Ardra Gopakumar
'ക്രിക്കറ്റിന്‍റെ ദൈവം' എന്നറിയപ്പെടുന്ന സച്ചിൻ ടെൻഡുൽക്കർ തന്‍റെ 52-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ പേരായ സച്ചിൻ ടെൻഡുൽക്കറുടെ ജീവിതം തുറന്ന പുസ്തകം പോലെയാണെങ്കിലും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങൾ പലർക്കും അറിയില്ല. മാസ്റ്റർ ബ്ലാസ്റ്ററുടെറെ ജന്മദിനത്തിൽ അത്തരം ചില കൗതുക കഥകൾ അറിയാം:
അരങ്ങേറ്റം പാക്കിസ്ഥാനു വേണ്ടി
1989 നവംബറിൽ 16 -ാം വയസിൽ സച്ചിൻ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ചു എന്നത് എല്ലാവർക്കും പരിചിതമാണ്. പക്ഷേ, അതിനു മുമ്പ്, 1987 ജനുവരി 20-ന്, സച്ചിൻ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ പാക്കിസ്ഥാനുവേണ്ടി ഫീൽഡറായി ഇറങ്ങിയിരുന്നു.
ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഈ മത്സരം അന്താരാഷ്ട്ര പദവിയില്ലാത്ത സൗഹൃദ മത്സരമായിരുന്നു.
ആഗ്രഹം ബൗളറാകാൻ
സച്ചിന് യഥാർഥത്തിൽ ഒരു ഫാസ്റ്റ് ബൗളറാകാനായിരുന്നു ആഗ്രഹം. എന്നാൽ, 1987ൽ ചെന്നൈയിലെ എംആർഎഫ് പേസ് ഫൗണ്ടേഷനിൽ വച്ച് ഓസ്‌ട്രേലിയൻ ഇതിഹാസ ബൗളറായ ഡെന്നിസ് ലില്ലി അദ്ദേഹത്തിന്‍റെ ഈ ആഗ്രഹത്തെ എതിർക്കുകയായിരുന്നു. അതിനുശേഷമായിരുന്നു സച്ചിൻ സ്പിൻ ബൗളിങ്ങിലേക്കും ബാറ്റിങ്ങിലേക്കും തിരിഞ്ഞത്.
സച്ചിൻ എന്ന പേര്
സച്ചിന്‍റെ അച്ഛൻ വലിയ സംഗീതപ്രിയനായിരുന്നു. അതിനാൽ അദ്ദേഹം തന്‍റെ മകന് സംഗീത സംവിധായകനായ സച്ചിൻ ദേവ് ബർമന്‍റെ പേരാണ് മകന് നൽകിയത്.
അഞ്ജലിയുമായുള്ള കണ്ടുമുട്ടൽ
1990ൽ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സച്ചിൻ അഞ്ജലിയെ ആദ്യമായി കാണുന്നത്. മുംബൈ വിമാനത്താവളത്തിൽ അമ്മയെ യാത്രയാക്കാനെത്തിയതായിരുന്നു അഞ്ജലി. അദ്ദേഹത്തിന് അന്ന് വെറും 17 വയസായിരുന്നു പ്രായം.
"സച്ചിന്‍റെ ബാറ്റിങ് കാണൂ!"
ക്രിക്കറ്റ് ഇതിഹാസമായ ഡോൺ ബ്രാഡ്മാൻ തന്‍റെ ആത്മകഥയിൽ സച്ചിൻ തന്നെപ്പോലെ തന്നെ കളിക്കുന്നയാളാണെന്ന് എഴുതിയിട്ടുണ്ട്. സച്ചിന്‍റെ ബാറ്റിങ് സാങ്കേതികതയിൽ ആകൃഷ്ടനായ ബ്രാഡ്മാൻ, തന്‍റെ ഭാര്യയോട് സച്ചിന്‍റെ ബാറ്റിങ് കാണാൻ ആവശ്യപ്പെട്ടിരുന്നു.
മൂന്നാം നമ്പർ തൊട്ടിട്ടില്ല!!
സച്ചിൻ തന്‍റെ മുഴുവൻ ടെസ്റ്റ് കരിയറിൽ ഒരിക്കൽപ്പോലും മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിട്ടില്ല. 273 തവണ നാലാം നമ്പറിലും, 29 തവണ അഞ്ചാം നമ്പറിലും, 24 തവണ ഏഴാം നമ്പറിലും, ഒരിക്കൽ മാത്രം ഓപ്പണറായും അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ട്.
സമ്മാനം മോഷണം പോയി
സച്ചിന് 14 വയസുള്ളപ്പോൾ സുനിൽ ഗവാസ്കർ തന്‍റെ അൾട്രാ ലൈറ്റ് പാഡുകൾ അദ്ദേഹത്തിനു സമ്മാനമായി നൽകിയിരുന്നു. എന്നാൽ, ഇൻഡോറിലെ അണ്ടർ-15 നാഷണൽ കപ്പിനിടെ ഇവ മോഷ്ടിക്കപ്പെട്ടു. ഇതിൽ സച്ചിൻ വളരെ ദുഃഖിതനായിരുന്നെന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി.
അടിയുറച്ച് നിലപാട്
തന്‍റെ 24 വർഷം നീണ്ട കരിയറിൽ, സച്ചിന്‍ ഒരിക്കൽപ്പോലും മദ്യത്തിന്‍റെയോ പുകയില ഉത്പന്നങ്ങളുടെയോ പരസ്യത്തിൽ പ്രത്യക്ഷനായിട്ടില്ല. വമ്പൻ തുക വാഗ്ദാനം ചെയ്തിട്ടും അദ്ദേഹം തന്‍റെ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുകയായിരുന്നു.
സച്ചിന്‍ ട്രിക്ക്
സച്ചിൻ കുട്ടിക്കാലത്ത് കളിക്കിടെ, റബ്ബർ പന്ത് വെള്ളത്തിൽ മുക്കി എറിയാൻ തന്‍റെ സുഹൃത്ത് രമേശ് പർദെയോട് ആവശ്യപ്പെടുമായിരുന്നു. ബാറ്റിലെ നനഞ്ഞ പാടുകൾ നോക്കി, പന്ത് ബാറ്റിന്‍റെ മധ്യത്തിൽ തന്നെയാണോ കൊള്ളുന്നതെന്നു തിരിച്ചറിയാനായിരുന്നു ഇത്.
13 നാണയങ്ങൾ
സച്ചിന് തന്‍റെ ബാല്യകാല പരിശീലകന്‍ രമാകാന്ത് അച്‌രേക്കർ ഒരിക്കൽ ഒരു ഓഫർ നൽകി. മത്സരത്തിന്‍റെ മുഴുവൻ സെഷനും പുറത്താകാതെ കളിച്ചാൽ ഒരു നാണയം സമ്മാനിക്കുമെന്ന്. അങ്ങനെ 13 നാണയങ്ങൾ സച്ചിന്‍ സ്വന്തമാക്കി.