തായ്‌ലൻഡിലേക്ക് ഇ-വിസ, മലേഷ്യയിലേക്ക് വിസയേ വേണ്ട, യുകെ വിസയ്ക്ക് ചെലവേറും

MV Desk

പുതുവർഷം ആഘോഷിക്കുന്നതിനായി വിദേശരാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുകയാണോ.. തായ്‌ലൻഡ്, മലേഷ്യ, യുകെ തുടങ്ങി ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട വിദേശരാജ്യങ്ങളിലെ വിസ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചറിയാം.

യുഎസ്എ

ഇന്ത്യൻ സഞ്ചാരികൾക്കും പ്രൊഫഷണലുകൾക്കും സഹായകമാകുന്ന വിസ നയമാണ് യുഎസ്എ എടുത്തിരിക്കുന്നത്. വിസ അപ്പോയിന്‍റ്മെന്‍റുകളുടെ എണ്ണം 2025ൽ ഒരു മില്യൺ ആയി വർധിപ്പിക്കും. ഇതോടെ നിരവധി പേർ ആശ്രയിക്കുന്ന ബി1/ബി2 ടൂറിസ്റ്റ്, ബിസിനസ് വിസ ലഭിക്കുന്നതിനു വേണ്ടിയുള്ള കാലതാസമം ഇല്ലാതാകുമെന്നാണ് കരുതുന്നത്.

തായ്‌ലൻഡിൽ ഇന്ത്യക്കാർക്ക് ഇ-വിസ

2025 ജനുവരി 1 മുതൽ ഇന്ത്യൻ പൗരന്മാർ‌ക്ക് ഇ- വിസയുമായി തായ്‌ലൻഡിൽ പ്രവേശിക്കാം.2023 നവംബർ മുതൽ ഇതു വരെയുമുണ്ടായിരുന്ന വിസ ഫ്രീ നയം അവസാനിപ്പിച്ചു കൊണ്ടാണ് തായ്‌ലൻഡിന്‍റെ പുതിയ തീരുമാനം.2024 ഡിസംബർ 31 വരെ ഇന്ത്യൻ സഞ്ചാരികൾക്ക് വിസയില്ലാതെ തായ്‌ലൻഡിലേക്ക് പോകാം.

യുകെ വിസയ്ക്ക് ചെലവേറും

2025 മുതൽ യുകെ വിസയുടെ ഫീസിൽ വലിയ വർധന ഉണ്ടാകും. ഇന്ത്യൻ വിദ്യാർഥികളും നൈപുണ്യ തൊഴിലാളികളുമെല്ലാം 11 ശതമാനം അധികം പണം ഇതിനായി മാറ്റി വയ്ക്കേണ്ടി വരും. ഇത് വിദ്യാർഥികളുടെ സാമ്പത്തിക സ്ഥിരതയെ കാര്യമായി തന്നെ ബാധിച്ചേക്കാം.

മലേഷ്യയിൽ വിസയില്ലാതെ പോകാം 2026 വരെ

മലേഷ്യയിലേക്ക് 2026 വരെ വിസയില്ലാതെ ഇന്ത്യക്കാർക്ക് പ്രവേശിക്കാം. മലേഷ്യയുടെ ടൂറിസം വികസനത്തിന്‍റെ ഭാഗമായാണ് ഈ നയം.

സിംബാബ്‌വേയിലേക്ക് ഇ- വിസ

സിംബാബ്‌വേയിലേക്ക് പ്രവേശിക്കണമെങ്കിൽ ഇന്ത്യക്കാർക്ക് ഇ- വിസ പ്രയോജനപ്പെടുത്താം. യാത്രയ്ക്ക് 72 മണിക്കൂർ മുൻപേ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. രാജ്യത്തെ വിമാനത്താവളത്തിൽ നിന്ന് ഇ-വിസ ലഭ്യമാകും.

ജപ്പാനിലും ഇ-വിസ

ഇന്ത്യക്കാർക്കായി ഇ-വിസ പോർട്ടൽ ലോഞ്ച് ചെയ്തു കഴിഞ്ഞിരിക്കുകയാണ് ജപ്പാൻ. ഓഗസ്റ്റിലാണ് ഈ നയം പ്രഖ്യാപിച്ചത്. ഏപ്രിൽ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇ-വിസയ്ക്കായി അപേക്ഷിക്കാം. ടൂറിസം വിസകളാണ് ഇത്തരത്തിൽ നൽകുന്നത്.