
കൊച്ചി: ഉത്സവകാലത്തിനു മുന്നോടിയായി ഒക്റ്റോബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 123 ടണ്‍ സ്വര്‍ണം. കഴിഞ്ഞ 31 മാസത്തിനിടയിലെ ഏറ്റവും വലിയ ഇറക്കുമതിയാണിത്. ദീപാവലി, നവരാത്രി, ദസറ ആഘോഷങ്ങളോടനുബന്ധിച്ച് ആഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയതാണ് സ്വര്‍ണ ഇറക്കുമതി കൂടാൻ വഴിയൊരുക്കിയത്. 2022ലെ ഒക്റ്റോബറില്‍ 77 ടണ്ണായിരുന്നു ഇറക്കുമതി, 60 ശതമാനമാണ് കഴിഞ്ഞമാസത്തെ വര്‍ധന.
കഴിഞ്ഞ പത്ത് വർഷമെടുത്താൽ ഓരോ വര്‍ഷവും ഒക്റ്റോബറിലെ ശരാശരി സ്വര്‍ണ ഇറക്കുമതി 66 ടണ്ണായിരുന്നു. ഈ ട്രെന്‍ഡ് മറികടന്നുള്ള ഇറക്കുമതി കുതിപ്പാണ് കഴിഞ്ഞമാസം കണ്ടത്. 2022 ഒക്റ്റോബറിലെ സ്വര്‍ണ ഇറക്കുമതിച്ചെലവ് 370 കോടി ഡോളറായിരുന്നു (ഏകദേശം 31,000 കോടി രൂപ). ഈ വര്‍ഷം ഒക്റ്റോബറില്‍ സ്വര്‍ണം ഇറക്കുമതിക്കായി ഇന്ത്യ ചെലവിട്ടതാകട്ടെ 723 കോടി ഡോളറാണ് (60,000 കോടി രൂപ), അതായത് ഇരട്ടിയോളം തുക.
ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപയോഗ രാജ്യമാണ് ഇന്ത്യ. രാജ്യാന്തര സ്വര്‍ണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. സ്വര്‍ണം വാങ്ങാന്‍ വന്‍തോതില്‍ ഡോളര്‍ ചെലവഴിക്കുന്നത് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികള്‍ കൂടാനിടയാക്കും. സ്വര്‍ണം വാങ്ങാനായി ഡോളറിന്റെ ആവശ്യകത കൂടുന്നത് രൂപയുടെ മൂല്യം കുറയാനും ഇടവരുത്തും. കമ്മികള്‍ കൂടുന്നതും രൂപ ദുര്‍ബലമാകുന്നതും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ആഘാതം സൃഷ്ടിക്കും.
സ്വര്‍ണ വില വീണ്ടും മുന്നോട്ട്
സംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ ഉയര്‍ന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലെ വിലയിലും വര്‍ധനയുണ്ടായത്.
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5,685 രൂപയും പവന് 240 രൂപ വര്‍ധിച്ച് 45,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 4,715 രൂപയാണ് ഇന്നലത്തെ വില.
രാജ്യാന്തര വിപണിയില്‍ താഴ്ചയില്‍ തുടര്‍ന്ന സ്വര്‍ണ വില കുതിപ്പിലേക്ക്. കഴിഞ്ഞദിവസം 1,977.78 ഡോളറിന് ക്ലോസിങ് നടത്തിയ സ്പോട്ട് സ്വര്‍ണം 1,991 ഡോളറിലാണ് ഇന്നലെ വ്യാപാരം നടത്തുന്നത്. ദുര്‍ബലമായ ഡോളറും ട്രഷറി വരുമാനവും ആഗോള തലത്തില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായിട്ടുണ്ട്.