Sports Desk
രസകരങ്ങളായ കണക്കുകളും കൗതുകങ്ങളും വിസ്മയങ്ങളും നിറഞ്ഞതാണ് ഓരോ ലോകകപ്പും.അമെരിക്കയിലും മെക്സിക്കോയിലും ക്യാനഡയിലുമായി ഫുട്ബോൾ മാമാങ്കത്തിന് കൊടിയുയരുമ്പോൾ മക്കൾ മാഹാത്മ്യത്തിനും ലോകം സാക്ഷ്യംവഹിക്കും. മഹാൻമാരായ അച്ഛൻമാരുടെ പാത പിന്തുടർന്ന് ഇക്കുറി ലോകകപ്പ് കളിക്കാനെത്തുന്നത് ചില്ലറക്കാരല്ല.
ലൂക്ക സിദാൻ
ലോകകപ്പിലെ താര പുത്രൻമാരിൽ ഏറ്റവും പ്രധാനി. ഫ്രാൻസിന് ലോക കിരീടം നേടിക്കൊടുത്ത സാക്ഷാൽ സിനദിൻ സിദാന്‍റെ മകൻ. പക്ഷേ, ലൂക്ക കളിക്കുന്നത് അൾജീരിയൻ ജഴ്സിയിൽ. സിദാനെപ്പോലെ പ്ലേ മേക്കറല്ല, ഗോൾ കീപ്പറാണ്. ഒക്റ്റോബറിൽ അൾജീരിയയ്ക്കായി അരങ്ങേറി. സ്പാനിഷ് ക്ലബ്ബ് ഗ്രനാഡയുടെ ഗോൾ വല കാക്കുന്നു.
ജൂലിയാനോ സിമിയോണി
അർജന്‍റീനയ്ക്കുവേണ്ടി മൂന്നു ലോകകപ്പ് കളിച്ചിട്ടുള്ള താരവും വിഖ്യാത പരിശീലകനുമായ ഡീഗോ സിമിയോണിയുടെ മകൻ. വിങ്ങറായ ജൂലിയാനോയും അർജന്‍റീനയ്ക്കു വേണ്ടി കളിക്കുന്നു. ഡീഗോ സിമിയോണി പരിശീലിപ്പിക്കുന്ന സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെയും ഭാഗം. അർജന്‍റീന ടീമിലെ സുപ്രധാന കളിക്കാരൻ. 2025ൽ ബ്രസീലിനെതിരേ ഗോളടിച്ചു.
ജസ്റ്റിൻ ക്ലൈവർട്ട്
നെതർലൻഡ്സിന്‍റെ എക്കാലത്തെയും മികച്ച സ്കോറർമാരിലൊരാളായ പാട്രിക് ക്ലൈവർട്ടിന്‍റെ പുത്രൻ. 1998 ലോകകപ്പിൽ, അർജന്‍റീനയ്ക്കെതിരേ ക്വാർട്ടർ ഫൈനലിലും ബ്രസീലിനെതിരേ സെമിയിലും ക്ലൈവർട്ട് സ്കോർ ചെയ്തു. അറ്റാക്കിങ് മിഡ്ഫീൽഡറാണ് ജസ്റ്റിൻ ക്ലൈവർട്ട്. ഇംഗ്ലിഷ് ക്ലബ്ബ് ബേൺമൗത്തിനായി ഉശിരൻ പ്രകടനങ്ങൾ.
എർലിങ് ഹാലൻഡ്
സമകാലിക ഫുട്ബോളിലെ ഏറ്റവും പ്രഹരശേഷിയുള്ള സ്ട്രൈക്കർ. മാഞ്ചസ്റ്റർ സിറ്റിയുടെയും നോർവെയുടെയും താരം. 1994 ലോകകപ്പിൽ നോർവെയ്ക്കുവേണ്ടി ബൂട്ടുകെട്ടിയ ആൽഫി ഹാലൻഡിന്‍റ മകൻ. അച്ഛന്‍റെ അഭിമാനം ഉയർത്തുന്ന പ്രകടനം തന്നെ നോർവെ ആരാധകർ പ്രതീക്ഷിക്കും.
ഫ്രാൻസിസ്കോ കൊൺസെസാവു
ലോകകപ്പിലെ ഫാൻ ഫേവറിറ്റ് ടീമുകളിലൊന്നായ പോർച്ചുഗലിന്‍റെ വിങ്ങർ. 2024 യൂറോ കപ്പിൽ പോർച്ചുഗലിന്‍റെ ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരേ കൊൺസെസാവു സ്കോർ ചെയ്തു. യുവേഫ നേഷൻസ് കപ്പ് സെമിയിലും സ്കോർ ഷീറ്റിലെത്തി. 2002 ലോകകപ്പ് കളിച്ച സെർജിയോ കൊൺസേസാവുവിന്‍റെ മകൻ.
സെബാസ്റ്റ്യൻ ബെർഹാൾട്ടർ
2002 ലോകകപ്പിൽ അമെരിക്കൻ ടീമിൽ ഇടംപിടിച്ച ഗ്രെഗ് ബെർഹാൾട്ടറുടെ മകൻ
sebastian berhalter
ലീ ടെയ്സിയോക്
2002ൽ ദക്ഷിണ കൊറിയയ്ക്കായി കളിച്ച ലി യൂലിയോങ്ങിന്‍റെ മകൻ.
ആംഗസ് ഗൺ
1990 ലോകകപ്പിൽ സ്കോട്ട്ലൻഡിന്‍റെ പ്രതിനിധീകരിച്ച ഗോളി ബ്രയ്ൻ ഗണ്ണിന്‍റെ മകൻ.