മാസത്തിൽ രണ്ട് തവണ ആർത്തവമുണ്ടോ? ഭയക്കേണ്ടതില്ല, കാരണങ്ങളറിയാം

MV Desk

ഹോർമോണുകളുടെ അസന്തുലിതാവസ്ഥ

ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ മൂലം ഓവുലേഷനിൽ കൃത്യതത ഇല്ലാതാവുന്നതാണ് പ്രധാന കാരണം. ഇതു മൂലം സ്ഥിരതയില്ലാത്ത രീതിയിൽ ആർത്തവം ഉണ്ടായേക്കാം. അതു പോലെ തന്നെ മാനസിക സംഘർഷം, മോശം ഭക്ഷണക്രമീകരണം, വർധിച്ച അളവിലുള്ള വ്യായാമം, തൈറോയ്ഡ് അസുഖങ്ങൾ, പിസിഒഎസ് എന്നിവ മൂലവും ആർത്തവം ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടേക്കാം.

ഹ്രസ്വമായ ആർത്തവചക്രം

സാധാരണയായി 28 ദിവസമാണ് മെൻസ്ട്രുവൽ സൈക്കിൾ പൂർത്തിയാക്കാനായി എടുക്കുന്നത്. എന്നാൽ ചില സ്ത്രീകളിൽ 21 ദിവസത്തിൽ കുറവായിരിക്കും ആർത്തവ ചക്രം പൂർത്തിയാക്കാൻ വേണ്ടി വരുക. ഈ സാഹചര്യത്തിൽ ഒരു മാസത്തിൽ തന്നെ രണ്ടു തവണ ആർത്തവം ഉണ്ടായേക്കാം. ഇത് തികച്ചും സ്വാഭാവികമാണ്.

ഓവുലേഷൻ

ചില സ്ത്രീകളിൽ ആർത്തവ ചക്രത്തിന്‍റെ മധ്യത്തിൽ അതായത് അണ്ഡ വിസർജനത്തിന്‍റെ സമയത്ത് രക്തസ്രാവം ഉണ്ടായേക്കാം. ഇത് ആർത്തവമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

ഗർഭനിരോധന മരുന്നുകൾ

ഗർഭ നിരോധന മരുന്നുകൾ കഴിച്ചു തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഹോർമോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മൂലം രക്തസ്രാവം ഉണ്ടായേക്കാം.

പെരിമെനോപോസ്

നാൽപ്പതുകൾ കഴിഞ്ഞ സ്ത്രീകളിൽ ആർത്തവ ചക്രം നിലയ്ക്കുന്നതിന്‍റെ മുന്നോടിയായി ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മൂലം രക്തസ്രാവം കണ്ടേക്കാം.

ഡോക്റ്ററുടെ സേവനം തേടുക

മറ്റനേകം അസുഖങ്ങൾ മൂലവും ആർത്തവം ക്രമരഹിതമായി പ്രത്യക്ഷപ്പെട്ടേക്കാം. അതു കൊണ്ടു തന്നെ ഡോക്റ്ററുടെ സേവനം തേടാൻ മടിക്കാതിരിക്കുക.