MV Desk
ശർമാജി നംകീൻ
ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷമുള്ള വിശ്രമ കാലം ഏറ്റവും പ്രിയപ്പെട്ട പാചകത്തിലേക്ക് തിരിച്ചു വിട്ട ശർമാജിയുടെ കഥ. ഋഷി കപൂറും പരേഷ് റാവലുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2022 ലാണ് സിനിമ പുറത്തിറങ്ങിയത്.
ആമിസ്
വ്യത്യസ്തമായ പ്രമേയം കൊണ്ട് ആരാധകരെ സൃഷ്ടിച്ച അസമിസ് ചിത്രം. വിവാഹിതയായ സ്ത്രീയും പ്രായത്തിൽ ഇളയ യുവാവും തമ്മിൽ ഇറച്ചി വിഭവങ്ങളിലൂടെ അടുക്കുന്നതും അസാധാരണമാം വിധമുള്ള പാചക പരീക്ഷണങ്ങളിലേക്ക് കടക്കുന്നതുമാണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം . 2019ലാണ് സിനിമ പുറത്തിറങ്ങിയത്.
മച്ചർ ഝോൽ
പാരിസിൽ പേരെടുത്ത ഒരു ഷെഫ് 13 വർഷത്തിനു ശേഷം കോൽക്കത്തയിലേക്ക് തിരിച്ചെത്തുന്നതാണ് ഈ ബംഗാളി ചിത്രത്തിന്‍റെ കഥ. രോഗിയായ അമ്മയ്ക്കു വേണ്ടി 25 വർഷം മുൻപ് ഉണ്ടാക്കിയ അതേ രുചിയിൽ മീൻ കറി ഉണ്ടാക്കുന്നതാണ് പ്രമേയം. 2017ൽ ചിത്രം തിയെറ്ററുകളിലെത്തി.
ദാവത് ഇ ഇഷ്ക്
ആദിത്യ റോയ് കപൂറും പരിണീതി ചോപ്രയും ചേർന്ന് അവിസ്മരണീയമാക്കി മാറ്റിയ സിനിമ. ലഖ്നൗ കബാബ്, ബിരിയാണി, ഫിർണി എന്നിവയൊക്കെ ഇഷ്ടമുള്ളവരാണെങ്കിൽ നാവിൽ വെള്ളമൂറിക്കും ഈ ചിത്രം. 2014ൽ ചിത്രം പുറത്തിറങ്ങി.
ദി ലഞ്ച് ബോക്സ്
വിവാഹിതയായ ഒരു സ്ത്രീയും വിഭാര്യനായ പുരുഷനും തമ്മിലുള്ള അസാധാരണ അടുപ്പത്തിന്‍റെ കഥയാണിത്. മുംബൈയിലെ പ്രശസ്തമായ ഭക്ഷണ സർവീസ് ഡബ്ബാവാലകളാണ് സിനിമയുടെ പശ്ചാത്തലം. 2013ൽ ചിത്രം തിയെറ്ററിൽ എത്തി.
ഉസ്താദ് ഹോട്ടൽ
വിദേശത്ത് ഷെഫായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന യുവാവ് സാഹചര്യവശാൽ സ്വന്തം മുത്തച്ഛന്‍റെ ചെറിയ റസ്റ്ററന്‍റ് ഏറ്റെടുക്കേണ്ടി വരുന്നതാണ് സിനിമയുടെ പ്രമേയം. ദുൽഖർ സൽമാനാണ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2012ൽ ചിത്രം തിയെറ്ററിൽ എത്തി.