
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ വിപണി ഇടപെടലും ലഭ്യതയിലുണ്ടായ വർധനയും രാജ്യത്തെ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നു.
ഒക്റ്റോബറിലെ മൊത്ത വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം നാലു ശതമാനത്തിലേക്ക് താഴുമെന്ന് റോയിട്ടേഴ്സിന്റെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായി കുറഞ്ഞതും നാണയപ്പെരുപ്പ ഭീഷണി കുറയ്ക്കുകയാണ്.
ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ഇന്ത്യ നാണയപ്പെരുപ്പ യുദ്ധത്തില്‍ മികച്ച വിജയം നേടുന്നത്. വിപണിയില്‍ പണ ലഭ്യത ഉയര്‍ന്നു നില്‍ക്കുമ്പോഴും കടുത്ത നടപടികളിലേക്ക് കടക്കാതെ ഉത്പന്ന ലഭ്യത വർധിപ്പിച്ച തന്ത്രങ്ങളാണ് വിജയം നേടിയത്. കാലാവസ്ഥാ വ്യതിയാനവും ഉപയോഗത്തിലെ കുതിപ്പും കാരണം ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ കൂടിയിരുന്നു. ഇതോടൊപ്പം പശ്ചിമേഷ്യയിലെ യുദ്ധം ശക്തമായതോടെ വാണിജ്യ പാചക വാതക വിലയിലുണ്ടായ വർധന നാണയപ്പെരുപ്പം കാര്യമായി ഉയര്‍ത്തിയില്ലെന്നാണ് വിലയിരുത്തുന്നത്.
അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും കഴിഞ്ഞ ഒരു വര്‍ഷമായി സ്വീകരിച്ച നടപടികള്‍ ഗുണകരമായെന്നാണ് ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 90 ഡോളറിന് അടുത്ത് നിലനില്‍ക്കുമ്പോഴും ആഭ്യന്തര ഇന്ധന വില കാര്യമായി വർധിക്കാതിരുന്നതും വിപണിയില്‍ ഉത്പന്നങ്ങളുടെ ലഭ്യത ഉയര്‍ന്നതുമാണ് വില നിയന്ത്രിക്കാന്‍ സഹായിച്ചത്. ഇതോടൊപ്പം ഗോതമ്പ്, അരി, പഞ്ചസാര തുടങ്ങിയവയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും അനുകൂല സാഹചര്യം സൃഷ്ടിച്ചു.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് സെപ്റ്റംബര്‍ മുതല്‍ മൊത്ത വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കുറയാന്‍ സാധ്യതയേറെയാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റ ഭീഷണി ഒഴിവാകുന്നതും വ്യവസായ മേഖലയിലെ അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് പലിശ വർധന നടപടികള്‍ മരവിപ്പിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.