വിപണിയിൽ 'രക്തച്ചൊരിച്ചിൽ'

എണ്ണ വിലയിലെ വർധന ലോകമെമ്പാടും വീണ്ടും നാണയപ്പെരുപ്പ ഭീഷണി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
Stock market review
വിപണിയിൽ 'രക്തച്ചൊരിച്ചിൽ'
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയില്‍ ആഗോള വ്യാപകമായി ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യയിലെ മുഖ്യ സൂചികകളായ സെന്‍സെക്സ് 1,769.19 പോയിന്‍റ് ഇടിഞ്ഞ് 82,497.10ലും നിഫ്റ്റി 546.80 പോയിന്‍റ് തകര്‍ച്ചയോടെ 25,250.10ലും അവസാനിച്ചു.

ഇസ്രയേലിനെ ഇറാന്‍ ആക്രമിച്ചതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പിന്മാറി. ഇതോടൊപ്പം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിപ്പും വിപണിയെ ആശങ്കയിലാക്കി. എണ്ണ വിലയിലെ വർധന ലോകമെമ്പാടും വീണ്ടും നാണയപ്പെരുപ്പ ഭീഷണി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഇതിനിടെ ചൈനയിലെ പുതിയ സാമ്പത്തിക ഉത്തേജക പാക്കെജിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ആഗോള ഫണ്ടുകള്‍ പണം അവിടേക്ക് അതിവേഗം മാറ്റുകയാണ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും വിപണി മൂല്യത്തില്‍ ഇന്നലെ പത്ത് ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ബിപിസിഎല്‍, ശ്രീറാം ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്‍റ്സ്, മാരുതി സുസുക്കി, ഐഷര്‍ മോട്ടോര്‍സ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.

കുതിച്ചുകയറി ക്രൂഡ് ഓയില്‍ വില

ഇറാനും ഇസ്രയേലുമായി യുദ്ധ സാധ്യതകള്‍ ഏറിയതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 75 ഡോളറിന് മുകളിലെത്തി. ഇറാനിലെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങിയാല്‍ എണ്ണ വില ഇനിയും കുതിച്ചുയരുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു. പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ ഇറാനിലെ സംഘര്‍ഷം ആഗോള മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും.

രൂപയ്ക്കും സമ്മർദം

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയ്ക്ക് അടുത്തെത്തി. ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും രൂപയ്ക്ക് തിരിച്ചടി സൃഷ്ടിച്ചു. ഇന്നലെ 14 പൈസയുടെ നഷ്ടത്തോടെ രൂപയുടെ മൂല്യം 83.96ലെത്തി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 83.98ലേക്ക് ചെറിയ ദൂരം മാത്രമാണുള്ളത്.

Trending

No stories found.

Latest News

No stories found.