വിമാനയാത്രയ്ക്കിടെ ലഗേജ് നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

MV Desk

കാലാവസ്ഥാ പ്രതിസന്ധികൾ മൂലം വിമാനങ്ങൾ കൂട്ടത്തോടെ വഴി തിരിച്ചു വിടുന്ന കാലമാണ്. വിമാനയാത്രയ്ക്കിടെ ബാഗേജ് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല.

എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യുക

ബാഗേജ് നഷ്ടപ്പെട്ടുവെന്ന് ഉറപ്പായാൽ ഉടൻ തന്നെ എയർപോർട്ടിലെ ബാഗേജ് സർവീസ് ഡെസ്കിൽ പ്രോപ്പർട്ടി ഇറെഗുലാരിറ്റി റിപ്പോർട്ട് (പിഐആർ) ഫയൽ ചെയ്യുക. ഒരു കോപ്പി കൈയിൽ കരുതണം. യുണീക് റഫറൻസ് നമ്പറും സൂക്ഷിക്കുക. ഇത് ലഗേജ് ട്രാക്ക് ചെയ്യാൻ സഹായിക്കും.

എമർജൻസി കിറ്റ്

ലഗേജുകൾ നഷ്ടപ്പെട്ടാൽ എയർലൈനുകൾ താത്കാലികമായി ഡിലേയ്ഡ് ബാഗേജ് കിറ്റ് നൽകാറുണ്ട്. അല്ലാത്ത പക്ഷം ടോയ്‌ലറ്ററീസ്, അടിവസ്ത്രങ്ങൾ, വസ്ത്രം എന്നിവയ്ക്കുള്ള പണം നൽകും. എയർലൈനുകൾ മാറുന്നതിനനുസരിച്ച് പോളിസിയിൽ മാറ്റം ഉണ്ടായേക്കാം. ബാഗേജ് നഷ്ടപ്പെട്ടതു മൂലം നിങ്ങൾക്കുണ്ടായ ചെലവുകൾ ബിൽ ഉൾപ്പെടെ പിന്നീട് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കുമ്പോൾ സമർപ്പിക്കാം.

ഓൺലൈനിൽ പരാതിപ്പെടാം

നിങ്ങൾ പിഐആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും എയർലൈനിന്‍റെ വെബ്സൈറ്റിൽ പരാതി ഫയൽ ചെയ്യാവുന്നതാണ്. മിക്ക എയർലൈനുകളും ഗ്ലോബൽ സിസ്റ്റം ഉപയോഗിച്ചാണ് ബാഗുകൾ ട്രാക്ക് ചെയ്യുന്നത്. ഓൺലൈനിൽ നൽകുന്ന ഡേറ്റ ലഗേജ് ട്രാക്ക് ചെയ്യാൻ സഹായിക്കും.

ട്രാക്കർ

ആപ്പിൾ എയർ ടാഗ് പോലുള്ള ബ്ലൂടൂത്ത് ട്രാക്കർ ലഗേജിൽ സൂക്ഷിക്കാം. പിന്നീട് ആപ്പ് ഉപയോഗിച്ച് ലഗേജ് എവിടെയാണെന്ന് കണ്ടെത്താം.

നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാം

നഷ്ടപരിഹാരം ആവശ്യപ്പെടണമെങ്കിൽ യാത്ര കഴിഞ്ഞ് 7 ദിവസം പൂർത്തിയാകും മുൻപേ തന്നെ എയർലൈനിൽ പിടിഐ ഫോമിനൊപ്പം ക്ലെയിം ചെയ്യുക. എയർലൈനിൽ നിങ്ങളുമായി ബന്ധപ്പെടേണ്ട വിലാസവും ഫോൺ നമ്പറും ഇമെയിൽ ഐഡിയുമുണ്ടെന്ന് ഉറപ്പാക്കുക. 21 ദിവസത്തിനകം ലഗേജ് ലഭിച്ചില്ലെങ്കിൽ ലഗേജ് പൂർണമായും നഷ്ടപ്പെട്ടതായി കണക്കാക്കും.

പരാതി എങ്ങനെ നൽകാം

ബാഗിനുള്ളിലുള്ള വസ്തുക്കളുടെ വില, ലഗേജ് കാണാതായത് മൂലം വാങ്ങേണ്ടി വന്ന അവശ്യ വസ്തുക്കളുടെ വില, മാനസിക സമ്മർദം എന്നിവയെല്ലാം നഷ്ടപരിഹാരത്തിനായി അപേക്ഷിക്കുമ്പോൾ ചൂണ്ടിക്കാണിക്കാം. എല്ലാ റെസീറ്റുകളും ഇമെയിലുകളും റഫറൻസ് നമ്പറുകളും നഷ്ടപ്പെടാതെ സൂക്ഷിക്കുക.

ലഗേജ് തകർന്നാൽ

എയർപോർട്ടിൽ നിന്ന് പോകും മുൻപേ തന്നെ ഇക്കാര്യം എയർലൈൻ ബാഗേജ് സർവീസിൽ അറിയിക്കുക. ലഗേജിന്‍റെ ചിത്രങ്ങൾ എടുത്തു സൂക്ഷിക്കുക. ബാഗേജ് ടാഗ് നമ്പറുകളും ഫ്ലൈറ്റ് ടിക്കറ്റ് വിശദാംശങ്ങളും ലഗേജ് തകർന്നതിന്‍റെ വിശദാംശങ്ങളും ഉൾപ്പെടെ നൽകുക.