നല്ല പഴുത്ത മാങ്ങയുണ്ടോ? മാംഗോ കുൽഫിയുണ്ടാക്കാം വീട്ടിൽ തന്നെ

MV Desk

മാമ്പഴക്കാലമിങ്ങെത്തിയല്ലോ. പഴുത്ത മാങ്ങ ധാരാളം ഉണ്ടെങ്കിൽ ഇനി ഒരു വെറൈറ്റി പിടിക്കാം. നല്ല മാംഗോ കുൽഫി വീട്ടിൽ തന്നെ ഉണ്ടാക്കാം

ചേരുവകൾ

കൊഴുപ്പുള്ള പാൽ- 1 ലിറ്റർ

നന്നായി പഴുത്ത മാങ്ങ തൊലി കളഞ്ഞ് മുറിച്ചെടുത്തത്-1 കപ്പ്

കണ്ടൻസ്ഡ് മിൽക്-അര കപ്പ്

പഞ്ചസാര- കാൽ കപ്പ്

ഏലയ്ക്കാ പൊടി -അര കപ്പ്

പിസ്തയുണ്ടെങ്കിൽ അതും ചേർക്കാം

ചുവടു കട്ടിയായ ഒരു പാനിലേക്ക് ഒരു ലിറ്റർ പാലൊഴിച്ച് ഇടത്തരം തീയിൽ തിളപ്പിച്ച് അര ലിറ്ററാക്കി വറ്റിച്ച് എടുക്കുക. 30 മിനിറ്റ് വരെ പാൽ തിളപ്പിക്കേണ്ടി വരും.

പാൽ നല്ല കൊഴുപ്പോടെയും ക്രീമിയായും ഇരുന്നാലേ കുൽഫി രുചികരമാകൂ. അതിലേക്ക് കണ്ടൻസ്ഡ് മിൽക്കും പഞ്ചസാരയും ചേർത്ത് അഞ്ച് മിനിറ്റ് ചൂടാക്കിയ ശേഷം തണുപ്പിക്കാൻ വയ്ക്കുക.

മാമ്പഴക്കഷ്ണങ്ങൾ നല്ല മൃദുവായി മിക്സിയിൽ അരച്ചെടുക്കുക. പിന്നീട് തണുപ്പിക്കാൻ വച്ച പാലിലേക്ക് ചേർക്കാം. മിശ്രിതത്തിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്ത് ഒന്നു കൂടി ഇളക്കുക.

നീളമുള്ള സ്റ്റീൽ ഗ്ലാസുകളിലേക്കോ കപ്പുകളിലേക്കോ ഒഴിച്ച് മുകളിൽ പൊടിച്ച പിസ്ത വിതറാം. നടുവിൽ ഒരു സ്റ്റിക് കൂടി വച്ച ശേഷം ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞ് ഫ്രീസറിൽ വയ്ക്കാം.

ഒരു രാത്രി മുഴുവൻ അല്ലെങ്കിൽ 8 മണിക്കൂറെങ്കിലും തണുപ്പിച്ച ശേഷം പുറത്തെടുത്ത് ഗ്ലാസിലേക്കോ കപ്പിലേക്കോ ചെറു ചൂടുള്ള വെള്ളം ഒഴിച്ചാൽ കുൽഫി തനിയെ പുറത്തേക്ക് വരും.