ലോകകപ്പിന്‍റെ താരോദയങ്ങൾ

Sports Desk

മെസിയുടെയോ ക്രിസ്റ്റ്യാനോയുടെയോ എംബാപ്പെയുടെയോ താരപ്രഭയില്ല. ഇവർ ഈ ലോകകപ്പിൽ ഉദയം ചെയ്ത താരങ്ങൾ. ആദ്യ പേരാവേണ്ട കേപ്പ് വെർദെ ഗോളി ഇതിനകം ഒന്നരക്കോടി ഇൻസ്റ്റഗ്രാം ഫോളോവേഴ്സുമായി സൂപ്പർ താരം തന്നെയായി മാറിയിരിക്കുന്നു.

ലിവാനോ കോമെനെൻസിയ (കുറസാവോ)

ലോകകപ്പ് ചരിത്രത്തിൽ യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യത്തിന്‍റെ ആദ്യ ലോകകപ്പ് ഗോൾ. തോൽവിയുടെ വേദനയ്ക്കിടയിലും കുറസാവോയുടെ ഫുട്ബോൾ ചരിത്രത്തിൽ കോമെനെൻസിയ എന്ന 22-കാരൻ സ്വന്തം പേര് എഴുതിച്ചേർത്തു.

ബൗലെം ഖൂഖി (ഖത്തർ)

ഗോൾ അടിച്ചില്ലെങ്കിലും നിർണായകമായ സമനില ഗോളിന് വഴിയൊരുക്കിയ ഖത്തറിന്‍റെ സ്വന്തം പ്രതിരോധ താരം. സ്റ്റോപ്പേജ് ടൈമിൽ ഖത്തറിന് ആദ്യ ലോകകപ്പ് പോയിന്‍റ് നേടിക്കൊടുക്കുന്നതിൽ ഖൂഖിയുടെ ആത്മസമർപ്പണം നിർണ്ണായകമായി.

ജോവോ ലൂക്കിച്ച് (ബോസ്നിയ-ഹെർസെഗോവിന)

ബോസ്നിയക്കു വേണ്ടി ലൂക്കിച്ച് നേടുന്ന ആദ്യ ഗോൾ ഈ ലോകകപ്പിലാണ്. കാനഡയുടെ മണ്ണിൽ പിറന്ന ആദ്യ ലോകകപ്പ് ഗോളെന്ന ഖ്യാതി ഇനി ലൂക്കിച്ച് എന്ന ഈ താരത്തിന് സ്വന്തം. മുമ്പ് രാജ്യത്തിനായി ഒരു മത്സരം മാത്രം കളിച്ച ലൂക്കിച്ച്, ദേശീയ ടീമിലെ തന്‍റെ ആദ്യ മത്സരത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ചു.

എലൈജ ജസ്റ്റ് (ന്യൂസിലാൻഡ്)

ഇറാനെതിരായ മത്സരത്തിൽ ന്യൂസിലാൻഡിന്‍റെ രക്ഷകനായ താരം. തൊടുത്ത രണ്ട് ഷോട്ടുകളിൽ നിന്ന് രണ്ട് ഗോളുകൾ! ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടുന്ന ആദ്യ ന്യൂസിലാൻഡ് താരം എന്ന റെക്കോർഡ് ജസ്റ്റ് സ്വന്തമാക്കി.

ഇമാം അഷൂർ (ഈജിപ്റ്റ്)

ബെൽജിയം പോലൊരു വമ്പൻ ടീമിനെതിരെ ദൂരത്തുനിന്നൊരു മിന്നൽ പ്രഹരം. ജെറമി ഡോകുവും കെവിൻ ഡിബ്രുയ്നെയും മുഹമ്മദ് സലായും അണിനിരന്ന മത്സരത്തിൽ, അപ്രതീക്ഷിതമായി ഉദയം ചെയ്ത ഈ അൽ അഹ്ലി വിങ്ങർ മാൻ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കി ലോകത്തെ അമ്പരപ്പിച്ചു.