MV Desk
ചൂട് കാലത്ത് ഏറ്റവും ആശ്വാസം നൽകുന്ന പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. മായം കലരാത്ത നല്ല തണ്ണിമത്തൻ എങ്ങനെ കണ്ടെത്താമെന്നു നോക്കാം.
നിറവും മധുരവും വർധിപ്പിക്കാനായി തണ്ണിമത്തനിൽ ചില രാസവസ്തുക്കൾ കുത്തി വയ്ക്കുന്നതായി ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഒഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുറമേ സാധാരണ തണ്ണിമത്തൻ പോലെ തോന്നുമെങ്കിലും കഴിക്കുന്നവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായേക്കാം. റെഡ്-ബി അഥവാ എറിത്രോസിൻ എന്നറിയപ്പെടുന്ന ചുവന്ന നിറമുള്ള വസ്തുവാണ് തണ്ണിമത്തന്‍റെ നിറം കൂട്ടാനായി കുത്തി വയ്ക്കുന്നത്.
തണ്ണിമത്തൻ രണ്ടായി മുറിച്ച ശേഷം ചുവന്ന ഭാഗത്ത് ഒരു കഷ്ണം പഞ്ഞി കൊണ്ട് ഒപ്പുക. പഞ്ഞിയുടെ നിറം മാറുന്നില്ലെങ്കിൽ നല്ല തണ്ണിമത്തനാണ് എന്നുറപ്പാക്കാം. പഞ്ഞിയുടെ നിറം ചുവപ്പായി മാറുകയാണെങ്കിൽ മായം കലർന്നിട്ടുണ്ടെന്ന് വ്യക്തമാണ്.
തണ്ണിമത്തൻ വാങ്ങുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. അങ്ങിങ്ങായി മുഴകളോ പാടുകളോ ഇല്ലാത്ത തണ്ണിമത്തൻ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
അത്യാവശ്യം നല്ല ഭാരമുള്ള തണ്ണിമത്തൻ തെരഞ്ഞെടുക്കുക. പുറമേയുള്ള തൊലിയിൽ തട്ടി നോക്കിയാൽ ആഴത്തിലുള്ള ഹോളോ ശബ്ദം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
തണ്ണിമത്തന്‍റെ പുറംതൊലിയിൽ ഒരു ഭാഗം ക്രീം, മഞ്ഞ, ഇളം ഓറഞ്ച് നിറത്തിലുള്ളതാണെങ്കിൽ തണ്ണിമത്തൻ പാകത്തിന് പഴുത്തിട്ടുണ്ടെന്ന് ഉറപ്പാക്കാം. വെളുപ്പോ, പച്ചക്കുത്തുകളോ ആണുള്ളതെങ്കിൽ പഴുക്കും മുൻപേ പറിച്ചതാണെന്ന് വ്യക്തമാണ്.