MV Desk
ഡ്രസ് ചെയ്ത് തയാറായിക്കഴിഞ്ഞാൽ കഴുത്തിൽ പെർഫ്യൂം പൂശുന്നവരാണോ? അതിൽ ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് ഡോക്റ്റർമാർ പറയുന്നത്.
ഇപ്പോഴത്തെ പെർഫ്യൂമുകൾ വെറും സുഗന്ധമുള്ള തൈലങ്ങൾ മാത്രമല്ല. അവയിൽ വലിയ രീതിയിൽ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. കഴുത്തിലെ ചർമത്തിൽ നിരന്തരമായ ചൊറിച്ചിൽ, ചുവന്ന പാടുകൾ എന്നിവ ഉണ്ടാകാനും ഗുരുതരമായ ചർമരോഗമുണ്ടാകാനും സാധ്യതയുണ്ട്.
കഴുത്തിലെ തൊലി ശരീരത്തിലെ ഏറ്റവും നേർമയുള്ള ഭാഗങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ നിരന്തരമായി ഈ ഭാഗങ്ങളിൽ പെർഫ്യൂം പൂശുന്നത് ചർമത്തിന് ദോഷം ചെയ്യും.
തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ പെർഫ്യൂമുകൾ ദോഷകരമായി ബാധിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്. തൊലിക്കടിയിലുള്ള ഗ്രന്ഥികൾ ലോലമാണ്. അവ പെട്ടെന്ന് പെർഫ്യൂമിൽ നിന്നുള്ള രാസവസ്തുക്കളെ സ്വാംശീകരിച്ചേക്കാം. ദീർഘകാലം നീണ്ടു നിൽക്കുന്ന ഉപയോഗം ഹോർമോൺ പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം.
എഥനോൾ അടക്കമുള്ള രാസവസ്തുക്കൾ ഉൾപ്പെടുന്ന പെർഫ്യൂമുകൾ നിരന്തരം ശ്വസിക്കുന്നത് ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്കും ഇടയാക്കും.
ചർമത്തിന് ദോഷം വരുമെന്നതിനാൽ പെർഫ്യൂമുകൾ വസ്ത്രത്തിനു മേൽ പൂശുന്നതാണ് അഭികാമ്യമെന്നും ഡോക്റ്റർമാർ നിർദേശിക്കുന്നു.