മലപ്പുറത്തെ വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് ഇന്‍റർവെലിന് പുതിയ ആസ്ഥാനമന്ദിരം: ഉദ്‌ഘാടകരായി മാറിയത് 250 ജീവനക്കാർ

300 ചതുരശ്ര അടിയുള്ള നിലവിലെ ഓഫീലില്‍നിന്ന് 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറു നില കെട്ടിടത്തിലേക്കാണ് ഇന്‍റര്‍വെല്‍ മാറുന്നത്
മലപ്പുറത്തെ വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് ഇന്‍റർവെലിന് പുതിയ ആസ്ഥാനമന്ദിരം: ഉദ്‌ഘാടകരായി മാറിയത് 250 ജീവനക്കാർ

മലപ്പുറം: അരീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്റ്റാര്‍ട്ട്അപ്പ് ഇന്‍റര്‍വെലിന് പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്‌ഘാടനം വ്യത്യസ്തമായി. തങ്ങളുടെ തന്നെ സ്ഥാപനത്തിലെ 250 ഓളം വരുന്ന മുഴുവൻ ജീവനക്കാരും ചേർന്നാണ് പത്തനാപുരത്ത സ്ഥാപിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 300 ചതുരശ്ര അടിയുള്ള നിലവിലെ ഓഫീലില്‍നിന്ന് 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറു നില കെട്ടിടത്തിലേക്കാണ് ഇന്‍റര്‍വെല്‍ മാറുന്നത്.

ഇന്‍റർവെൽ തുടങ്ങുന്നത് തന്നെ ചെറിയ ഒരു സംരംഭമായിട്ടാണെന്നും അതിന്‍റെ വളർച്ചയിൽ ഓരോ ജീവനക്കാരന്‍റെ സംഭാവനയും കഠിനധ്വാനവും സ്മരിക്കുക എന്നതാണ് അവരെക്കൂടി ചേർത്ത് പിടിച്ചു കൊണ്ട് പുതിയ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തിലൂടെ ശ്രമിച്ചതെന്ന് ഇന്റര്‍വെല്‍ സ്ഥാപകനും സി ഇ ഒയുമായ ഒ.കെ സനാഫിര്‍ പറഞ്ഞു.

ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ മുന്നോടിയായാണ് ഇന്‍റെര്‍വെല്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഫിന്‍ലന്‍ഡ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

2021 ല്‍ ഒ.കെ സനാഫിറിനൊപ്പം റമീസ് അലി, ഷിബിലി അമീന്‍, അസ്‌ലഹ് തടത്തിൽ തടത്തില്‍, നാജിം ഇല്ല്യാസ് എന്നിവര്‍ ചേര്‍ന്നാണ് ഇന്‍റെര്‍വെല്‍ എന്ന ആശയം നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യം വെച്ചാണ് ഇന്‍റെര്‍വെലിന്‍റെ ആരംഭം. വണ്‍-ടു-വണ്‍ ലൈവ് ട്യൂട്ടറിംഗ് മോഡലാണ് ഇന്‍റെര്‍വെലിനെ പരമ്പരാഗത എഡ്ടെക് പ്ലാറ്റ് ഫോമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.ഓരോ പഠിതാവിനും വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കിക്കൊണ്ട് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ക്ലാസുകള്‍ നല്‍കുന്നു. വ്യക്തിഗത പഠനത്തോടുള്ള ഈ പ്രതിബദ്ധതയാണ് ഇന്‍റെര്‍വെലിനെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വിദ്യാഭ്യാസ വ്യവസായത്തിലെ ഒരു മികച്ച മാതൃകയാകാൻ സഹായിച്ചിട്ടുള്ളത്.

അടുത്തിടെ വടക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ നഗരവും ഫിന്‍ലന്‍ഡിലെ രണ്ടാമത്തെ വലിയ നഗരവുമായ ടാംപെറില്‍ നടന്ന ആഗോള എക്സ്പീരിയന്‍സ് ടാംപെരെയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഇന്ത്യയില്‍നിന്നുള്ള ഏക സ്റ്റാര്‍ട്ടപ്പ് ആയിരുന്നു ഇന്റ ര്‍വെല്‍.

ഫിന്‍ലന്‍ഡിലെ സാമ്പത്തികകാര്യ മന്ത്രാലയം ആരംഭിച്ച 'ടാലന്‍റ് ബൂസ്റ്റ്' പദ്ധതിയില്‍ സിറ്റി ഓഫ് ടാംപെരെ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്‍റെര്‍വെല്‍ പങ്കെടുത്തു ആശയങ്ങള്‍ അവതരിപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫിന്‍ലന്‍ഡ് സര്‍ക്കാരിന്‍റെ ക്ഷണം.

നിലവിൽ 4,000-ലധികം വരുന്ന ഓൺലൈൻ അധ്യാപകരും ഇന്‍റര്‍വെലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്‍റർവെലിൽ ജോലി നോക്കുന്നുണ്ട്. ഇതില്‍ 97 ശതമാനവും സ്ത്രീകളാണ്. നിലവില്‍ 30 രാജ്യങ്ങളിലായി 25,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റര്‍വെല്‍ സേവനം നല്‍കി വരുന്നു.

ചിത്രങ്ങൾ: വിദ്യാഭ്യാസ സ്റ്റാര്‍ട്ട്അപ്പ് ഇന്റര്‍വെലിന് പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനം ജീവനക്കാർ നിർവഹിക്കുന്നു

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com