MV Desk
നടുവിന് സപ്പോർട്ട് ലഭിക്കും വിധമുള്ള കസേരയിൽ നേരെ ഇരിക്കുക. നിങ്ങളുടെ കാൽപ്പാദങ്ങൾ തറയിൽ അമർന്നിരിക്കണം. കൈകൾ മുന്നിലുള്ള മേശയിൽ വയ്ക്കുക. ഇരിക്കുമ്പോൾ ഒരിക്കലും കാലുകൾ തമ്മിൽ പിണയ്ക്കാൻ പാടില്ല.
കൈയുടെ മുകൾ ഭാഗത്ത് നിന്ന് വസ്ത്രം മാറ്റിയതിനു ശേഷം അപ്പാരറ്റസിന്‍റെ കഫ് ചുറ്റുക. കഫ് കൈയിൽ വല്ലാതെ മുറുകിയോ വല്ലാതെ അയഞ്ഞോ അല്ല എന്ന് ഉറപ്പാക്കുക. കൈമുട്ടിൽ നിന്ന് ഒരു ഇഞ്ച് മുകളിലായിരിക്കണം കഫിന്‍റെ അടിഭാഗം വരേണ്ടത്. എങ്കിൽ മാത്രമേ ശരിയായ റീഡിങ് ലഭിക്കൂ. അപ്പാരറ്റസ് കഫ് ചുറ്റുമ്പോൾ വസ്ത്രത്തിനു മുകളിലൂടെ ചുറ്റാതിരിക്കാൻ ശ്രദ്ധിക്കുക.
റീഡിങ് എടുക്കുന്ന സമയത്തെല്ലാം ശാന്തമായി ഇരിക്കുക. സംസാരിക്കാനോ അനങ്ങാനോ പാടില്ല. സ്റ്റാർട്ട് പ്രസ് ചെയ്തതിനു ശേഷം ഡിവൈസിൽ റീഡിങ് പൂർണമാകും വരെയും ഇതു തുടരുക. കൃത്യതയ്ക്കു വേണ്ടി രണ്ട് മിനിട്ട് ഇടവേളയിൽ രണ്ടു തവണ റീഡിങ് എടുത്ത് കുറിച്ച് വച്ച് ഇതിന്‍റെ ശരാശരി എടുക്കാവുന്നതാണ്.
അതി രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുൻപാണ് ബിപി പരിശോധിക്കാൻ മികച്ച സമയം. രാത്രിയിലും പരിശോധിക്കാം. ദിവസവും പരിശോധിക്കുന്നവരാണെങ്കിൽ എല്ലാ ദിവസവും കൃത്യസമയം പാലിക്കാൻ ശ്രദ്ധിക്കുക.
120/80 ആണ് ആരോഗ്യകരമായ രക്തസമ്മർദം. നിങ്ങളുടെ ബിപി തുടർച്ചയായി 130/80 ആണെങ്കിൽ ഉറപ്പായും ഡോക്റ്ററുമായി ബന്ധപ്പെടുക.