ഐപിഎല്ലിലെ പിള്ളേരുകളി; വൈഭവും ആയുഷും മാത്രമല്ല, വേറെയുമുണ്ട് യുവപ്രതിഭകൾ

VK SANJU

അഭിഷേക് പോറൽ

വയസ് 22, ടീം DC

താരത്തിളക്കത്തിൽ പിന്നിലായിരുന്നിട്ടും ഗ്ലാമർ ടീമുകളോട് കട്ടയ്ക്ക് മത്സരിച്ച് പ്ലേ ഓഫിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസ് ടീമിന്‍റെ അവിഭാജ്യ ഘടകമാണ് അഭിഷേക് പോറൽ. വിക്കറ്റ് കീപ്പറാണെങ്കിലും കെ.എൽ. രാഹുൽ ഉള്ളതിനാൽ ഓപ്പണിങ് റോൾ മാത്രം കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ശരാശരിക്കു മുകളിലുള്ള പ്രകടനങ്ങൾ. ഇത്തവണ അടുത്ത തലത്തിലേക്ക് ഉയർന്നിരിക്കുകയാണ് ഈ ബംഗാൾ സ്വദേശി.

DC

അംഗ്‌കൃഷ് രഘുവംശി

വയസ് 20, ടീം KKR

ആയുഷ് മാത്രെയെ പോലെ തന്നെ ഇന്ത്യ അണ്ടർ-19 ടീമിലും മുംബൈ രഞ്ജി ട്രോഫി ടീമിലും കഴിവ് തെളിയിച്ചാണ് അംഗ്കൃഷ് രഘുവംശിയുടെയും വരവ്. രണ്ടു സീസണായി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്‍റെ അവിഭാജ്യ ഘടകം. ആഭ്യന്തര ക്രിക്കറ്റിൽ ഓപ്പണറാണെങ്കിലും കെകെആറിനു വേണ്ടി ഫിനിഷർ റോളും ഭംഗിയായി കൈകാര്യം ചെയ്യുന്നു. 2022ൽ ഇന്ത്യ അണ്ടർ-19 ലോകകപ്പ് നേടുമ്പോൾ ടോപ് സ്കോററായിരുന്നു.

KKR

പ്രിയാംശ് ആര്യ

വയസ് 23, ടീം PBKS

അന്താരാഷ്ട്ര പരിചയമില്ലാത്ത രണ്ട് ഓപ്പണർമാരെ കളത്തിലിറക്കാനുള്ള പഞ്ചാബ് കിങ്സ് തീരുമാനം പ്രഭ്സിമ്രൻ സിങ്ങിനൊപ്പം സാധൂകരിച്ച പ്രിയാംശ് ആര്യ ഈ ഐപിഎൽ സീസണിന്‍റെ പ്രധാന കണ്ടെത്തലുകളിലൊന്നാണ്. ഡൽഹിക്കാരനായ ഇടങ്കയ്യൻ, ഡൽഹി പ്രീമിയർ ലീഗ് മത്സരത്തിൽ ഒരോവറിൽ ആറ് സിക്സ് അടിച്ചുകൊണ്ടാണ് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഐപിഎൽ സീസണിലും തുടക്കക്കാരന്‍റെ പരിഭ്രമങ്ങളില്ലാതെ വെടിക്കെട്ട് തുടരുന്നു.

PBKS

ആയുഷ് മാത്രെ

വയസ് 17, ടീം CSK

ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദിനു പരുക്കേറ്റതു കാരണം ടീമിലെത്തി. കിട്ടിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ അണ്ടർ-19 ടീമംഗം. രഞ്ജി ട്രോഫിയിൽ മുംബൈ‌യുടെ ഓപ്പണർ.

CSK

വൈഭവ് സൂര്യവംശി

വയസ് 14, ടീം RR

ഡൽഹി ക്യാപ്പിറ്റൽസുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് രാജസ്ഥാൻ റോയൽസ് 1.10 കോടി രൂപയ്ക്ക് വൈഭവ് സൂര്യവംശിയെ ടീമിലെത്തിക്കുന്നത്. ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്ന, ഐപിഎൽ അരങ്ങേറ്റം കുറിക്കുന്ന, ഐപിഎൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും മാറി.

RR

ഷെയ്ക്ക് റഷീദ്

വയസ് 20, ടീം CSK

2022 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഭാഗമാണെങ്കിലും ഈ സീസണിലാണ് ആദ്യമായി അവസരം കിട്ടുന്നത്. 2022ൽ അണ്ടർ-19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു. അന്നത്തെ ക്യാപ്റ്റൻ യാഷ് ധുല്ലിനെ പോലെ ക്ലാസിക് ബാറ്റിങ് ശൈലിക്ക് ഉടമയായ ഈ ആന്ധ്രക്കാരന് 50 ഓവർ, ഫസ്റ്റ് ക്ലാസ് ഫോർമാറ്റുകളായിരിക്കും കൂടുതൽ യോജിക്കുക എന്നു കരുതുന്നവർ ഏറെ.

CSK

ആന്ദ്രെ സിദ്ധാർഥ്

വയസ് 18, ടീം CSK

തമിഴ്നാട്ടിൽനിന്നുള്ള ആന്ദ്രെ സിദ്ധാർഥ് ഇന്ത്യ അണ്ടർ-19 ടീമംഗമാണ്. തമിഴ്നാട് പ്രീമിയർ ലീഗിലെ പ്രകടന മികവിന്‍റെ ബലത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തുന്നത്. തമിഴ്നാടിനു വേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. 93 റൺസാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരി.

CSK

കുമാർ കുശാഗ്ര

വയസ് 20, ടീം GT

65 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയ വിക്കറ്റ് കീപ്പർ ബാറ്റർ. ഗുജറാത്ത് ബാറ്റിങ് നിര ഒറ്റ യൂണിറ്റായി ക്ലിക്ക് ചെയ്തതിനാൽ സീസണിൽ ഇതുവരെ അവസരം ലഭിച്ചില്ല. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിനു വേണ്ടി മൂന്നു മത്സരങ്ങൾ കളിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ 250+ സ്കോർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ്.

GT

മുഷീർ ഖാൻ

വയസ് 19, ടീം PBKS

ഇന്ത്യൻ ടെസ്റ്റ് ബാറ്റർ സർഫറാസ് ഖാന്‍റെ സഹോദരൻ. ക്ലാസിക് മുംബൈ സ്കൂൾ ക്രിക്കറ്റർ. സാങ്കേതികത്തികവുള്ള ഇടങ്കയ്യൻ സ്ട്രോക്ക് മേക്കറും സ്പിൻ ബൗളറും. മറ്റ് യുവ താരങ്ങളിൽ ഏറെയും ടോപ് ഓർഡർ ബാറ്റർമാരാണെങ്കിൽ, മധ്യനിരയിൽ നങ്കൂരമിടാനും റൺ നിരക്ക് ഉയർത്താനുമുള്ള ശേഷിയാണ് മുഷീറിനെ വ്യത്യസ്തനാക്കുന്നത്. സീസണിൽ ഇതുവരെ കളിക്കാനായിട്ടില്ല. അനതിവിദൂര ഭാവിയിൽ ദേശീയ ടീമിലെത്തുമെന്നു പ്രവചിക്കപ്പെടുന്ന ക്ലാസിക് ബാറ്റർ.

സ്വസ്തിക് ചിക്കാര

വയസ് 19, ടീം RCB

ഉത്തർ പ്രദേശിൽനിന്നുള്ള ബിഗ് ഹിറ്റിങ് ഓപ്പണർ. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസ് ടീമിലുണ്ടായിരുന്നെങ്കിലും അരങ്ങേറ്റത്തിന് അവസരം കിട്ടിയില്ല. ഇത്തവണ വിരാട് കോലി ഓപ്പണിങ് റോളിൽ ശോഭിക്കുന്നതിനാൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിലും അവസരം കിട്ടിയിട്ടില്ല.

RCB