
#കെ. സുധാകരന് എംപി, കെപിസിസി പ്രസിഡന്റ്
സിപിഎം കേരള ഘടകം ജീര്‍ണതയുടെ പടുകുഴിയില്‍ വീണുകിടക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ കേന്ദ്രനേതാക്കള്‍ എന്തുകൊണ്ടാണു നിശബ്ദരായിരിക്കുന്നത്. പി. കൃഷ്ണപിള്ളയും എകെജിയും ഇഎംഎസും നയിച്ച പാരമ്പര്യമുള്ള പാര്‍ട്ടി പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും കീഴിൽ അധോലോക സംഘമായി മാറിയിരിക്കുന്നു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സിപിഎമ്മിന്റെ പങ്ക് വ്യക്തമായ അതീവഗുരുതരമായ സാഹചര്യമുള്ളപ്പോള്‍ കേരള ഘടകത്തിന് നേര്‍വഴി കാട്ടാന്‍ ദേശീയ നേതൃത്വം ഇടപടുമോ?
സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ താഴെപ്പറയുന്ന സമകാലിക സംഭവങ്ങളില്‍ സിപിഎമ്മിനു നിര്‍ണായക പങ്കുള്ളതിനാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം അറിയാൻ കേരളത്തിനു താത്പര്യമുണ്ട്.
1) ലൈഫ് മിഷന് കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ആരോപണം ഉന്നയിക്കുന്ന വ്യക്തിയും അന്വേഷണ ഏജന്‍സികളും പുറത്തുവിട്ടു. എത്രനാള്‍ സ്വന്തം തെറ്റുകളെ മുഖ്യമന്ത്രിക്കു ന്യായീകരിക്കാനാകും? ലൈഫ്മിഷനില്‍ വീടുനിര്‍മിക്കാന്‍ സംഭാവന ലഭിച്ച 20 കോടി രൂപയില്‍ 9.25 കോടിയും കോഴപ്പണമാക്കിയെന്നത് ഗുരുതര ആരോപണമാണ്. അതില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒളിക്കാനും മറയ്ക്കാനും ഉള്ളതുകൊണ്ടല്ലേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകി സിബിഐ ആരംഭിച്ച അന്വേഷണത്തെ അട്ടിമറിച്ചതും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റില്‍നിന്ന് സുപ്രധാന ഫയലുകള്‍ കടത്തിയതും? അന്താരാഷ്ട്രതലത്തില്‍ കറന്‍സി കടത്തിയ സംഭവുമായി ബന്ധപ്പെട്ട് കിടക്കുന്ന കേസുകൂടിയാണിത്. സത്യാവസ്ഥ കണ്ടെത്താൻ നിഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കാന്‍ സംസ്ഥാന ഘടത്തിന് നിര്‍ദേശം നല്‍കുമോ ?
2) ലൈഫ് മിഷൻ കോഴക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിക്കാന്‍ താങ്കള്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുമോ ? തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കേണ്ടത് മുന്‍കാല തെറ്റുകള്‍ തിരുത്തിക്കൊണ്ടായിരിക്കേണ്ടേ? കുറഞ്ഞകാലത്തെ സംഘടനാപ്രവര്‍ത്തനത്തിലൂടെ വന്‍സമ്പത്ത് വാരിക്കൂട്ടിയവരെക്കുറിച്ചുള്ള തെറ്റുതിരുത്തല്‍ രേഖയിലെ പരാമര്‍ശം ഇപ്പോഴത്തെ സംഭവങ്ങളുടെ വെളിച്ചത്തിലാണോ?
3) സ്വര്‍ണക്കടത്തിലും ലൈഫ് മിഷന് അഴിമതിയിലും മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലടയ്ക്കപ്പെട്ട സാഹചര്യത്തില്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകുമോ? സ്വര്‍ണക്കടത്ത് ഇടപാടിലെ മറ്റൊരു പ്രതി സ്വപ്ന സുരേഷിന്, മുഖ്യന്ത്രി നിര്‍ദേശിച്ച പ്രകാരമാണ് സര്‍ക്കാര്‍ ജോലി നൽകിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണു പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് ചെമ്പിലും ബാഗിലുമൊക്കെ പണം എത്തിച്ചതായും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളുമൊക്കെ ഇടപാടിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കേന്ദ്രനേതൃത്വത്തിനു താത്പര്യമില്ലേ ?
4) മട്ടന്നൂരില്‍ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ സിപിഎം നിർദേശപ്രകാരം താനാണു കൊലപ്പെടുത്തിയതെന്ന ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ തുറന്നുപറച്ചില്‍ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ. നൂറിലേറെ ചെറുപ്പക്കാരെ സിപിഎം കൊന്നു തള്ളിയിട്ടുണ്ട് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിൽ. അനേകരെ കൊന്നു തള്ളിയിട്ടും രക്തദാഹം തീരാത്ത മനുഷ്യത്വം മരവിച്ച പ്രസ്ഥാനമായി മാറിയ സിപിഎം ബോംബുകളും വടിവാളുകളും നിർമിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന ഭീകരപ്രസ്ഥാനമായി മാറി. എന്നിട്ടും ദേശീയ നേതൃത്വം എന്തുകൊണ്ടാണ് കണ്ണടയ്ക്കുന്നത്?
5) തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ കേരള നേതാക്കളുടെ ആര്‍ഭാട ജീവിതം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ? കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ഉടമസ്ഥയില്‍ കണ്ണൂരിലുള്ള വന്‍കിട ആയൂര്‍വേദ റിസോര്‍ട്ടിന്റെ ധനസമാഹരണവും ഇതിലെ ക്രമക്കേടും സംബന്ധിച്ച് മുന്‍ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി. ജയരാജന് ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഭയപ്പെടുന്നത് എന്തിനാണ് ? പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് ഗീര്‍വാണം വിട്ട പാര്‍ട്ടി സെക്രട്ടറി നാളിതുവരെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തയാറായില്ലെന്ന് മാത്രമല്ല, ഈ വിഷയത്തില്‍ അന്വേഷണമേ വേണ്ടെന്നാണു തീരുമാനിച്ചത്. അന്വേഷണത്തിന് എന്തിനാണു ഭയം?
6) കേരളത്തില്‍ പ്രാണവായു ഒഴികെ എല്ലാത്തിനും നികുതി കൂട്ടിയത് താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. കേന്ദ്രസര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനയ്ക്കെതിരേ സമരം ചെയ്യുകയും ഭരണത്തില്‍ ഇരിക്കുന്ന സംസ്ഥാനത്തില്‍ മോദിയുടെ അതേ നടപടി ആവര്‍ത്തിക്കുകയുമല്ലേ സിപിഎം ചെയ്യുന്നത്. ഇന്ധനസെസിനെതിരേ സമരം നടത്തിയ കേന്ദ്രനേതൃത്വം എന്തുകൊണ്ട് പിണറായി സര്‍ക്കാരിന്റെ ഇത്തരം തെറ്റായ നടപടി തിരുത്താന്‍ തയാറാകുന്നില്ല?
7) പിണറായി സര്‍ക്കാരിന്റെ കാലത്ത് പീഡനങ്ങൾക്കിരയാകുന്നവരിലേറെയും പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകളാണ്. ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എയ്ക്കെതിരേ പാര്‍ട്ടിയിലെ യുവ വനിതാ സഖാവ് നല്കിയ പീഡന പരാതിയില്‍ വാദിയെ പ്രതിയാക്കാന്‍ നോക്കിയതും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഗത്യന്തരമില്ലാതെ ആരോപണവിധേയനെതിരേ നടപടിയെടുത്തതും ഈ പാര്‍ട്ടിയല്ലേ? ഇതു സംബന്ധിച്ച് അന്വേഷണം വല്ലതും നടന്നിട്ടുണ്ടോ. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മുന്‍മന്ത്രിമാരായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് എന്നിവര്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു അപകീര്‍ത്തി കേസ് കൊടുക്കാന്‍ പോലും ശേഷിയില്ലാതെ പോയില്ലെ നിങ്ങളുടെ പാര്‍ട്ടിക്ക്? കണ്ണൂരില്‍ ഒരു യുവപാര്‍ട്ടി പ്രവര്‍ത്തക തന്റെ ഭര്‍ത്താവും സിപിഎം സംരക്ഷണത്തിലുള്ള ഗുണ്ടയുമായ വ്യക്തിക്കെതിരേ പൊട്ടിക്കരഞ്ഞ് പരസ്യമായി രംഗത്തുവന്നിട്ടും എന്തു നടപടി സ്വീകരിച്ചു? ആലപ്പുഴയില്‍ ഒരു വീട്ടമ്മ അശ്ലീല വിഡിയോ സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ക്കെതിരേ പരാതി നല്‍കിയെങ്കിലും എന്തു നടപടിയാണെടുത്തത്?
8) ലഹരിയുടെ പ്രചാരകരും വില്‍പ്പന്നക്കാരുമായി മാറിയ ഡിവൈഎഫ്ഐക്കാര്‍ സമീപകാലത്ത് നിരവധി ലഹരിക്കേസുകളില്‍ പ്രതിസ്ഥാനത്താണ്. ലഹരിക്കെതിരായ ബോധവത്കരണം സിപിഎമ്മില്‍നിന്ന് തുടങ്ങേണ്ട അവസ്ഥയാണ്. യുവനേതൃനിരക്ക് നേര്‍വഴികാട്ടി സംസ്ഥാനത്തെ മദ്യലഹരി മാഫിയില്‍നിന്നു രക്ഷിക്കാന്‍ ഒരു തിരുത്തല്‍ ശക്തിയായി കേന്ദ്രനേതൃത്വം മാറുമോ?
9) സംസ്ഥാനത്തെ സര്‍ക്കാര്‍ നിയമനങ്ങളെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ അപഹരിക്കുകയും അര്‍ഹതയുള്ളവര്‍ തിരസ്കരിക്കപ്പെടുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമുണ്ട്. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥയും കേരളത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരം കാണാനുള്ള ബാധ്യതയില്ലേ?
10) ഏറ്റവുമൊടുവില്‍ നടന്ന വകുപ്പ് അധ്യക്ഷന്മാരുടെ യോഗത്തില്‍, സ്വതന്ത്രവും നിഷ്പക്ഷവുമായ ഭരണനിര്‍വഹണം പാര്‍ട്ടി ഇടപെടല്‍ മൂലം സാധിക്കാത്ത സാഹചര്യമാണെന്നു ഗവ. സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി പറഞ്ഞിരിക്കുകയാണ്. നിരവധി ഉന്നതോദ്യോഗസ്ഥര്‍ കേരളത്തില്‍നിന്ന് ഡെപ്യുട്ടേഷന് വാങ്ങി പലായനം ചെയ്യുന്നതുമൂലം ഉണ്ടായിട്ടുള്ള ഭരണസ്തംഭനം ഒഴിവാക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടുമോ?