
# ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള മേഖലയിൽ അനിശ്ചിതത്വം ശക്തമാകുമ്പോഴും ഇന്ത്യൻ സാമ്പത്തിക രംഗം മികച്ച വളർച്ച നേടുന്നു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ അതിരൂക്ഷമായ മാന്ദ്യം നേരിടാൻ വഴികൾ ആലോചിക്കുമ്പോഴും ഇന്ത്യൻ രൂപയും ഓഹരി വിപണിയും
കോർപ്പറേറ്റ് മേഖലയും മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നത്. അതിരൂക്ഷമായ നാണയപ്പെരുപ്പം നേരിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒന്നര വർഷമായി ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ തുടർച്ചയായി പലിശ നിരക്ക് വർധിപ്പിച്ചതാണ് അമെരിക്കയിലും യൂറോപ്പിലും മാന്ദ്യ ഭീഷണി ഉയർത്തുന്നത്. ഇതോടെ ലോകമെമ്പാടുമുള്ള ഹെഡ്ജ് ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും ഇന്ത്യയിലേക്കു വൻ തോതിൽ പണം ഒഴുക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിലും ആഭ്യന്തര വിപണിയിലേക്കുള്ള വൻ പണമൊഴുക്ക് നിക്ഷേപകർക്ക് ഇന്ത്യൻ സാമ്പത്തിക രംഗത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്. നാണയപ്പെരുപ്പം നേരിടാൻ അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തുടർച്ചയായി പലിശ ഉയർത്തിയതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ അസാധാരണമായി കരുത്താർജിക്കുകയാണ്. എന്നിട്ടും ഇന്ത്യൻ രൂപയും ഓഹരി വിപണിയും ശക്തമായാണു പിടിച്ചു നിൽക്കുന്നത്.
രൂപയുടെ മൂല്യയിടിവും രാജ്യാന്തര വിപണിയിലെ എണ്ണ വിലയിലെ കുതിച്ചു ചാട്ടവും മറികടന്ന് ഇന്ത്യയിലെ നാണയപ്പെരുപ്പം ഒരു പരിധി വരെ നിയന്ത്രിക്കാൻ റിസർവ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും കഴിഞ്ഞതാണു നിക്ഷേപകരിൽ വിശ്വാസം ഉയർത്തുന്നത്.
ഇന്ധന വിപണിയിലെ സമ്മർദം കുറയ്ക്കാനായി പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ രണ്ടു തവണയായി ഗണ്യമായി കുറച്ചതും പല സംസ്ഥാനങ്ങളും ഈ ഉത്പനങ്ങളുടെ മൂല്യവർധിത നികുതിയിൽ കുറവ് വരുത്തിയതും വിലക്കയറ്റത്തെ നേരിടാൻ സഹായിച്ചുവെന്ന് ധനകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതോടൊപ്പം പെട്രോൾ, ഡീസൽ എന്നിവയുടെ വില നിയന്ത്രണാവകാശം എണ്ണ കമ്പനികൾക്കു നൽകിയത് മരവിപ്പിച്ചതും വിലക്കയറ്റം രൂക്ഷമാകാതെ കാത്തു. കഴിഞ്ഞ മൂന്നു മാസമായി നിക്ഷേപകരുടെ വിശ്വാസം വർധിച്ചതോടെ സ്ഥിരതയോടെ നീങ്ങാൻ ഇന്ത്യൻ ഓഹരി വിപണിക്കു കഴിഞ്ഞു.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിലേക്കു ശക്തമായി തിരിച്ചെത്തുന്നതിന്റെ സൂചനയും വിപണിയിൽ ദൃശ്യമാണ്. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം 81 കടന്നുവെങ്കിലും റിസർവ് ബാങ്കിന്റെ പിന്തുണയിൽ ശക്തമായി പിടിച്ചു നിൽക്കുകയാണ്. ലോകത്തിലെ മറ്റ് നാണയങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രൂപ വലിയ തകർച്ച നേരിട്ടില്ലെന്നു വിദേശ നാണയ വ്യാപാരികൾ പറയുന്നു.