സഞ്ജയ് ഗാന്ധി മുതൽ അജിത് പവാർ വരെ; വിമാനാപകടം ജീവനെടുത്ത നേതാക്കൾ

MV Desk

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് രാജ്യം. സഞ്ജയ് ഗാന്ധി മുതൽ നിരവധി രാഷ്ട്രീയ നേതാക്കൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ നേതാക്കളെ അറിയാം.

സഞ്ജയ് ഗാന്ധി (1980)

വെറും 33 വയസു മാത്രം പ്രായമുള്ളപ്പോഴാണ് അന്നത്തെ പ്രധാനമന്ത്രി കൂടിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി വാഹനാപകടത്തിൽ മരിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു സഞ്ജയ് ഗാന്ധി. 1980 ജൂൺ 23ന് സഞ്ജ‍യ് ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ സാഫ്ദാർജുങ് വിമാനത്താവളത്തിനരികിൽ വച്ച് തകർന്നു വീഴുകയായിരുന്നു.

മാധവറാവു സിന്ധ്യ (2001)

കോൺഗ്രസിലെ മുതിർന്ന നേതാവും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവുമായ മാധവറാവു സിന്ധ്യയും വിമാനാപകടത്തിലാണ് മരിച്ചത്. 2001 സെപ്റ്റംബർ 30നായിരുന്നു അപകടം. ഉത്തർപ്രദേശിലെ മെയിൽപുരി ജില്ലക്കരികിൽ വച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽ പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടു.

വൈ എസ് രാജശേഖര റെഡ്ഡി (2009)

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയും ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. 2009 സെപ്റ്റംബർ 2നാണ് ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. ഒരു ദിവസത്തിനു ശേഷമാണ് അദ്ദേഹത്തിന്‍റെ മൃ‌തദേഹം കണ്ടെത്തിയത്.

ദോർജി ഖാണ്ഡു (2011)

അരുണാചൽ മുഖ്യമന്ത്രിയായിരുന്ന ദോർജീ ഖാണ്ഡുവും ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന ആൾതാമസമില്ലാത്ത പർവത നിരകൾക്കു സമീപമാണ് അപകടമുണ്ടായത്. അഞ്ച് ദിവസം നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

വിജയ് രൂപാണി (2025)

241 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനാപകടത്തിലാണ് ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചത്.