കൊടും ചൂടല്ലേ, ശരീരം തണുപ്പിക്കാൻ ഈ പഴങ്ങൾ കഴിച്ചോളൂ...

Namitha Mohanan

ചുട്ടുപൊള്ളുകയാണ് സംസ്ഥാനം. പുറത്തിറങ്ങിയാൽ കരിഞ്ഞു പോവുമെന്ന അവസ്ഥയാണ്. പുറത്തിറങ്ങരുതെന്ന മുൻകരുതലുകളൊക്കെ എല്ലാവർക്കും പ്രാവർത്തികമാക്കാൻ കഴിഞ്ഞെന്നും വരില്ല. ഈ അവസരത്തിൽ ചൂടിനെ പ്രതിരോധിക്കാൻ വെള്ളം ധാരാളം കുടിക്കാം. പക്ഷേ അതുകൊണ്ടുമാത്രം ചൂടിനെ പ്രതിരോധിക്കാനാവില്ല. ശരീരം തണുപ്പിക്കാൻ പഴങ്ങൾ ധാരാളം കഴിക്കേണ്ടതുണ്ട്. വേനൽക്കാലത്ത് നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ പരിചയപ്പെടാം.

തണ്ണിമത്തൻ

94 ശതമാനവും ജലാംശമുള്ള പഴമാണ് തണ്ണിമത്തൻ. പൊട്ടാസ്യം, ജീവകം A, ജീവകം C എന്നിവ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് കഴിക്കാൻ ഇതിലും മികച്ച മറ്റൊരു പഴമില്ല.

മുന്തിരി

91 ശതമാനം ജലാംശം അടങ്ങിയ പഴമാണ് മുന്തിരി. കലോറി കുറവും പോഷകങ്ങൾ കൂടുതലുമുള്ള പഴം. ചൂടിനെ പ്രതിരോധിച്ച് ആരോഗ്യകരമായിരിക്കാൻ മുന്തിരിപഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.

ആപ്പിൾ

86 ശതമാനം ജലാംശം. വിറ്റാമിനുകളുടേയും ധാതുക്കളുടേയും കലവറ. വേനൽക്കാലത്ത് മെച്ചപ്പെട്ട ആരോഗ്യത്തിനും പ്രതിരോധ ശേഷിക്കും ആപ്പിൾ കഴിക്കുന്നത് ഗുണകരമാണ്.

മാമ്പഴം

പോഷകസമ്പുഷ്ടമായ പഴമാണ് മാമ്പഴം. ദഹനത്തിന് നല്ലതാണ്. ഇതിലൂടെ കാൻസറിനെ വരെ പ്രതിരോധിക്കുന്നു. ജീവകം C, ജീവകം A, ജീവകം B 6, കോപ്പർ എന്നിവ അടങ്ങിയിട്ടുണ്ട്. മാമ്പഴത്തിൽ 83 ശതമാനം ജലാംശമുണ്ട്.

പപ്പായ

88 ശതമാനം വെള്ളം അടങ്ങിയ പപ്പായ മികച്ച പ്രതിരോധശേഷി നൽകുന്ന പഴമാണ്. കഴിക്കുന്നതിനൊപ്പം പഴുത്ത പപ്പായ ശരീരത്തിൽ പുരട്ടുന്നത് ചൂടുമൂലമുള്ള ത്വക്ക് പ്രശ്നങ്ങൾ മാറാൻ നല്ലതാണ്. വിറ്റാമിൻ A യുടെ കലവറയാണ് പപ്പായ

മൾബറി

ജീവകം C ധാരളമടങ്ങിയ മൾബറി ദഹന സഹായിയാണ്. മൾബറി ഗുണങ്ങളുടെ കലവറയാണ്. കലോറി ധാരാളമടങ്ങിയ ഈ പഴം വേനൽക്കാലത്ത് ശരീരത്തെ തണുപ്പിച്ച് ആരോഗ്യകരമായിരിക്കാൻ സഹായിക്കുന്നു.