Namitha Mohanan
ഒരു വർഷം കൂടി കടന്നു പോവുകയാണ്... തിരിഞ്ഞു നോക്കുമ്പോൾ എണ്ണി പറയാവുന്ന നേട്ടങ്ങൾക്കൊപ്പം അടിവരയിട്ട ചില നഷ്ടങ്ങൾ കൂടിയുണ്ട്. ഒരു കാലഘട്ടത്തെ നയിച്ചിരുന്ന നമ്മളെയൊക്കെ ചിലപ്പോഴൊക്കെ കരയിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും കൂടെയുണ്ടായിരുന്ന ചില കലാ പ്രതിഭകളുടെ വിടവാങ്ങലുകൾ. അത് കവിയൂർ പൊന്നമ്മ മുതൽ കീരിക്കാടൻ ജോസ് വരെ അങ്ങനെ നീളുന്നു...
കവിയൂർ പൊന്നമ്മ (1945 - 2024 )
ചെറുപ്പകാലത്തു തന്നെ അമ്മവേഷങ്ങളെ അനശ്വരമാക്കിയ നടി. മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് 4 തവണ നേടിയിട്ടുണ്ട്. 14 വയസിൽ അഭിനയ രംഗത്തേക്കെത്തിയ കവിയൂർ പൊന്നമ്മയുടെ അവസാന ചിത്രം 2021ൽ പുറത്തിറങ്ങിയ 'ആണും പെണ്ണും' ആണ്. 700 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മേഘനാദൻ (1964 - 2024)
മലയാളം, തമിഴ് എന്നീ ഭാഷകളിലായി 50 ഓളം സിനിമകളിലും നിരവധി സീരിയലികളും അഭിനയിച്ചിട്ടുള്ള നടൻ. 'അസ്‌ത്രം' എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് തുടക്കം. പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോൽ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. നടൻ ബാലൻ കെ. നായരുടെ മകനാണ്.
ഡൽഹി ഗണേഷ് (1944 - 2024)
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 400-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഡൽഹി ഗണേഷ്. ഗണേശൻ മഹാദേവൻ എന്നാണ് യഥാർഥ പേര്. പട്ടിന പ്രവേശനം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സിന്ധുഭൈരവി, നായകന്‍, അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദനകാമരാജന്‍ തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്.
ടി.പി. മാധവൻ- (1935 - 2024)
മലയാള ചലച്ചിത്ര, ടെലി സീരിയൽ അഭിനേതാവായിരുന്നു തിരുക്കോട് പരമേശ്വരൻ മാധവൻ എന്നറിയപ്പെടുന്ന ടി.പി. മാധവൻ. രാഗം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് സജീവമായത്. ശാരീരിക അവശതകളെ തുടർന്ന് 2016-ൽ സിനിമാഭിനയ രംഗത്ത് നിന്ന് വിരമിച്ചിരുന്നു.
മോഹൻരാജ് (1955 - 2024)
കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ്. മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍രാജ് മലയാള സിനിമയിലേക്ക് എത്തുന്നത്. കിരീടം, ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി 104 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വി.പി. രാമചന്ദ്രൻ ( 1943- 2024)
സിനിമ- സീരിയല്‍- നാടക നടനും സംവിധായകനുമായിരുന്നു വി.പി. രാമചന്ദ്രന്‍. കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിരവധി സിനിമകളില്‍ ശബ്ദം നല്‍കി. ഒട്ടേറെ നാടകങ്ങളിലും ദൂരദർശന്‍റെ ആരംഭ കാലം മുതൽ നിരവധി പരമ്പരകളിലും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
കനകലത ( 1960 -2024 )
മൂന്നു പതിറ്റാണ്ടോളം മലയാള സിനിമാ മേഖലയിൽ സജീവമായിരുന്ന നടി. ചില്ല് എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശം. 2023ൽ റിലീസായ പൂക്കാലം എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. കരിയിലക്കാറ്റു പോലെ, രാജാവിന്‍റെ മകൻ, കിരീടം, ജാഗ്രത, വർണപ്പകിട്ട്, എന്‍റെ സൂര്യപുത്രിക്ക്, കൗരവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് തുടങ്ങി 360 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
ടി.പി. കുഞ്ഞിക്കണ്ണൻ
നാടക നടനും സംവിധായകനുമാണ് ടി.പി. കുഞ്ഞിക്കണ്ണൻ . 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലെ മന്ത്രി പ്രേമന്‍റെ വേഷം ഏറെ ശ്രദ്ധേയമയിരുന്നു. ഡോ. ജെസ്സി സംവിധാനം ചെയ്ത നീതി, പ്രിയദർശന്‍റെ മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.