്ടതായി വരുന്നു. അതിന്‍റെ ഭാഗമായി ശ്വാസതടസം നേരിട്ടേക്കാം.
കാലു വേദന
കാലുകളിലും തുടയിലും കടുത്ത വേദന തോന്നുന്നതും കൊളസ്ട്രോൾ കൂടുന്നതു മൂലമായിരിക്കും
നിരന്തരമായ ക്ഷീണം
വെറുതേ ഇരുന്നാലും കടുത്ത ക്ഷീണം തോന്നുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. രക്തചംക്രമണം പതിയെ ആകുന്നതോടെ വേണ്ടത്ര പോഷകവും ഓക്സിജനും കോശങ്ങളിൽ എത്താതെ വരുന്നതാണ് കാരണം.
ഓർമക്കുറവ്
ഓർമക്കുറവും തലവേദനയുമാണ് മറ്റ് രണ്ട് കാരണങ്ങൾ. സെറിബ്രൽ രക്തചംക്രമണത്തിൽ ഉണ്ടാകുന്ന മാറ്റമാണ് ഓർമശക്തിയെ ബാധിക്കുന്നത്.