വിൻഡോസ് 10 നെ മൈക്രോസോഫ്റ്റ് കൈയൊഴിയുന്നു, ഡേറ്റ നഷ്ടപ്പെടുമോ?

MV Desk

വിൻഡോസ് 10നുള്ള പിന്തുണ ഒക്റ്റോബർ 14ന് അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ദീർഘമായ 10 വർഷത്തിനു ശേഷമാണ് വിൻഡോസ് 10നെ മൈക്രോസോഫ്റ്റ് കൈയൊഴിയുന്നത്. എത്രയും പെട്ടെന്ന് വിൻഡോസ 11ലേക്ക് അപ്ഗ്രേഡ് ചെയ്യാനാണ് മൈക്രോസോഫ്റ്റ് നിർദേശിക്കുന്നത്.

ഒക്റ്റോബർ 14നു ശേഷം വിൻഡോസ് 10ൽ അപ്ഡേറ്റുകൾ ഒന്നും ഉണ്ടായിരിക്കില്ല. ഫീച്ചറുകളിൽ മാറ്റം ഉണ്ടാകില്ലെന്നതിനു പുറമേ സാങ്കേതിക പിന്തുണയും നിർണായകമായ സെക്യൂരിറ്റി പാച്ചസും ഇല്ലാതാകും.

സപ്പോർട്ട് പിൻവലിക്കുന്നതോടെ വിൻഡോസ് 10 ൽ വൈറസ്, മാൽവെയർ ആക്രമണങ്ങൾക്ക് സാധ്യത കൂടും.

എന്നാൽ ഇക്കാരണത്താൽ നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ പ്രവർത്തനം നിലച്ചേക്കുമെന്ന് ഭയക്കേണ്ടതില്ല.

നിങ്ങളുടെ സിസ്റ്റത്തിൽ പുത്തൻ ഫീച്ചറുകളും സുരക്ഷയും ഉറപ്പാക്കുന്നതിനായി വിൻഡോസ് 11 അപ്ഗ്രേഡ് ചെയ്യാം.

അപ്ഗ്രേഡ് ചെയ്യുന്നതിനു മുൻപായി നിങ്ങളുടെ കമ്പ്യൂട്ടറിലെ പൂർണമായ ബാക്ക് അപ് ക്രിയേറ്റ് ചെയ്യേണ്ടതാണ്.

വിൻഡോസ് 10 എക്സ്റ്റൻഡഡ് സെക്യൂരിറ്റി അപ്ഡേറ്റ്സ്(ഇഎസ് യു) പ്രോഗ്രാമിലേക്ക് എൻറോൾ ചെയ്യുക എന്നതാണ് ഏറ്റവും എളുപ്പമായ മാർഗം. 2026 ഒക്റ്റോബർ 13 വരെ ഈ പ്രോഗ്രാമിന് സപ്പോർട്ട് ഉണ്ടായിരിക്കും.

എലിജിബിലിറ്റി പരിശോധിക്കുന്നതിനായി സെറ്റിങ്സിൽ അപ്ഡേറ്റ് ‌ആൻഡ് സെക്യൂരിറ്റി‌യിൽ ക്ലിക് ചെയ്ത് വിൻഡോസ് അപ്ഡേറ്റിലെത്തി ചെക്ക് ഫോർ അപ്ഡേറ്റ്സ് സെലക്റ്റ് ചെയ്യുക.

നിങ്ങൾക്ക് എലിജിബിലിറ്റി ഇല്ലായെങ്കിൽ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്ത പുതിയ ഡിവൈസ് വാങ്ങേണ്ടതായി വരും.