ഇതിഹാസങ്ങളുടെ അവസാന അങ്കം

Sports Desk

ലോകകപ്പ് ഫുട്ബോൾ വികാര നിർഭരമായ വിടവാങ്ങലുകളുടെ വേദിയാണ്. കാലങ്ങളായി ആരാധകരെ ആവേശത്തിലാഴ്ത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഒരുപിടി താരങ്ങൾ കളത്തിനോട് വിടപറയും. അർജന്‍റൈൻ ഇതിഹാസം ലയണൽ മെസിയും പോർച്ചുഗലിന്‍റെ കപ്പിത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും വിടപറ‍യുമ്പോൾ ഒരു യുഗത്തിന് തിരശീലവീഴും.

ലയണൽ മെസി

(അർജന്‍റീന, 39)

2022ൽ ഖത്തറിൽ ലോകകപ്പ് കിരീടം ഉയർത്തിയ അർജന്‍റീന നായകൻ. ആറാമത്തെ ലോകകപ്പിന് ഒരുങ്ങുന്നു. അർജന്‍റീനയുടെ പ്രതീക്ഷയും ആക്രമണത്തിന്‍റെ കേന്ദ്രബിന്ദുവും.

ക്രിസ്റ്റ്യാനോ റൊണാൾഡോ

(പോർച്ചുഗൽ, 41)

മെസിയെപ്പോലെ ക്രിസ്റ്റ്യാനോയ്ക്കും ആറാം ലോകകപ്പ്. മെസി ലോക കിരീടമെന്ന ല‌ക്ഷ്യം നേടിയപ്പോൾ സിആർ7ന് അത് ഇന്നു അന്യം. യൂറോ കപ്പും രണ്ടു യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും പോർച്ചുഗലിന് സമ്മാനിച്ചത് വലിയ നേട്ടങ്ങൾ. സൗദി ലീഗ് സീസണിൽ ഉശിരൻ ഫോമിലായിരുന്നു.

ലൂക്ക മോഡ്രിച്ച്

(ക്രൊയേഷ്യ, 40)

2018ലെ ബാലൺ ഡി ഓർ ജേതാവ്. അഞ്ചാമത്തെ ലോകകപ്പിന് ഒരുങ്ങുന്നു. ക്രൊയേഷ്യയുടെ സുവർണ തലമുറയെ ഒരിക്കൽക്കൂടി നയിക്കാനുള്ള നിയോഗം. ലോകകപ്പിനുശേഷം വിരമിക്കുമെന്ന് മോഡ്രിച്ച് സൂചിപ്പിച്ചിരുന്നു. 2018 ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യയ്ക്ക് ഇടംനേടിക്കൊടുത്തു. സമകാലിക ഫുട്ബോളിലെ ഏറ്റവും ഭാവനസമ്പന്നനായ മിഡ്ഫീൽഡർ.

മാനുവൽ ന്യൂയർ

(ജർമനി, 40)

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാൾ. കളിക്കുന്നത് അഞ്ചാം ലോകകപ്പ്. 2024 യൂറോകപ്പിനു ശേഷം വിരമിച്ചെങ്കിലും ജർമൻ പരിശീലകൻ ജൂലിയൻ നാഗൽസ്മാന്‍റെ അഭ്യർഥനയെ തുടർന്ന് തിരിച്ചെത്തി. 2014 ലോകകപ്പ് നേടിയ ജർമൻ പടയുടെ ഗോൾവല കാത്ത്, ടീമിന്‍റെ നെടുന്തൂണായി.

എഡിൻ സെക്കോ

(ബോസ്നിയ ആൻഡ് ഹെർസഗോവിന, 40)

ബോസ്നിയയുടെ എക്കാലത്തെയും മികച്ച ഗോൾസ്കോറർ. രാജ്യത്തിന്‍റെ ലോകകപ്പ് പ്രവേശ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 40-ാം വയസിലും ടീമന്‍റെ ആക്രമണത്തിലെ കുന്തമുന.

ഗില്ലെർമോ ഒച്ചോവ

(മെക്സിക്കോ, 40)

ലോകകപ്പിലെ അദ്ഭുത പ്രകടനങ്ങളിലൂടെ പ്രശസ്തൻ. ഒരിക്കൽക്കൂടി ലോകകപ്പ് ടീമിൽ ഇടംനേടി. അസാധാരണ സേവുകൾ നടത്തുന്ന ഒച്ചോവ മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയ താരങ്ങളുടെ നിരയിൽ ഇടംപിടിക്കുന്നു.

മുഹമ്മദ് സലാ

(ഈജിപ്റ്റ്, 33)

ലിവർപൂളിന്‍റെ സൂപ്പർ താരവും ഈജിപ്റ്റിന്‍റെ പ്രതീക്ഷയും. ഇപ്പോഴും ലോകത്തെ ഏറ്റവും അപകടകാരികളായ ഫോർവേഡുകളിൽ ഒരാൾ. പ്രായവും ഈജിപ്റ്റിന്‍റെ സാധ്യതകളും പരിഗണിക്കുമ്പോൾ 2026ലേത് അദ്ദേഹത്തിന്‍റെ അവസാന ലോകകപ്പ് ആകാം.

നെയ്മർ

(ബ്രസീൽ, 34)

ലോകകപ്പ് വേദി ഉണരുമ്പോഴേക്കും നെയ്മർ പൂർണ കായികക്ഷമത വീണ്ടെടുക്കണേയെന്നാണ് ബ്രസീലിയൻ ആരാധകരുടെ പ്രാർഥന. നെയ്മർ പ്രതിഭയെ നീതീകരിച്ചാൽ കാനറികൾ മുന്നോട്ടുപോകും. ബ്രസീലിനൊപ്പം ഒരു ലോകകപ്പ് ട്രോഫിയെന്ന സ്വപ്നം ഇതുവരെ പൂവണിയാത്ത നെയ്മറിന് ഇത് അവസാന അവസരം.

നിക്കോളാസ് ഒട്ടമെൻഡി

(അർജന്‍റീന, 38)

കഴിഞ്ഞ ലോകകപ്പിലെ ജേതാക്കളായ അർജന്‍റീനയുടെ പ്രതിരോധനിരയിലെ നട്ടെല്ല്. നാലാം ലോകകപ്പിനിറങ്ങുന്നു. യുവതാരങ്ങൾക്ക് ഊർജം പകരുന്നതും വഴികാട്ടുന്നതുമായ ഒട്ടമെൻഡിയുടെ മിന്നും പ്രകടനങ്ങൾ എന്നെന്നും ഓർമയിൽ തങ്ങും.

കാസെമിറോ

(ബ്രസീൽ, 34)

മധ്യനിര താരം. ബ്രസീലിന്‍റെ അനുഭവസമ്പത്തുള്ള പ്രതിഭ. ടീമിന്‍റെ പ്രതിരോധ-മധ്യനിര സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന സുപ്രധാന കണ്ണി. ഇത് നാലാം ലോകകപ്പ്. കിരീട നേട്ടത്തിലൂടെ ലോകകപ്പ് കരിയറിന് അതുല്യമായ പരിസമാപ്തി കുറിക്കാൻ കാസെമിറോ മോഹിക്കുന്നു.

വിർജിൽ വാൻ ഡൈക്ക്

(നെതർലൻഡ്സ്, 34)

ഹാമിഷ് റോഡ്രിഗസ്

(കൊളംബിയ, 34)

സൺ ഹ്യൂങ് മിൻ

(ദക്ഷിണ കൊറിയ, 33)