VK SANJU
കൊച്ചി ടസ്കേഴ്സ് കേരള- ഐപിഎല്ലിന്‍റെ 2011 എഡിഷനിൽ മാത്രം കളിച്ച ടീം. കേരളത്തിന്‍റെ തകർന്നു പോയ ഐപിഎൽ സ്വപ്നങ്ങളുടെ നൊമ്പരസ്മരണ. കൊച്ചി ടസ്കേഴ്സിന്‍റെ അവസാന മത്സരത്തിനിറങ്ങിയ പ്ലെയിങ് ഇലവൻ ഇതാ....
1. ബ്രണ്ടൻ മക്കല്ലം
ന്യൂസിലൻഡിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റർ. ടെസ്റ്റ് ക്രിക്കറ്റ് ലോകത്തിനു ബാസ്ബോൾ പരിചയപ്പെടുത്തിയ പരിശീലകൻ. ആദ്യ ഐപിഎൽ സീസണിലെ ആദ്യ സെഞ്ചുറിക്ക് ഉടമ. 2.18 കോടി രൂപയ്ക്ക് കൊച്ചി ടസ്കേഴ്സ് സ്വന്തമാക്കി. കളിച്ച 13 മത്സരങ്ങളിൽ 357 റൺസുമായി ടോപ് സ്കോറർ. 018 വരെ ഐപിഎല്ലിൽ തുടർന്നു. 2019 വാങ്ങാൻ ആളില്ലാതെ പിൻമാറ്റം.
2. പാർഥിവ് പട്ടേൽ
ഇന്ത്യയുടെയും ഗുജറാത്തിന്‍റെയും വിക്കറ്റ് കീപ്പർ ബാറ്റർ. കൊച്ചി ടസ്കേഴ്സ് കളിച്ച 14 മത്സരങ്ങളിലും പങ്കാളിത്തം. 20 റൺസ് ശരാശരിയിൽ 202 റൺസ്. അവസാന മത്സരത്തിൽ ക്യാപ്റ്റൻ. അഞ്ച് വ്യത്യസ്ത ടീമുകൾക്കു വേണ്ടി ഐപിഎൽ കളിച്ചു.
3. വൈ. ജ്ഞാനേശ്വര റാവു
ജ്ഞാനേശ്വര റാവു നയിച്ച ഇന്ത്യ അണ്ടർ-19 ടീമിൽ അംഗങ്ങളായിരുന്നു സുരേഷ് റെയ്നയും ഇർഫാൻ പഠാനും അമ്പാടി റായുഡുവും. കൊച്ചി ടസ്കേഴ്സിനു വേണ്ടി 2011 സീസണിൽ രണ്ടു മത്സരങ്ങൾ, നേടിയത് 19 റൺസ്. ഐപിഎല്ലിൽ അദ്ദേഹത്തിന്‍റെ ആദ്യത്തെയും അവസാനത്തെയും സീസൺ അതായിരുന്നു.
4. ബ്രാഡ് ഹോഡ്ജ്
ലോകത്തെ ഏറ്റവും മികച്ച ട്വന്‍റി20 ബാറ്ററായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഓസ്ട്രേലിയൻ ഓൾറൗണ്ടർ. കൊച്ചി ടസ്കേഴ്സ് നേടിയ ആറ് വിജയങ്ങളിലും നിർണായക പങ്ക്. 14 മത്സരങ്ങളിൽ 285 റൺസും ഏഴ് വിക്കറ്റും. 2014ൽ അവസാന ഐപിഎൽ മത്സരം, രാജസ്ഥാനു വേണ്ടി. 2018ൽ ക്രിക്കറ്റിൽനിന്ന് വിരമിച്ചു, അതേ വർഷം കിങ്സ് ഇലവൻ പഞ്ചാബിന്‍റെ പരിശീലകനായെങ്കിലും സീസൺ തുടങ്ങും മുൻപേ പുറത്തായി.
5. രവീന്ദ്ര ജഡേജ
4.37 കോടി രൂപയ്ക്കാണ് ജഡേജയെ കൊച്ചി ടസ്കേഴ്സ് സ്വന്തമാക്കിയത്. 14 മത്സരങ്ങളും കളിച്ച നാലു പേരിലൊരാൾ. 31 റൺ ശരാശരിയിൽ 283 റൺസും, എട്ട് വിക്കറ്റും. പിന്നീട് ഇന്ത്യയുടെ ദേശീയ ടീമിലെ നിർണായക സാന്നിധ്യം. നിലവിൽ ചെന്നൈ സൂപ്പർ കിങ്സ് ഏറ്റവും കൂടുതൽ പണം മുടക്കി നിലനിർത്തിയ താരം.
6. ഒവൈസ് ഷാ
ഇംഗ്ലണ്ടിന്‍റെ മധ്യനിര ബാറ്റർ കൊച്ചിക്കു വേണ്ടി കളിക്കാനിറങ്ങിയത് മൂന്നു മത്സരങ്ങളിൽ. ഉയർന്ന സ്കോർ 23 റൺസ്, ആകെ നേടിയത് 26. അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിലെത്തി. 2013 വരെ അവിടെ തുടർന്നു.
7. കേദാർ യാദവ്
ഇന്ത്യൻ ടീമിലെത്തും മുൻപേ കൊച്ചി ടസ്കേഴ്സിലെത്തി. ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്നു. ആറ് മത്സരങ്ങളിൽ 18 റൺസും. പിന്നീട് ഐപിഎല്ലിലും ഇന്ത്യൻ ടീമിലും സജീവമാകുകയും ക്രമേണ സ്ഥാനം നഷ്ടമാകുകയും ചെയ്തു.
8. ആർ. വിനയ് കുമാർ
ഡൊമസ്റ്റിക് ജയന്‍റ് എന്നു വിശേഷിപ്പിക്കാവുന്ന കർണാടക പേസ് ബൗളർ. കൊച്ചിക്കു വേണ്ടി കളിച്ച 13 മത്സരങ്ങളിൽ നാല് വിക്കറ്റ് മാത്രം. പിന്നീട് ആർസിബിയിലും കെകെആറിലും മുംബൈ ഇന്ത്യൻസിലും കളിച്ചു. ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും നിലനിർത്താൻ സാധിച്ചില്ല.
9. ആർ.പി. സിങ്
ആദ്യമായി ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ ബൗളിങ് ഹീറോ. 2009 ഐപിഎൽ സീസണിലെ പർപ്പിൾ ക്യാപ്പ് വിന്നർ. തുടർച്ചയായി 140 കിലോമീറ്ററിനു മുകളിൽ പന്തെറിഞ്ഞിരുന്ന ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ. പ്രതീക്ഷകളോട് നീതു പുലർത്താൻ കഴിയാതെപോയ ഉത്തർപ്രദേശുകാരൻ. കൊച്ചിക്കു വേണ്ടി 14 മത്സരങ്ങളിൽ 13 വിക്കറ്റ്. പിന്നീട് മൂന്ന് ടീമുകളുടെ ഭാഗം. 31 വയസിനു ശേഷം ആഭ്യന്തര ക്രിക്കറ്റ് പോലും കളിച്ചിട്ടില്ല.
10. എസ്. ശ്രീശാന്ത്
കൊച്ചി ടസ്കേഴ്സിലെ കേരളത്തിന്‍റെ മുഖം.പ്രശാന്ത് പരമേശ്വരനും റൈഫി വിൻസന്‍റ് ഗോമസും പി. പ്രശാന്തും ടീമിലുണ്ടായിരുന്നെങ്കിലും മലയാളി താരസാന്നിധ്യം ശ്രീശാന്ത് തന്നെയായിരുന്നു. 1.14 കോടി രൂപയ്ക്ക് ടീമിലെത്തി. 9 മത്സരങ്ങളിൽ 7 വിക്കറ്റ്. ഐപിഎല്ലിൽ മൂന്നു ടീമുകൾക്കു വേണ്ടി കളിച്ചു. 2007ലെ ട്വന്‍റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ അംഗം.
11. മുത്തയ്യ മുരളീധരൻ
ഐപിഎല്ലിൽ മൂന്ന് വർഷം ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിച്ച ശേഷം കൊച്ചിയിലേക്ക്. അഞ്ച് മത്സരങ്ങളിൽ രണ്ട് വിക്കറ്റ് മാത്രം. അടുത്ത മൂന്ന് സീസണുകളിൽ ആർസിബിയിൽ കളിച്ചു, പിന്നീട് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ചു.
മറ്റു പ്രമുഖർ
വി.വി.എസ്. ലക്ഷ്മൺ: ഇന്ത്യൻ ക്രിക്കറ്റിലെ വെരി വെരി സ്പെഷ്യൽ ലക്ഷ്മൺ കൊച്ചി ടസ്കേഴ്സിന്‍റെ ഓപ്പണറായി മൂന്നു മത്സരങ്ങളിലിറങ്ങി. ആകെ 44 റൺസ്, ഉയർന്ന സ്കോർ 36.
മഹേല ജയവർധനെ: കൊച്ചി ടസ്കേഴ്സ് കേരളയുടെ ക്യാപ്റ്റൻ. ഓപ്പണിങ്ങിലും മധ്യനിരയിലും ബാറ്റ് ചെയ്തു, മൂന്ന് അർധ സെഞ്ചുറി സഹിതം 299 റൺസ്.
മറ്റു മലയാളികൾ
റൈഫി വിൻസന്‍റ് ഗോമസ്: ഇന്ത്യൻ അണ്ടർ-19 ടീമിൽ അംഗമായിരുന്ന സീം ബൗളിങ് ഓൾറൗണ്ടർ. 10 മത്സരങ്ങളിൽ 46 റൺസ്, ഉയർന്ന സ്കോർ 26 നോട്ടൗട്ട്. നാല് വിക്കറ്റ്. രാജസ്ഥാൻ റോയൽസിലും പൂനെ വാരിയേഴ്സിലും അംഗമായിരുന്നു.
പ്രശാന്ത് പരമേശ്വരൻ: ഇടങ്കയ്യൻ പേസ് ബൗളർ. ഐപിഎല്ലിലെ അരങ്ങേറ്റ ഓവറിൽ വീരേന്ദർ സെവാഗിന്‍റെ വിക്കറ്റ്, മത്സരത്തിൽ 29 റൺസിന് രണ്ട് വിക്കറ്റുമായി മാൻ ഓഫ് ദ മാച്ച്. ആർസിബിക്കെതിരായ മത്സരത്തിൽ പ്രശാന്തിന്‍റെ ഒരോവറിൽ ക്രിസ് ഗെയ്ൽ 37 റൺസെടുത്തു.
പി. പ്രശാന്ത്: ഇടങ്കയ്യൻ സ്പിന്നറും ലോവർ ഓർഡർ ഹിറ്ററും. ഒരു മത്സരത്തിൽ മാത്രം അവസരം. ഒരോവറിൽ 18 റൺസ് വഴങ്ങി.
പ്രിയദർശൻ സംവിധാനം ചെയ്ത പ്രൊമോ വീഡിയോയിൽ ക്രിക്കറ്റ് താരങ്ങൾക്കു പുറമേ നടി റിമ കല്ലിങ്കലുമെത്തി. തിരു ആയിരുന്നു സിനിമറ്റാഗ്രഫർ. ടീം സോങ് കമ്പോസ് ചെയ്തത് ഔസേപ്പച്ചനും.
ഫുൾ സ്ക്വാഡ്
ബി. അഖിൽ, ബ്രാഡ് ഹോഡ്ജ്, ബ്രണ്ടൻ മക്കല്ലം, ചന്ദൻ മദൻ, ദീപക് ചൗഗുലെ, ജോൺ ഹേസ്റ്റിങ്സ്, കേദാർ യാദവ്, മൈക്കൽ ക്ലിങ്ങർ, മുത്തയ്യ മുരളീധരൻ, ഒവൈസ് ഷാ, പാർഥിവ് പട്ടേൽ, പി. പ്രശാന്ത്, പ്രശാന്ത് പരമേശ്വരൻ, റൈഫി വിൻസന്‍റ് ഗോമസ്, രമേശ് പൊവാർ, രവീന്ദ്ര ജഡേജ, ആർ.പി. സിങ്, എസ്. ശ്രീശാന്ത്, സ്റ്റീവ് ഒകീഫ്, സ്റ്റീവൻ സ്മിത്ത്, സുശാന്ത് മറാഠെ, തന്മയ് ശ്രീവാസ്തവ, തിസര പെരേര, ആർ. വിനയ് കുമാർ, വി.വി.എസ്. ലക്ഷ്മൺ, വൈ. ജ്ഞാനേശ്വര റാവു, യശ്പാൽ സിങ്.