MV Desk
എന്നോ മുറിച്ച് വച്ച് ഉണങ്ങിപ്പോയ നാരങ്ങയുടെ കഷ്ണം ഫ്രിഡ്ജിനുള്ളിൽ ഇരിപ്പുണ്ടോ. അതെടുത്ത് കളയേണ്ട. നിത്യജീവിതത്തിൽ ഉണങ്ങിയ നാരങ്ങാകഷ്ണങ്ങൾ കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.
ക്ലീനിങ് സൊല്യൂഷൻ
ഉണങ്ങിയ നാരങ്ങയുടെ കഷ്ണം കുറച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് തണുപ്പിക്കാൻ വയ്ക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ ബേക്കിങ് സോഡയും കുറച്ച് ഡിഷ് വാഷ് ലിക്വിഡും ചേർത്ത് നന്നായി കലർത്തുക. പിന്നീട് ഒരു കുപ്പിയിലേക്ക് പകർത്തിയാൽ അടുക്കളയിലെ ടൈലുകളും മറ്റും വൃത്തിയാക്കാൻ ഉപയോഗിക്കാം.
നാരങ്ങാ ജ്യൂസ്
ഉണങ്ങിയ നാരങ്ങാക്കഷ്ണങ്ങൾ തിളപ്പിക്കുക. പിന്നീട് ഇവ അരിഞ്ഞ് അതിലെ നീര് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞെടുക്കാം. അതിലേക്ക് കുറച്ച് പഞ്ചസാര ചേർത്ത് കലർത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ആവശ്യമുള്ളപ്പോൾ എടുത്ത് ജ്യൂസിൽ ചേർത്ത് കുടിക്കാം.
ഇറച്ചിയും മീനും വൃത്തിയാക്കാം
ഇറച്ചിയും മീനും വൃത്തിയാക്കാൻ ഏറ്റവും മികച്ചതാണ് ഉണങ്ങിയ നാരങ്ങ. 15 മിനിറ്റ് നാരങ്ങാക്കഷ്ണം വെള്ളത്തിൽ ഇട്ട് കുതിർത്തെടുത്താൽ മാത്രം മതി. ഇറച്ചിയുടെയും മീനിന്‍റെയും നാറ്റവും ഇല്ലാതാകും.
ഹെർബൽ ചായ
ഉണങ്ങിയ നാരങ്ങാക്കഷ്ണം ചെറുകഷ്ണങ്ങളായി അരിഞ്ഞെടുക്കുക. അതിനു ശേഷം അൽപ നേരം വെയിലത്ത് വച്ച് ഉണക്കിയെടുക്കാം. പിന്നീട് എയർ ടൈറ്റ് ആയ ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കുക. ചായയിൽ ഇതിൽ നിന്ന് ഓരോ കഷ്ണം ചേർത്താൽ നല്ല സിട്രസ് ബൂസ്റ്റ് ആയിരിക്കും.
നാരങ്ങാപ്പൊടി
നാരങ്ങാ കഷ്ണം മുറിച്ച് കുരുക്കൾ നീക്കുക. പിന്നീട് വെയിലത്ത് വച്ച് ഉണക്കിയെടുത്തതിനു ശേഷം നന്നായി പൊടിച്ചെടുക്കാം. സാലഡുകളിലും ജ്യൂസുകളിലും മറ്റ് വിഭവങ്ങളിലും നാരങ്ങയുടെ രുചി കിട്ടാൻ ഇവ ആവശ്യപ്രകാരം ഉപയോഗിക്കുക.