കണ്ണന് കദളിപ്പഴം, ഗണപതിക്ക് ചക്ക, മുരുകന് മാമ്പഴം; വിഷുക്കണിയൊരുക്കാം ചിട്ടയോടെ

MV Desk

മഞ്ഞപ്പട്ടു വിരിച്ച് അതിനു മുകളിൽ കൃഷ്ണ വിഗ്രഹം വയ്ക്കാം. തൊട്ടു മുന്നിൽ കഴുകി വൃത്തിയാക്കിയ ഓട്ടുരുളിയിലാണ് കണി ഒരുക്കുക. ഉരുളിയുടെ പാതിയോളം ഉണക്കലരിയും നെല്ലും ചേർത്തു നിറയ്ക്കാം.

കണി വെള്ളരിയും നാളികേര മുറിയും ഉരുളിയിൽ വയ്ക്കാം. നാളികേര മുറിയിൽ എണ്ണയൊഴിച്ച് തിരിയിട്ട് കത്തിക്കുന്നവരും ഉണ്ട്.

ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായി ചക്ക, സുബ്രഹ്മണ്യന് പ്രിയപ്പെട്ട മാമ്പഴം, കണ്ണന്‍റെ പ്രിയപ്പെട്ട കദളിപ്പഴം എന്നിവ കണിയിൽ ഉണ്ടായിരിക്കണം. ഒപ്പം ഭഗവതിയുടെ പ്രതീകമായി വാൽക്കണ്ണാടിയും.

തേച്ചു വൃത്തിയാക്കിയ നിലവിളക്കിൽ എണ്ണയൊഴിച്ച് തിരി തെളിയിക്കാം. എന്നാൽ ദീപം തെളിയുമ്പോൾ കൃഷ്ണ വിഗ്രഹത്തിലേക്ക് നിഴൽ വീഴില്ലെന്ന് ഉറപ്പാക്കണം.

മറ്റൊരു താലത്തിൽ കോടിമുണ്ടും സരസ്വതീ ദേവിയുടെ പ്രതീകമായ ഗ്രന്ഥവും ലക്ഷ്മീ ദേവിയെ പ്രതിനിധീകരിക്കുന്ന നാണയങ്ങളും സ്വർണവും വയ്ക്കാം. സിന്ദൂരവും കൺമഷിയും വയ്ക്കുന്നതും ഉത്തമമാണ്.

വെറ്റിലയും പഴുക്കടയ്ക്കയും വെച്ചതിനു മുകളിലാണ് നാണയങ്ങൾ കരുതുക. പച്ചക്കറി വിത്തുകളും വാടാത്ത കൊന്നപ്പൂക്കളും ഇതിനൊപ്പം വയ്ക്കാം.

കഴുകി വൃത്തിയാക്കിയ ഓട്ടുകിണ്ടിയിൽ വെള്ളയും വയ്ക്കണം. ജലം തൊട്ട് കണ്ണിൽ വച്ചതിനു ശേഷമാണ് കണി കാണുക.

ബ്രാഹ്മമുഹൂർത്തത്തിലാണ് കണി കാണേണ്ടത്. സൂര്യോദയം 6 മണിക്കെങ്കിൽ പുലർച്ചെ 4.24 മുതൽ ഒരു മണിക്കൂർ സമയമാണ് ബ്രാഹ്മമുഹൂർത്തം.