
#അഡ്വ. പി.എസ്. ശ്രീകുമാര്‍
യുക്രെയ്നെതിരെയുള്ള റഷ്യയുടെ യുദ്ധം ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. നാസിസത്തില്‍ നിന്നും സൈനിക നടപടികളില്‍ നിന്നും യുക്രെയ്നെ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് "നിയന്ത്രിത യുദ്ധം' ആരംഭിച്ചത് എന്നായിരുന്നു 2022 ഫെബ്രുവരി 24ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ പ്രഖ്യാപിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുക്രെയ്നെ അടിയറവു പറയിക്കാം എന്നായിരുന്നു യുദ്ധം തുടങ്ങിയപ്പോളുള്ള റഷ്യയുടെ കണക്കുകൂട്ടല്‍.
കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നു
ആദ്യ ഘട്ടത്തില്‍ യുക്രെയ്നെ വളഞ്ഞിട്ടു നടത്തിയ അതിശക്തമായ ആക്രമണങ്ങളിലൂടെ ലുഹാന്‍സ്ക്, ഖേര്‍സോണ്‍, സപ്പൊറേഷ്യ, ഡോണെസ്ക് തുടങ്ങിയ യുക്രെയ്നിന്റെ പ്രദേശങ്ങളില്‍ പലതും റഷ്യ പിടിച്ചെടുത്തു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവയ്ക്കു പുറമേ സിവിലിയന്‍ താമസകേന്ദ്രങ്ങളും നിശിതമായ റഷ്യന്‍ ആക്രമണത്തിന് വിധേയമായി. ഈ വർഷം ഫെബ്രുവരി മൂന്നാം വാരം വരെ ഏകദേശം 8,000ൽപ്പരം യുക്രെയ്ന് പൗരന്മാരും, 1,00,000 യുക്രെയ്ന് പട്ടാളക്കാരും, 1,80,000ൽപ്പരം റഷ്യന്‍ പട്ടാളക്കാരും യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. എന്നാല്‍ യഥാർഥ കണക്കുകള്‍ എത്രയോ ഇരട്ടിയാണ്. അമെരിക്ക പുറത്തുവിട്ടിട്ടുള്ള ഉപഗ്രഹ ഡാറ്റ പ്രകാരം 22,000 പേരാണ് മരിയുപോള്‍ തുറമുഖ നഗരത്തില്‍ മാത്രം കൊല്ലപ്പെട്ട യുക്രെയ്ന് പൗരന്മാരും,പട്ടാളക്കാരും. ആയിരക്കണക്കിനാളുകളാണ് മറ്റു നഗരങ്ങളിലും കൊല്ലപ്പെട്ടിട്ടുള്ളത്. ഏകദേശം ഒന്നരക്കോടിയോളം യുക്രെയ്ന് പൗരന്മാരാണ് കയറിക്കിടക്കാനൊരിടമില്ലാതെ അഭയാര്‍ഥികളായി അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.
യുക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങളില്‍ സിംഹഭാഗവും റഷ്യന്‍ സൈന്യം തകര്‍ത്തു. റോഡുകള്‍, പാലങ്ങള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, എയർപോർട്ടുകള്‍, ഫാക്റ്ററികള്‍, 2,000ത്തില്‍പ്പരം സ്കൂളുകള്‍, ലക്ഷത്തിലേറെ സ്വകാര്യ വസതികള്‍, 15,000ത്തിലേറെ അപ്പാര്‍ട്മെന്റുകള്‍ എന്നിവയെല്ലാം റഷ്യന്‍ ആക്രമണത്തില്‍ നാമാവശേഷമായി. യുക്രെയ്ന്റെയും റഷ്യയുടേയും എത്ര സൈനിക വാഹനങ്ങളും ഉപകരണങ്ങളും ആയുധങ്ങളും നഷ്ടപ്പെട്ടു എന്നതു സംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍ റഷ്യയുടെ 4,000ത്തോളം സൈനിക വാഹനങ്ങളും, ദിവസേന 10,000ത്തോളം ആര്‍ട്ടിലറി ഷെല്ലുകളും നശിപ്പിക്കപ്പെടുന്നുണ്ട്. പ്രാഥമിക കണക്കുകള്‍ പ്രകാരം 252 ബില്യന്‍ ഡോളറാണ് യുക്രെയ്ന്റെ ഇതുവരെയുള്ള നഷ്ടം. ചില സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയിട്ടുള്ളത് 750 മുതല്‍ 1,000 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് യുക്രെയ്ന് മൊത്തത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ്. ഇതിനകം പുറത്തുവന്ന രേഖകള്‍ പ്രകാരം, ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെ അമെരിക്കയും സഖ്യരാജ്യങ്ങളും കൂടി 185 ബില്യണ്‍ ഡോളറിന്റെ സഹായമാണ് യുക്രെയ്ന് നല്‍കിയിട്ടുള്ളത്. ഇതില്‍ അമെരിക്ക നല്കിയതും വാഗ്ദാനം ചെയ്തിട്ടുള്ളതും മാത്രം ഏകദേശം 120 ബില്യണ്‍ ഡോളര്‍ വരും.
സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന വിലക്കയറ്റം
റഷ്യ-യുക്രെയ്ന് യുദ്ധം ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധിയാണ് ആഗോളതലത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തെ ഗോതമ്പ് കയറ്റുമതിയുടെ 30 ശതമാനവും, ചോളത്തിന്റെ 18 ശതമാനവും, സൂര്യകാന്തി എണ്ണയുടെ 75 ശതമാനവും റഷ്യയുടെയും യുക്രെയ്ന്റെയും സംഭാവനയാണ്. 2020-21ല്‍ യുക്രെയ്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് 5.1 ബില്യണ്‍ ഡോളറിന്റെ ഭക്ഷ്യസാധനങ്ങളായിരുന്നു. യുദ്ധം തുടങ്ങിയതോടെ കൃഷിസ്ഥലങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടെന്നു മാത്രമല്ല, യുക്രെയ്ന്റെ തുറമുഖങ്ങളെല്ലാം റഷ്യ ഉപരോധിച്ചതോടെ കയറ്റുമതിയെയും ബാധിച്ചു.
ഭക്ഷ്യസാധനങ്ങളുടെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് അവയുടെ വിലയില്‍ വലിയ കുതിപ്പാണ് ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ, 45ഓളം രാജ്യങ്ങളിലെ 50 ദശലക്ഷം ആളുകള്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ ലഭിക്കാതെ ദാരിദ്യം അനുഭവിക്കുകയാണ്. ആഗോളതലത്തില്‍ ഭക്ഷ്യധാന്യ വിലക്കയറ്റത്തിന് യുദ്ധം വഴിവച്ചു. യുദ്ധത്തെ തുടര്‍ന്ന് അമെരിക്കയും സഖ്യകക്ഷികളും റഷ്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം, റഷ്യയില്‍ നിന്നുമുള്ള ഇന്ധന കയറ്റുമതിയെ ബാധിക്കുകയും ആഗോളതലത്തില്‍ ഇന്ധന വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്തു. റഷ്യയില്‍ നിന്നുമുള്ള ഇന്ധന കയറ്റുമതിയും യുക്രെയ്നില്‍ നിന്നുമുള്ള ഭക്ഷ്യധാന്യ കയറ്റുമതിയും തടസപ്പെട്ടതോടെ ഇന്ധന വിലക്കയറ്റവും ഭക്ഷ്യധന്യ വിലക്കയറ്റവും ലോക രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്നതായി മാറിക്കഴിഞ്ഞു. മാത്രമല്ല, അനിയന്ത്രിതമായ വിലക്കയറ്റവും സാമ്പത്തിക തകര്‍ച്ചയും, രാജ്യങ്ങളെയെല്ലാം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുകയാണെന്നാണ് പല പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പുടിന്റെ ആഗ്രഹം
റഷ്യയുടെ അതിര്‍ത്തി പങ്കിടുന്ന അയല്‍രാജ്യങ്ങളെ നാറ്റോയില്‍ അംഗമാക്കരുത് എന്നതാണ് റഷ്യയുടെ പ്രധാന ആവശ്യം. ഇതിനു പുറമെ റഷ്യയെ ലക്ഷ്യം വച്ച് അംഗരാജ്യങ്ങളില്‍ മിസൈലുകള്‍ സ്ഥാപിക്കരുതെന്നും, 90കളിലെ നിലവാരത്തിലേക്ക് സേനാ വിന്യാസം നാറ്റോ കുറയ്ക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളോടു യോജിക്കുന്ന നിലപാടല്ല അമെരിക്കയും നാറ്റോയും ഇത്രയും നാള് കൈക്കൊണ്ടത്. കഴിഞ്ഞ കുറെ നാളുകളായി കിഴക്കന്‍ യൂറോപ്പിലെ അംഗ രാജ്യങ്ങളായ പോളണ്ട്, ചെക് റിപ്പബ്ലിക്ക്, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലൂടെ യുക്രെയ്ന് യുദ്ധോപകരണങ്ങളും പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും നാറ്റോ നല്കുന്നു. റഷ്യയുടെ സുരക്ഷാ താത്പര്യങ്ങള്ക്കെതിരായിട്ടാണ് അമെരിക്കയും നാറ്റോയിലെ അവരുടെ സഖ്യകക്ഷികളും ശ്രമിക്കുന്നതെന്നാണ് റഷ്യ കരുതുന്നത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ നഷ്ടപ്പെട്ട പഴയ പ്രതാപം തിരിച്ചുപിടിക്കണമെന്നത് പുടിന്റെ ദീര്‍ഘകാലമായ ആഗ്രഹമാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമാണെന്ന് 2005ല്‍ തന്നെ പുടിൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യവും അത് തന്നെയാണ്. സോവിയറ്റ് യൂണിയന്റെ കാലത്തെ പ്രതാപത്തോടെ റഷ്യയെ വന്‍ ശക്തിയായി പുനഃസ്ഥാപിക്കാനും അതിന്റെ മേധാവിത്തം ഉറപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. പറ്റുമെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളോടു ചേര്‍ന്നു കിടക്കുന്ന പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെ വീണ്ടും റഷ്യയുടെ കുടയ്ക്കു കീഴില്‍ അണിനിരത്താന്‍ സാധിക്കുമോ എന്ന ഒരു പരീക്ഷണം കൂടിയാണ് യുക്രെയ്ന് അതിക്രമത്തിലൂടെ പുടിൻ ലക്ഷ്യമിട്ടത്.
യുദ്ധം തുടങ്ങിയ ശേഷം യുക്രെയ്ന്റെ 15 ശതമാനത്തോളം ഭൂപ്രദേശം റഷ്യ കൈവശപ്പെടുത്തി. 2014ല്‍ യുക്രെയ്നില്‍ നിന്ന് പിടിച്ചെടുത്ത ക്രൈമിയയിലേക്ക് കര വഴി ഒരു ഇടനാഴി സ്ഥാപിക്കാന്‍ പുതിയതായി പിടിച്ചെടുത്ത പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തതിലൂടെ റഷ്യക്ക് സാധിച്ചു. ഇതോടെ യുക്രെയ്ന്റെ 20 ശതമാനം പ്രദേശങ്ങള്‍ റഷ്യയുടെ കൈവശമായിരിക്കുകയാണ്. ഈ നടപടിയോട് യുക്രെയ്നും, അമെരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളും യോജിച്ചാല്‍, യുദ്ധത്തിന് താത്കാലിക വിരാമം ഉണ്ടാകാന്‍ സാധ്യത തെളിയും. പക്ഷെ യുക്രെയ്നും നാറ്റോ രാജ്യങ്ങളും ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയാണെന്നു മാത്രമല്ല, ക്രൈമിയ ഉള്‍പ്പെടെ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുമെന്നാണ് യുക്രെയ്ന് പ്രസിഡന്റ് വ്ലാഡിമോര് സെലന്‍സ്കി പ്രഖ്യാപിച്ചിട്ടുള്ളത്.
ബൈഡന്റെ സന്ദര്‍ശനം
യുക്രെയ്ന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അമെരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തലസ്ഥാനമായ കീവ് സന്ദര്‍ശിച്ചതും 50 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചതും. ഈ നടപടി റഷ്യയെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇതിനുള്ള തിരിച്ചടിയായാണ് അമെരിക്കയുമായുള്ള ആണവ കരാറില്‍ നിന്നും പിന്മാറിയതായുള്ള റഷ്യയുടെ പ്രഖ്യാപനം.
യുദ്ധം നടക്കുന്നത് റഷ്യയും യുക്രെയ്നും തമ്മിലാണെങ്കിലും, യഥാർഥ യുദ്ധം നടക്കുന്നത് റഷ്യയും അമെരിക്കയുമായാണ്. റഷ്യക്ക് സഹായമായി ചൈനയും, അമെരിക്കയോടൊപ്പം സഖ്യ കക്ഷികളുമുണ്ട്. രണ്ടു കൂട്ടരും വിട്ടുകൊടുക്കാന്‍ തയാറല്ല. യുദ്ധം നീട്ടിക്കൊണ്ടുപോയി റഷ്യയെ സാമ്പത്തികമായും സൈനികമായും തകര്‍ക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. നിസഹായരും നിരായുധരുമായ പാവപ്പെട്ട യുക്രെയ്ന് ജനതയാണ് യുദ്ധത്തിന്റെ തീവ്രതയും വേദനയും അനുഭവിക്കുന്നത്. അവരുടെ രോദനം ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നത് എന്നതാണ് സങ്കടകരം. ഐക്യരാഷ്ട്ര സഭ പോലും കാഴ്ചക്കാരെപ്പോലെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍, നാശം വിതച്ചുകൊണ്ട് മുന്നേറുന്ന റഷ്യ- യുക്രെയ്ന് യുദ്ധം ഉടനെയൊന്നും തീരാന്‍ സാധ്യതയില്ല.
(ലേഖകന്റെ ഫോൺ - 9847173177)