ഫേവറിറ്റ് ടീം പുറത്തായോ? ഇനി ഫുഡ് നോക്കി ടീം തെരഞ്ഞെടുക്കാം!

Sports Desk

നിങ്ങളുടെ പ്രിയപ്പെട്ട ടീം ലോകകപ്പിൽ നിന്ന് പുറത്തായോ? വിഷമിക്കേണ്ട, കളി ഇനിയും ബാക്കിയാണ്! ക്വാർട്ടർ ഫൈനലിൽ അവശേഷിക്കുന്ന എട്ടു ടീമുകളിൽ ആരെ പിന്തുണയ്ക്കണം എന്നറിയാതെ കുഴങ്ങുന്നവർക്കായി ഇതാ ഒരു കൊച്ച് ഫുഡ് ഗൈഡ്. ഓരോ രാജ്യത്തിന്‍റെയും പ്രശസ്തമായ ഭക്ഷ്യവിഭവം നോക്കി ഇഷ്ടം തീരുമാനിക്കാം.

അർജന്‍റീന

താരങ്ങൾ: ലയണൽ മെസ്സി, എമി മാർട്ടിനസ്

എന്തുകൊണ്ട്: അർജന്‍റീനയെ പിന്തുണയ്ക്കാൻ മെസി മാത്രം മതിയല്ലോ! ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറർ (21 ഗോളുകൾ). ഇത്തവണ എട്ടു ഗോളുമായി മിന്നിനിൽക്കുന്നു. നല്ല സ്റ്റീക്ക് ഇഷ്ടപ്പെടുന്നവർക്ക്, ലോകം കണ്ട എക്കാലത്തെയും മികച്ച പത്താം നമ്പർ താരങ്ങളെക്കൂടി ഇഷ്ടമാണെങ്കിൽ അർജന്‍റീന തന്നെയാണ് ബെസ്റ്റ്.

അർജന്‍റൈൻ സ്റ്റീക്ക്

ബെൽജിയം

താരങ്ങൾ: കെവിൻ ഡി ബ്രൂയിൻ, തിബോ കോർട്ടോ.

എന്തുകൊണ്ട്: വലിയ പ്രതീക്ഷകളില്ലാതെ വന്ന് അദ്ഭുതങ്ങൾ കാട്ടുന്നവർ. വാഫിൾസ്, ചോക്ലേറ്റ്, ഒപ്പം കുറേ കാലമായി കളിച്ച് അൽപ്പം തളർന്നിട്ടുണ്ടെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു 'ഗോൾഡൻ ജനറേഷൻ' ഇഷ്ടമാണെങ്കിൽ ബെൽജിയം മതി.

ബെൽജിയൻ ചോക്കലേറ്റ് വാഫിൾസ്

ഇംഗ്ലണ്ട്

താരങ്ങൾ: ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം.

എന്തുകൊണ്ട്: ഫുട്ബോൾ കണ്ടുപിടിച്ചത് ഇംഗ്ലണ്ടുകാരാണെന്ന് പറയുമെങ്കിലും വലിയ ടൂർണമെന്‍റുകളിലൊന്നും സ്ഥിരമായി മികവ് കാട്ടാറില്ല. 1966-നു ശേഷം ഒരു കപ്പും നേടിയിട്ടില്ല! ദശകങ്ങളായുള്ള വേദനയും, ഒപ്പം ഫിഷ് ആൻഡ് ചിപ്‌സും ലയൺസിനെയും ഇഷ്ടമാണെങ്കിൽ ഇംഗ്ലണ്ട് പോരേ?

ഇംഗ്ലിഷ് ഫിഷ് ആൻഡ് ചിപ്സ്

ഫ്രാൻസ്

താരങ്ങൾ: കിലിയൻ എംബാപ്പെ, മൈക്കൽ ഒലീസ്

എന്തുകൊണ്ട്: 2018-ലെ ചാംപ്യൻമാർ, 2022-ലെ റണ്ണർ അപ്പ്! ഇത്തവണയും എല്ലാവരുടെയും ഫേവറിറ്റ്. വലിയ ടവറുകൾ, ഷാംപെയ്ൻ, പേടിപ്പിക്കുന്ന മുന്നേറ്റനിര - ഇതിനൊക്കെ ആരെങ്കിലും 'നോ' പറയുമോ?

ഫ്രഞ്ച് ഷാംപെയ്ൻ

മൊറോക്കോ

താരങ്ങൾ: അഷ്റഫ് ഹക്കിമി, യാസിൻ ബോണോ.

എന്തുകൊണ്ട്: 2022-ൽ സെമിയിലെത്തി ചരിത്രം കുറിച്ചവർ. അണ്ടർഡോഗുകളെ സ്നേഹിക്കുന്നവർക്ക്, ചിക്കൻ ടജൈൻ ഇഷ്ടപ്പെടുന്നവർക്ക്, മൊറോക്കോയെ കണ്ണുമടച്ച് പിന്തുണയ്ക്കാം. മരുഭൂമിയുടെ കാഠിന്യമുള്ള പോരാളികൾ!

മൊറോക്കൻ ചിക്കൻ ടജൈൻ.

നോർവേ

താരങ്ങൾ: എർലിങ് ഹാലൻഡ്, മാർട്ടിൻ ഒഡെഗാർഡ്.

എന്തുകൊണ്ട്: വൈക്കിങ് വേഷത്തിൽ ചെണ്ടയടിച്ച് ആർപ്പുവിളിക്കുന്ന ആരാധകരെ ഇഷ്ടമാണോ? വലിയ ഗോൾവേട്ടക്കാരനായ ഹാലൻഡിനെ? ഫോറീകോൾ കൂടി ഇഷ്ടമാണെങ്കിൽ, ബ്രസീലിനെ വരെ വിറപ്പിച്ച ഈ ടീമിനെ ആർക്കാണ് ഇഷ്ടപ്പെടാത്തത്!

നോർവീജിയൻ ഫോറീകോൾ

സ്പെയിൻ

താരങ്ങൾ: ലമിൻ യമാൽ, ഉനായ് സൈമൺ

എന്തുകൊണ്ട്: ഈ ടൂർണമെന്‍റിൽ ഇതുവരെ സ്പെയിൻ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല! പതിനാറുകാരൻ ലമിൻ യമാലിന്‍റെ മാന്ത്രിക പ്രകടനം കാണണമെങ്കിൽ സ്പെയിൻ തന്നെ വേണം. ടാപാസിനൊപ്പം മികച്ച പൊസഷൻ ഫുട്ബോളും വിങ്ങുകളിലൂടെയുള്ള കുതിപ്പും ഇഷ്ടപ്പെടുന്നവർക്ക് സ്പെയിൻ മികച്ച ചോയ്സ്.

സ്പാനിഷ് ടാപാസ്

സ്വിറ്റ്സർലൻഡ്

താരങ്ങൾ: ഗ്രാനിറ്റ് ഷാക്ക, ജോഹാൻ മൻസാംബി.

എന്തുകൊണ്ട്: 72 വർഷത്തിനു ശേഷം ക്വാർട്ടറിലെത്തിയവർ. 90 മിനിറ്റ് കൊണ്ട് ഇവരെ തകർക്കുക എളുപ്പമല്ല. റോജർ ഫെഡററെയും, പ്രശസ്തമായ സ്വിസ് ചീസും ഇഷ്ടമാണെങ്കിൽ, അച്ചടക്കമുള്ള അവരുടെ കളിയും ഇഷ്ടപ്പെടും.

സ്വിസ് ചീസ് ഫോൺഡൂ.