Namitha Mohanan
അഹമ്മദാബാദ് വിമാനാപകടത്തിന്‍റെ കാരണം ഇപ്പോഴും അവ്യക്തമാണ്. അപകടകാരണം കണ്ടെത്താൻ ഏറെ നിർണായകമായ വസ്തുവാണ് ബ്ലാക്ക് ബോക്സ്. അപകടസ്ഥലത്തു നിന്നും ഒരു ബ്ലാക്ക് ബോക്സ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. എന്താണ് ബ്ലാക്ക് ബോക്സ് എന്ന് നോക്കാം...
വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് റെക്കോഡിങ് ഉപകരണമാണ് ബ്ലാക്ക് ബോക്സ്. ദുരന്തം എങ്ങനെയുണ്ടായി എന്ന് കണ്ടെത്താനായി പ്രധാനമായും ആശ്രയിക്കുന്ന ഉപകരണമാണ് ബ്ലാക്ക് ബോക്സ്.
എത്ര ശക്തമായ ആഘാതത്തിലും വിവരങ്ങൾ നഷ്ടമാവാതിരിക്കാൻ ഉരുക്ക് അല്ലെങ്കിൽ ടൈറ്റാനിയം കൊണ്ട് നിർമിച്ച ലോഹ കവചമാണ് ഇവയ്ക്കുണ്ടാവുക. തീ, വെള്ളം എന്നിവയില്‍ നിന്നും പ്രതിരോധിക്കാനാണിത്. അപകടസമയത്ത് പിന്‍ ഭാഗത്ത് ആഘാതം കുറവായിരിക്കും എന്നതിനാല്‍ ഇവിടെയാണ് ബ്ലാക്ക് ബോക്‌സുകള്‍ സൂക്ഷിക്കുക.
പ്രധാനമായും 2 ഘടകങ്ങളാവും ബ്ലാക്ക് ബോക്സിനുണ്ടാവുക. റെക്കോഡിങ് സംവിധാനമായ ഫ്ലൈറ്റ് ഡേറ്റ റെക്കോഡും (FDR) കോക്പിറ്റ് വോയ്സ് റെക്കോഡും (CVR).
എഫ്ഡിആർഎഫിൽ വിമാനത്തിന്‍റെ വേഗത, ഉയരം, എൻജിന്‍റെ അവസ്ഥ, റഡാർ വിവരങ്ങൾ, കൺട്രോൾ സിസ്റ്റങ്ങളുടെ പ്രവർത്തനം തുടങ്ങിയ സാങ്കേതിക വിവരങ്ങൾ രേഖപ്പെടുത്തും.
സിവിആറിൽ പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ, എഞ്ചിൻ ശബ്ദങ്ങൾ തുടങ്ങിയ കോക്ക്പിറ്റിലെ റേഡിയോ ട്രാൻസ്മിഷനുകളും മറ്റ് ശബ്ദങ്ങൾ എന്നിവയും രേഖപ്പെടുത്തും.
ബ്ലാക്ക് ബോക്സുകളിൽ നിന്ന് വീണ്ടെടുക്കുന്ന ഡാറ്റ വിശകലനം ചെയ്യാൻ സാധാരണയായി 10-15 ദിവസമെടുക്കും. ബ്ലാക്ക് ബോക്സ് ഡേറ്റ വിശകലനം ചെയ്താൽ അപകടകാരണം പിടികിട്ടും. മനുഷ്യപിഴവ്, സാങ്കേതിക തകരാർ, കാലാവസ്ഥ തുടങ്ങി ഏത് കാരണവും ഡേറ്റ വിശകലനം ചെയ്യും.
1950 കളിലാണ് ബ്ലാക്ക് ബോക്സ് ഉത്ഭവിച്ചത്. പ്രകാശം അകത്തേക്ക് കടക്കുന്നത് തടയുന്നതിനായി നിർമിച്ച ഒരു പെട്ടിയിലായിരുന്നു ഫിലിം പ്രവർത്തിച്ചിരുന്നത്. അതിനാലാണ് "ബ്ലാക്ക് ബോക്സ്"എന്ന പേര് ലഭിച്ചത്. എളുപ്പത്തിൽ തിരിച്ചറിയാനാണ് ബ്ലാക്ക് ബോക്സിനെ പുറംഭാഗത്ത് ഓറഞ്ച് നിറം നൽകിയിരിക്കുന്നത്.